അറിഞ്ഞിരിക്കാം ഓട്ടിസത്തെക്കുറിച്ച്; ഇന്ന് ലോക ഓട്ടിസം അവബോധ ദിനം

കുട്ടികളുടെ വളർച്ചയുമായി ബന്ധപ്പെട്ട് നമ്മൾ കേട്ടുവരുന്ന വാക്കാണ് ഓട്ടിസം, അഥവാ ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ (ASD). സാമൂഹികമായ മുന്നേറ്റക്കുറവ്, പ്രവർത്തന രീതികളിൽ ഉണ്ടാകുന്ന ആവർത്തനം, ആശയവിനിമയത്തിലും സംസാരത്തിലും കണ്ടുവരുന്ന വ്യക്തതക്കുറവ് അല്ലെങ്കിൽ സംസാരിക്കാനുള്ള താമസം എന്നിവയുമായുള്ള ബന്ധപ്പെട്ട വിവിധ അവസ്ഥകളെ ബന്ധപ്പെടുത്തിയാണ് ഓട്ടിസം എന്ന വാക്ക് നമുക്ക് പരിചിതമാകുന്നത്. ഇത്തരം രോഗലക്ഷണങ്ങളുള്ളവരെ സമൂഹത്തിന്റെ ഉന്നതിയിൽ എത്തിക്കാൻ പ്രയത്‌നിക്കേണ്ടത് നാം ഓരോരുത്തരുടെയും ബാധ്യതയാണ്. ആയതിനാൽ എല്ലാ വർഷവും ലോക വ്യാപകമായി ഏപ്രിൽ 2 ഓട്ടിസം അവബോധ ദിനമായി ആചരിച്ചുവരുന്നു.
ജനിതക സാഹചര്യങ്ങൾ മൂലം തലച്ചോറിലുണ്ടാകുന്ന ന്യൂറോ ഡെവലപ്‌മെന്റൽ ഡിസോഡർ ആണ് ഓട്ടിസം. തലച്ചോറിലെ മിറർ ന്യൂറോൺസ് (mirror neurons) എന്ന കോശങ്ങളുടെ പ്രവർത്തന തകരാർ മൂലമാണ് പലപ്പോഴും ഇത് ഉണ്ടാകുന്നത്.
ഓട്ടിസം എങ്ങനെ നേരത്തെ മനസ്സിലാക്കാം?
പ്രധാനമായും മൂന്നു കാര്യങ്ങളിലൂടെ കുട്ടികളിലെ ഓട്ടിസത്തെ തിരിച്ചറിയാം. ഒന്നാമതായി ആശയ വിനിമയത്തിൽ ഉണ്ടാകുന്ന താമസം (language delay). അതായത് കുട്ടി വാക്കുകൾ ഉപയോഗിക്കുന്നതിനും സംസാരിക്കുന്നതിലും കാലതാമസം നേരിടുക. കുട്ടിയുടെ പേര് വിളിച്ചാലും ശ്രദ്ധിക്കാതിരിക്കുക, മുഖഭാവങ്ങളിൽ യാതൊരുവിധ മാറ്റവും ഉണ്ടാകാതിരിക്കുക എന്നിവയാണ്. രണ്ടാമതായി സാമൂഹിക വളർച്ചാ ഘട്ടങ്ങളിൽ ഉണ്ടാകുന്ന താമസം (delay in oscial milestones) അതായത് മറ്റുള്ള കുട്ടികളുമായോ മുതിർന്നവരുമായോ ഇടപഴകുന്നതിന് വിമുഖത കാണിക്കുകയും എപ്പോഴും ഒറ്റയ്ക്ക് സമയം ചെലവഴിക്കുന്നതിനും കളിക്കുന്നതിനും താത്പര്യം കാണിക്കുകയും ചെയ്യുക. ദിനചര്യയിലെ ചെറിയ മാറ്റങ്ങളിൽ പോലും വളരെ അസ്വസ്ഥരാക്കുക, വെളിച്ചം, ശബ്ദം, വസ്ത്രം, കാലാവസ്ഥ എന്നിവയോട് കൂടുതൽ സെൻസിറ്റീവ് ആയിരിക്കുക എന്നിവയാണവ.
അടുത്തതായി ഭൂരിഭാഗം കുട്ടികളിലും കണ്ടുവരുന്ന ലക്ഷണമാണ് അവർ ചെയ്യുന്ന പ്രവർത്തികൾ ആവർത്തിച്ച് ചെയ്തുകൊണ്ടിരിക്കുക എന്നുള്ളത് (repetitive behaviours). ഉദാഹരണത്തിന് കളിപ്പാട്ടങ്ങൾ ഒരേ രീതിയിൽ അടക്കിവെക്കുന്നത്, വസ്തുക്കൾ നിരനിരയായി അടുക്കിവെക്കുക, ഒരേ കളിപ്പാട്ടംകൊണ്ട് മാത്രം കളിക്കുക തുടങ്ങിയ പ്രവർത്തികൾ ആവർത്തിച്ച് ചെയ്തുകൊണ്ടിരിക്കുക, മുതലായ ശീലങ്ങൾ ഇത്തരം കുട്ടികളിൽ കണ്ട് വരുന്നു.
ഓട്ടിസം തിരിച്ചറിയുന്നതിനായി ഒരു പ്രത്യേക പരിശോധന മാർഗം ഇല്ലാത്തതിനാൽ ഇത്തരം പ്രവർത്തികളുടെ വിലയിരുത്തലിലൂടെ ഒരു നിഗമനത്തിലേക്ക് എത്തിച്ചേരുകയാണ് ചെയ്യുന്നത്. ഓട്ടിസം ബാധിച്ച രണ്ടുപേർ ഒരിക്കലും ഒരുപോലെയല്ല. ഈ സ്‌പെക്ട്രത്തിൽ സാധാരണയായി കണ്ടുവരുന്ന പ്രത്യേകതകൾ ഇവയാണ്:
1. സാമൂഹിക-ഭാഷാപരമായ കുറവുകൾ, കണ്ണ് വെട്ടിക്കാതെ സംസാരിക്കാനുള്ള ബുദ്ധിമുട്ട്, തമാശകളോ ശരീരഭാഷയോ മനസ്സിലാക്കാനുള്ള പ്രയാസം, സാമൂഹികമായ 'അലിഖിത നിയമങ്ങൾ' പാലിക്കാനുള്ള ബുദ്ധിമുട്ട്.
2. ആവർത്തന സ്വഭാവങ്ങൾ (Repetitive Behaviours)-കൈകൾ വീശുകയോ ശരീരം ആട്ടുകയോ ചെയ്യുന്നത് പോലുള്ള പ്രവർത്തികൾ.
3. അസാധാരണമായ താത്പര്യങ്ങൾ-ബഹിരാകാശം, ഗതാഗത സംവിധാനങ്ങൾ എന്നിങ്ങനെ ഏതെങ്കിലും പ്രത്യേക വിഷയങ്ങളിൽ കാണിക്കുന്ന അമിതമായ താൽപ്പര്യം. ചിലരിൽ സംഗീതം, കല, ഗണിതം അല്ലെങ്കിൽ ഓർമശക്തി എന്നിവയിൽ അസാധാരണമായ പ്രതിഭ കണ്ടുവരാറുണ്ട്.
ചുരുക്കത്തിൽ, സാമൂഹികമായി അൽപം പിന്നാക്കം നിൽക്കുന്നവരും 'വ്യത്യസ്തമായി' (oscially odd) പെരുമാറുന്നവരും മുതൽ, വൈകാരിക ബന്ധങ്ങൾ സ്ഥാപിക്കാൻ പ്രയാസമുള്ളവരും തീവ്രമായ ആവർത്തന സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നവരും വരെ ഈ ഓട്ടിസം സ്‌പെക്ട്രത്തിൽ ഉൾപ്പെടുന്നു.
എന്തുകൊണ്ടാണ് ഓട്ടിസം ഉണ്ടാവുന്നത്?
തലച്ചോറിനെ ബാധിക്കുന്ന എല്ലാ രോഗങ്ങളും ഓട്ടിസത്തിന് കാരണമാവാം. എന്നാൽ കണ്ടുപിടിക്കാൻ പറ്റാത്ത (idiopathic) കാരണങ്ങളാണ് സാധാരണയായി ഉണ്ടാകുന്നത്. എന്നിരുന്നാലും, ഗർഭാവസ്ഥയിലെ പോഷകാഹാരക്കുറവ്, മാതാപിതാക്കളുടെ പ്രായം, ഗർഭ സമയത്തുണ്ടാകുന്ന അണുബാധകൾ, ചില മരുന്നുകളുടെ ഉപയോഗം, മുതലായവ ഇതിൽ ചിലതാണ്. എന്നാൽ എന്തുകൊണ്ടാണ് ഇത് സംഭവിച്ചത് എന്നത് പലപ്പോഴും കണ്ടുപിടിക്കാൻ സാധിക്കില്ല.
ഓട്ടിസത്തിന്റെ ചികിത്സാരീതി
ഓട്ടിസത്തിന്റെ ചികിത്സാരീതികളെ പ്രധാനമായി രണ്ടായി വേർതിരിക്കാം. ഒന്നാമതായി ഓട്ടിസം ബാധിച്ച കുട്ടികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള പ്രത്യേക ട്രെയിനിങ്ങുകൾ നൽകുക. ഓട്ടിസം നേരത്തേ തിരിച്ചറിയുകയും സൈക്കോളജിക്കൽ ആയുള്ള ടെസ്റ്റുകളിലൂടെ ബുദ്ധിവളർച്ചയുടെ തലങ്ങളെ അറിയുകയും അവരുടെ കഴിവുകളെയും കുറവുകളെയും തിരിച്ചറിയുകയും, കഴിവുകളെ തിരിച്ചറിഞ്ഞ് വീട്ടിൽ വച്ചുതന്നെ നൽകാവുന്ന ചികിത്സകൾ (Home based behavioural Therapy) ഒരുക്കുക എന്നതാണ്. ഇതിന് ട്രെയിനിങ് ലഭിക്കുന്നതിനായി നല്ല സെന്ററുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പരിചരണം നൽകുന്നതിനായി പ്രത്യേക ടീം തന്നെ നിലവിലുണ്ടാവും. അതിൽ പീഡിയാട്രിക് ന്യൂറോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ് ബിഹേവിയറൽ തെറാപ്പിസ്റ്റ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ് എന്നിവരുൾപ്പെടുന്ന ടീം ഉണ്ടാവും. എല്ലാവരും ചേർന്ന് ട്രീറ്റ്‌മെന്റ് പ്ലാൻ ഉണ്ടാക്കിയതിനുശേഷം ആണ് ട്രെയിനിങ് ആരംഭിക്കുക. രണ്ടാമതായി അനുബന്ധ ന്യൂറോളജിക്കൽ പ്രശ്‌നം ഉണ്ടെങ്കിൽ (autistic spectrum diosrder) അതിന് ആവശ്യമായ ചികിത്സയും തേടേണ്ടതുണ്ട്. ഓരോ കുട്ടികളെയും ബാധിക്കുന്ന രോഗാവസ്ഥ വ്യത്യാസപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അവർക്ക് ലഭിക്കേണ്ട ചികിത്സയും വ്യത്യാസ പെടുത്തിയിരിക്കുന്നു. ചിലർ ചെറിയ പിന്തുണകൊണ്ട് തന്നെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ സാധിക്കുമ്പോൾ, മറ്റു ചിലർക്ക് എല്ലാ വിധ സപ്പോർട്ടും നൽകിക്കൊണ്ടുതന്നെ ചികിത്സ മുന്നോട്ടു പോകേണ്ടതുണ്ട്. ഉദാഹരണത്തിന് ഓട്ടിസത്തോടൊപ്പം അപസ്മാരരോഗവും (പലപ്പോഴും ചെറിയ രീതിയിലുള്ള അപസ്മാര ബാധ ആയിരിക്കാം-കണ്ണുകളുടെ ചലനം, ഞെട്ടൽ പോലെയുള്ളവ) ഉള്ള കുട്ടികൾക്ക് ഇ.ഇ.ജി പോലുള്ള പരിശോധനകൾ ചെയ്ത് ചികിത്സ നടത്തേണ്ടതാണ്.
ഓട്ടിസം ബാധയുള്ള ഓരോ കുട്ടിയും പേഴ്‌സണലൈസെഡ് അഥവാ വ്യക്തിഗത പരിചരണം നൽകേണ്ടത് വളരെ അത്യാവശ്യമാണ്. അവരുടെ സ്വന്തം കാര്യങ്ങൾ അവരവർ തന്നെ നിർവഹിക്കേണ്ട രീതിയിൽ അവരെ പരിശീലിപ്പിച്ചെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം അർഹിക്കുന്നത്. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് ബുദ്ധി വളർച്ച കുറവാണ് എന്ന് വിചാരിക്കരുത്. നമ്മൾ തിരിച്ചറിയുന്നവരിൽ, ഉറങ്ങിക്കിടക്കുന്ന കഴിവിനെ പുറത്തെടുത്താൽ ഒരുപക്ഷേ സാധാരണ കുട്ടികൾ ചെയ്യുന്നതിൽ ഉപരിയായി മികവുറ്റ രീതിയിൽ പ്രതിഭ തെളിയിക്കാവുന്നതുമാണ്.
ചുരുക്കി പറഞ്ഞാൽ ഓട്ടിസം ബാധിതർക്ക് നൽകേണ്ട പിന്തുണ അവരുടെ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്നതായതിനാൽ, അവരെ പരിശീലിപ്പിക്കുന്ന സെന്റർ തിരഞ്ഞെടുക്കുന്നതിലും ഏറ്റവും അധികം നിഷ്‌കർഷത പുലർത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഏറ്റവും ക്ഷമയോടെയും ദീർഘകാല അടിസ്ഥാനത്തിലുമുള്ളതുമായ ഒരു പദ്ധതി തയ്യാറാക്കി വേണം അവരുടെ ചികിത്സ ആരംഭിക്കാൻ. സാമൂഹിക കഴിവുകൾക്കുള്ള പരിശീലനം: ഇത് ഗ്രൂപ്പുകളായി നടത്തുകയും ഓട്ടിസം ബാധിച്ച കുട്ടികളെ സാമൂഹിക സാഹചര്യങ്ങളിലൂടെ സഞ്ചരിക്കാൻ പഠിപ്പിക്കുകയും ചെയ്യുന്നു. ഓട്ടിസം ചികിത്സയിൽ രക്ഷിതാക്കൾക്കുള്ള പരിശീലനമാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്നത്. ഓട്ടിസത്തെക്കുറിച്ച് വിശദമായി പഠിക്കുക, സ്ഥിരമായ ഒരു ദിനചര്യ ഉണ്ടാക്കുക, നിങ്ങളുടെ കുട്ടിയുടെ ഭാഷ മനസ്സിലാക്കുകയും ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ശ്രമിക്കുകയും, അവരെ അനുനയിപ്പിക്കാൻ കൂടുതൽ പോസിറ്റീവ് തന്ത്രങ്ങൾ പ്രയോഗിക്കുക.
മനസ്സിലാക്കുക, നിങ്ങൾ ഒറ്റക്കല്ല നിങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ആവശ്യമെങ്കിൽ പ്രൊഫഷണൽ സഹായം തേടുകയും ചെയ്യുക.
ഓട്ടിസം സൗഹൃദമായ ചുറ്റുപാടുകളും വ്യക്തമായ ആശയവിനിമയ രീതികളും വളർത്തിയെടുക്കുന്നതിലൂടെ നമുക്ക് അവരെ കൂടുതൽ പിന്തുണയ്ക്കാം. ലോക ഓട്ടിസം ദിനം കേവലം ഒരു ബോധവൽക്കരണമല്ല, മറിച്ച് ഓരോ വ്യക്തിയുടെയും സവിശേഷമായ കഴിവുകളെ ആഘോഷിക്കാനും അവർക്ക് വളരാൻ അനുയോജ്യമായ ലോകം ഒരുക്കാനുമുള്ള പരിശ്രമം കൂടിയാണ്.
(കോഴിക്കോട് ആസ്റ്റർ മിംസിലെ സീനിയർ കൺസൾറ്റന്റും ബിഹേവിയറൽ മെഡിസിൻ വിഭാഗം തലവനുമാണ് ലേഖകൻ)
Content Highlights: Definition of Autism Spectrum Disorder (ASD) as a neurodevelopmental condition., Role of mirror neurons in brain development., Key indicators: language delays, social interaction challenges, and repetitive behaviors., Importance of early intervention and community support for children with ASD., Recognition of World Autism Awareness Day observed annually on April 2nd.