'നിയമപരമായി ജീവിതം അവസാനിപ്പിക്കണം', ദയാവധത്തിന് അനുമതി തേടി ഇരുപത്തിയെട്ടുകാരൻ

ജോസഫ് ഡാർകോ| Photo: instagram.com/okuntakinte/
ജോസഫ് ഡാർകോ| Photo: instagram.com/okuntakinte/

ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത മാനസികാരോ​ഗ്യപ്രശ്നങ്ങൾ മൂലം വലഞ്ഞ ഇരുപത്തിയെട്ടുകാരി ദയാവധം സ്വീകരിച്ച വാർത്ത കഴിഞ്ഞവർഷം പുറത്തുവന്നിരുന്നു. വിഷാദരോ​ഗം, ഓട്ടിസം, ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ എന്നിവയോട് പൊരുതിയ നെതർലൻ‍ഡ്സ് സ്വദേശിയായ സെറായയാണ് കഴിഞ്ഞ മേയിൽ ദയാവധംസ്വീകരിച്ചത്. ഇപ്പോഴിതാ ​ബ്രിട്ടനിൽ നിന്നുള്ള ​ഗായകൻ ജോസഫ് അവ്വ ഡാർകോ എന്ന ഇരുപത്തിയെട്ടുകാരനും ദയാവധത്തിന് അനുമതി തേടിയിരിക്കുകയാണ്. ദശകങ്ങളായി താൻ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന മാനസികാരോ​ഗ്യപ്രശ്നങ്ങളേക്കുറിച്ച് പങ്കുവെച്ചിട്ടുള്ള ജോസഫ് ഇതേകാരണം ചൂണ്ടിക്കാട്ടിയാണ് ദയാവധത്തിന് അനുമതി തേടിയിരിക്കുന്നത്. 

കടുത്ത മാനസികാരോ​ഗ്യപ്രശ്നങ്ങളിലൂടെ കടന്നുപോകുന്നയാളാണ് ജോസഫ്. ദയാവധത്തിനായി നെതർലന്റ്സിലേക്ക് മാറിയ ജോസഫ് ദി ലാസ്റ്റ് സപ്പർ പ്രൊജക്റ്റ് എന്ന പേരിൽ തന്റെ കഥ മറ്റുള്ളവരോട് പങ്കുവെക്കുന്നുമുണ്ട്. എനിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ട്, നിയമപരമായി ജീവിതം അവസാനിപ്പിക്കാൻ നെതർലന്റ്സിലേക്ക് മാറിയിരിക്കുകയാണ്.- ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ജോസഫ് പറയുന്നു. 

എല്ലാദിവസവും കടുത്ത മാനസിക വേദനയോടെയാണ് താൻ എഴുന്നേൽക്കുന്നതെന്ന് ജോസഫ് വീഡിയോയിൽ പറയുന്നു. നെതർലന്റ്സിലെ ദയാവധവുമായി ബന്ധപ്പെട്ട വിദ​ഗ്ധരുമായി കഴിഞ്ഞ അഞ്ചുവർഷമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും ജോസഫ് പറയുന്നു. 

ജീവിക്കാൻ യോ​ഗ്യനല്ല എന്നല്ല താൻ പറയുന്നത്. അത് തീർച്ചയായുമുണ്ട്. പക്ഷേ താൻ കടന്നുപോകുന്ന മാനസികാരോ​ഗ്യപ്രശ്നം തീർത്തും സഹിക്കാനാവാത്തതാണ്. ഈ രീതിയിൽ ജീവിതം അവസാനിപ്പിക്കുന്നതിൽ ഒരു അന്തസ്സുണ്ട്. വൈദ്യസഹായത്തോടെ അക്രമരഹിതമായി ജീവിതം അവസാനിപ്പിക്കുകയാണിവിടെ.- ജോസഫ് പറയുന്നു. 

ജോസഫ് വിഷയം പങ്കുവെച്ചതോടെ നിരവധിപേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണം പങ്കുവെച്ചത്. ചിലർ ജോസഫിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞപ്പോൾ മറ്റുചിലർ മനസ്സുമാറ്റൂവെന്ന് അഭ്യർഥിച്ചു. നിലവിൽ തന്റെ കഥ അപരിചിതരുമായി പങ്കുവെക്കുന്ന ലാസ്റ്റ് സപ്പർ പ്രൊജക്റ്റിന്റെ ഭാ​ഗമായി പാരീസ്, മിലാൻ, ബെർലിൻ തുടങ്ങിയ നിരവധി രാജ്യങ്ങലും ജോസഫ് സഞ്ചരിച്ചു. 

മാനസികാരോഗ്യപ്രശ്നം മൂലം താൻ ദൈനംദിനജീവിതത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങളേക്കുറിച്ച് നിരന്തരം ജോസഫ് സാമൂഹികമാധ്യമത്തിൽ പങ്കുവെക്കുന്നുമുണ്ട്. 

2001-ലാണ് നെതർലൻഡ്സ് ദയാവധം നിയമവിധേമയാക്കുന്നത്. അസഹനീയമായ യാതന, രോഗമുക്തിക്ക് ഒട്ടുംസാധ്യതയില്ലാത്ത അവസ്ഥ തുടങ്ങിയ ആറുസാഹചര്യങ്ങളിൽ ദയാമരണമാകാം എന്നാണു നിയമം. അവിടംതൊട്ട് ദയാവധങ്ങളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. 2022-ൽ രാജ്യത്തെ അഞ്ചുശതമാനം മരണങ്ങളും ദയാവധങ്ങളായിരുന്നു. ഡോക്ടർമാരുടെ സഹായത്തോടെ ദയാമരണം സാധ്യമാക്കിക്കൊടുക്കുന്ന സന്നദ്ധസംഘങ്ങളും നെതർലൻഡ്സിലുണ്ട്. ഒരുവർഷം 1000 നെതർലൻഡ്സുകാർക്ക് ദയാമരണം നടത്തിക്കൊടുക്കുന്നുണ്ടെന്ന് എക്സ്പെർടൈസ്‌സെൻട്രം യൂത്തനാസിയേ എന്ന സംഘടന പറയുന്നു.

പരസഹായത്തോടുകൂടിയ ആത്മഹത്യ പല രാജ്യങ്ങളും നിയമപരമായി അംഗീകരിച്ചിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്ട്രിയ, ബെല്‍ജിയം, കാനഡ, ജര്‍മനി, ലക്‌സംബര്‍ഗ്, നെതര്‍ലന്‍ഡ്‌സ്, ന്യൂസീലന്‍ഡ്, സ്‌പെയിന്‍, യുണൈറ്റ് സ്റ്റേറ്റസിന്റെ ചില ഭാഗങ്ങള്‍, ഓസ്‌ട്രേലിയയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ദയാവധത്തിന് അനുമതിയുണ്ട്. ഗുരുതര മനോരോഗികള്‍ക്ക് കൂടി ദയാവധം അനുവദിക്കാനുള്ള തയ്യാറെടുപ്പിലാണ് കാനഡ. 

എന്താണ് ദയാവധം?

ഗ്രീക്ക് ഭാഷയില്‍നിന്നും ഉത്ഭവിച്ചിട്ടുള്ള യൂതനേഷ്യ എന്ന വാക്കിന്റെ അർത്ഥം Good Death എന്നാണ്.  ഒരു വ്യക്തിയ്ക്ക് അയാളനുഭവിക്കുന്ന ശാരീരികപീഡകളില്‍നിന്നോ വേദനകളില്‍നിന്നോ 'മോചനം നല്‍കുന്നതിനായി' അയാളുടെ ജീവിതം അവസാനിപ്പിച്ചുനല്‍കുന്നതിനേയാണ് ദയാവധം എന്നുപറയുന്നത്. രണ്ട് തരത്തിലുള്ള ദയാവധങ്ങളുണ്ട്- സജീവ ദയാവധവും (Active Euthanasia) നിഷ്‌ക്രിയ ദയാവധവും (Passive Euthanasia). സജീവ ദയാവധത്തില്‍ ഒരു രോഗിയെ ആത്മഹത്യ ചെയ്യാന്‍ സഹായിക്കുന്നുവെന്നുവേണമെങ്കില്‍ പറയാം.

മരണത്തിന് കാരണമാകുന്ന മരുന്നുകള്‍ കുത്തിവെപ്പിലൂടെയോ മറ്റോ നല്‍കി ഒരു വ്യക്തിയുടെ ജീവിതം അവസാനിപ്പിക്കുകയാണ് സജീവ ദയാവധത്തില്‍ ചെയ്യുന്നത്. അതേസമയം, ഒരു രോഗിയ്ക്ക് ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന വെന്റിലേറ്ററോ ഫീഡിങ് ട്യൂബോ പോലുള്ള സംവിധാനങ്ങള്‍ പിന്‍വലിച്ചോ അനുവദിക്കാതെയോ ആ വ്യക്തിയെ മരിക്കാനനുവദിക്കുന്നതാണ് നിഷ്‌ക്രിയ ദയാവധം. ഒന്നില്‍ മനഃപൂര്‍വമായി മരിക്കാന്‍ സഹായിക്കുമ്പോള്‍ മറ്റേതില്‍ മനഃപൂര്‍വമായി മരിക്കാനനുവദിക്കുന്നു. രണ്ടായാലും വധം തന്നെയാണ്, ദയാവധമെന്ന വ്യത്യാസം മാത്രം. 

Content Highlights: uk man opts for euthanasia rather than living with mental illness