അപകടകരമായ പ്രയോഗങ്ങൾ; തായ്‌ലന്‍ഡിലെ മസാജിങ് പാർലറുകളേക്കുറിച്ച് മുന്നറിയിപ്പ് നൽകി ഡോക്ടര്‍മാര്‍

പ്രതീകാത്മക ചിത്രം | Photo: Freepik.com
പ്രതീകാത്മക ചിത്രം | Photo: Freepik.com

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ മസാജിങ് സെന്ററുകളെ കുറിച്ച് മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍. അപകടകരമായ പ്രയോഗങ്ങൾ മൂലം ഏതാനും പേർക്ക് ജീവൻ നഷ്ടമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മസാജിങ് പാര്‍ലര്‍ സന്ദര്‍ശിച്ചതിനേത്തുടർന്ന് രണ്ട് മരണങ്ങളാണ് അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

20-കാരിയും തായ് ഗായികയുമായ ചീഡ പ്രായോ-ഹോം, സിംഗപ്പൂരില്‍ നിന്നെത്തിയ 52-കാരനായ വിനോദസഞ്ചാരി എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്. ഒക്ടോബര്‍ മാസം മുതല്‍ നടത്തിയ മസാജിങ് ചീഡയുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ചിരുന്നു. നവംബറില്‍ നെക്ക് ട്വിസ്റ്റിങ് അടക്കമുള്ളവ മസാജിങ് പാര്‍ലറില്‍ ചെയ്തതോടെ ആരോഗ്യം ക്ഷയിച്ചു.

തന്റെ ഈ അവസ്ഥ മസാജിങ് സെന്റര്‍ കൂടുതലായി സന്ദര്‍ശിക്കുന്നവര്‍ കാര്യഗൗരവത്തോടെ കാണണമെന്നും ഗായിക സാമൂഹ്യമാധ്യമത്തിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. രക്തത്തിലെ അണുബാധയെയും തലച്ചോറിലെ വീക്കത്തേയും തുടര്‍ന്നാണ് ഗായിക മരിച്ചത്. 

സിംഗപ്പൂരില്‍ നിന്നെത്തിയ 52-കാരനായ വിനോദസഞ്ചാരിയായ ലീ മുന്‍ ടുക് ഫുക്കറ്റിലെ പാര്‍ലറില്‍ നിന്നാണ് 45 മിനിറ്റ് നേരത്തെ ഓയില്‍ മസാജ് ചെയ്തത്. മരണങ്ങൾക്ക് കാരണം മസാജിങ് തന്നെയാണോ എന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, വൈദഗ്ധ്യമില്ലാത്തവർ ചെയ്യുന്ന, നെക്ക് ട്വിസ്റ്റിങ് അടക്കമുള്ള മസാജിങ് രീതികള്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

Content Highlights: thailand doctors warns about massaging parlours in the country