വിറ്റാമിൻ ‍ഡിയുടെ അഭാവമോ?; എപ്പോൾ എത്ര നേരം സൂര്യപ്രകാശമേൽക്കണം, പരിഹാരങ്ങൾ നിർദേശിച്ച് ഡോക്ടർ

Representative Image| Photo: Canva.com
Representative Image| Photo: Canva.com

വിറ്റാമിന്‍ ഡി കുറയുന്നത് നിരവധിയാളുകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. ഇത് അസ്ഥികളുടെ ആരോഗ്യത്തേയും രോഗപ്രതിരോധശേഷിയേയും മാനസികാരോഗ്യത്തേയുമെല്ലാം ബാധിക്കുന്ന കാര്യമാണ്. കാത്സ്യത്തെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാനും ഹൃദയാരോഗ്യത്തിനുമെല്ലാം വിറ്റാമിന്‍ ഡി ആവശ്യമാണ്. പേശി വേദന, അല്ലെങ്കില്‍ ബലഹീനത ഒപ്പം മലബന്ധം, എന്നിവ വിറ്റാമിന്‍ ഡിയുടെ കുറവിന്റെ ലക്ഷണങ്ങളുമാണ്. ഇപ്പോഴിതാ, വിറ്റാമിൻ ഡി-യെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പ്രശസ്ത ​ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. പാൽ മാണിക്കം.

ആരോ​ഗ്യമുള്ള മുതിർന്നവരിൽ 600 ഇന്റർനാഷണൽ യൂണിറ്റ് (IU) വിറ്റാമിൻ ഡി മതിയാകുമെന്നാണ് ഡോക്ടർ പറയുന്നത്. ഈ അളവ് എല്ലുകളുടെ ബലത്തെയും കാൽസ്യം ആഗിരണം ചെയ്യുന്നതിനെയും സഹായിക്കുന്നു. അതിനാൽ, ആവശ്യത്തിന് സൂര്യപ്രകാശമേൽക്കുന്നതും ഭക്ഷണത്തിൽ നിന്നുള്ള ലഭ്യതയും ഇതിന് മതിയാകുമെന്ന് അദ്ദേഹം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി. 

വിറ്റാമിൻ ഡി സ്വാഭാവികമായി ഉത്പാദിപ്പിക്കാനുള്ള ഏറ്റവും നല്ല മാർ​ഗം സൂര്യപ്രകാശമേൽക്കുക എന്നതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മുഖത്തും കൈകളിലും കൈപ്പത്തികളിലും സൺസ്‌ക്രീൻ ഉപയോഗിക്കാതെ 15 മുതൽ 30 മിനിറ്റ് വരെ സൂര്യപ്രകാശം ഏൽക്കുന്നത് നല്ലതാണ്. രാവിലെ പത്തിനും ഉച്ചയ്ക്ക് രണ്ടിനും ഇടയിലാണ സൂര്യപ്രകാശം ഏൽക്കേണ്ടത്. വിറ്റാമിൻ ഡി ഉത്പാദനത്തിന് ആവശ്യമായ യുവിബി റേഡിയേഷൻ ഈ സമയത്ത് കൂടുതൽ തീവ്രമായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. 

വിറ്റാമിൻ ഡി-യുടെ ആവശ്യത്തിനുള്ള ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഡോക്ടർ വീഡിയോയിൽ പറയുന്നുണ്ട്. സാൽമൺ, മത്തി, അയല, റെഡ് മീറ്റ്, ലിവർ, മുട്ടയുടെ മഞ്ഞ എന്നിവയിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. സസ്യാഹാരികൾക്ക് വിറ്റാമിൻ ഡി ലഭിക്കാനുള്ള മാർ​ഗങ്ങൾ കുറവാണെന്നും അദ്ദേഹം പറയുന്നു. ആവശ്യത്തിന് സൂര്യപ്രകാശം ഏൽക്കാത്തവർക്കോ ഭക്ഷണത്തിലൂടെ വിറ്റാമിൻ ഡി ലഭിക്കാത്തവർക്കോ ആണ് സപ്ലിമെന്റുകളുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Content Highlights: Learn about Vitamin D deficiency, how much sunlight you need, dietary sources