വാടകഗര്‍ഭം ധരിക്കുന്ന സത്രീകള്‍ പ്രസവാനന്തരം കൂടുതൽ വെല്ലുവിളികൾ നേരിടുന്നതായി പഠനം

സറോഗസി എന്നറിയപ്പെടുന്ന വാടക ഗർഭധാരണത്തിൻ്റെ സാധ്യതകള്‍ വലിയ തോതില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന രീതിയിലേക്ക് ആധുനിക വൈദ്യശാസ്ത്രം പുരോഗതി പ്രാപിച്ചിട്ടുണ്ട്. എന്നാൽ ജെസ്റ്റേഷണല്‍ സറോഗസി വഴി ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ പ്രസവാനന്തരം നേരിടേണ്ടിവരുന്ന വെല്ലുവിളികൾ മറ്റ് അമ്മമാരെ അപേക്ഷിച്ച് കൂടുതലാണെന്ന് പുതിയ പഠനം. കാനഡയിലെ മഗില്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍.
ഗര്‍ഭാവസ്ഥയിലും പ്രസവാനന്തര കാലത്തിന്റെ തുടക്കത്തിലും രക്താതിമര്‍ദം, രക്തസ്രാവം തുടങ്ങിയ ഗുരുതരമായ സങ്കീര്‍ണതകള്‍ വാടകഗര്‍ഭധാരണത്തില്‍ കൂടുതലായിരിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. സ്വാഭാവികമായോ ഐ.വി.എഫ്. വഴിയോ ഗര്‍ഭം ധരിക്കുന്നവരെക്കാള്‍ വലിയ വെല്ലുവിളികളാണ് വാടകഗര്‍ഭം ധരിക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
അമ്മമാരുടെ രോഗാവസ്ഥ, നവജാത ശിശുക്കളുടെ രോഗാവസ്ഥ, സിസേറിയന്‍ പ്രസവം, മാസം തികയാതെയുള്ള ജനനം, പ്രസവാനന്തര രക്തസ്രാവം, ഹൈപ്പര്‍ടെന്‍സീവ് ഡിസോര്‍ഡേഴ്‌സ് എന്നിവ അടിസ്ഥാനമാക്കിയുള്ള പഠനം 'അനല്‍സ് ഓഫ് ഇന്റേ ണല്‍ മെഡിസിന്‍' എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഒൻ്റാരിയോയിലെ ആരോഗ്യമേഖയിലെ വിവരശേഖരണ സംവിധാനമായ ബെറ്റര്‍ ഔട്ട്കം രജിസ്ട്രി ആന്‍ഡ് നെറ്റ്‌വര്‍ക്ക്,( BORN) 2012-2021 കാലയളവില്‍ ശേഖരിച്ച വിവരങ്ങളാണ് പഠന വിധേയമാക്കിയത്. ഗവേഷണത്തിന് ആധാരമാക്കിയ 863017 പ്രസവങ്ങളില്‍ 806 -ഉം വാടക ഗര്‍ഭധാരണത്തിലൂടെയുള്ളതാണ്. ഇവരില്‍ 7.8 % പേരിലും പ്രസവാനന്തര സങ്കീര്‍ണതകള്‍ കണ്ടെത്തിയതായി പഠനത്തില്‍ പറയുന്നു. വാടകഗർഭം ധരിച്ച സ്ത്രീകളിലെ പ്രസവാനന്തര രക്തസ്രാവത്തിനുളള സാധ്യത മറ്റു അമ്മമാരെ അപേക്ഷിച്ച് 2.9 തവണ കൂടുതലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
വാടകഗർഭം ധരിച്ച സ്ത്രീകളില്‍ ഭൂരിഭാഗവും സാമ്പത്തികമായി പിന്നോക്കമുള്ള സാഹചര്യങ്ങളില്‍ ജീവിക്കുന്നവരാണെന്നും ഇവരില്‍ പ്രസവാനന്തരം പൊണ്ണത്തടിക്കും ഹൈപ്പര്‍ ടെന്‍ഷനുമുള്ള സാധ്യത കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വാടകഗര്‍ഭം ധരിക്കുന്നവര്‍ പ്രസവാന്തരം അനുഭവിക്കേണ്ടിവരുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ മറ്റു സ്ത്രീകളെക്കാള്‍ കൂടുതലാകുന്നതിനു പിന്നലെ കാരണം വ്യക്തമല്ല. ഒറ്റ പ്രസവം മാത്രം നടത്തിയിട്ടുളള സ്ത്രീകൾ മാത്രമാണ് ഗവേഷണത്തിൽ ഉൾപ്പെട്ടിട്ടുള്ളു എന്നത് പഠനത്തിൻ്റെ പോരായ്മയായി മറ്റു ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
എന്താണ് സറോഗസി
ഒരു സ്ത്രീക്ക് സ്വന്തം ഗര്‍ഭപാത്രത്തില്‍ കുഞ്ഞിനെ ജനിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവര്‍ക്കുവേണ്ടി അവരുടെ കുഞ്ഞിനെ മെറ്റാരു സ്ത്രീ പ്രസവിക്കുന്നതാണ് സരോഗസി. ഭര്‍ത്താവിന്റെയും ഭാര്യയുടെയും അണ്ഡവും ബീജവും സംയോജിപ്പിച്ച് ഭ്രൂണമാക്കി മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു. പ്രസവിച്ചുകഴിഞ്ഞാല്‍ കുഞ്ഞിനെ അച്ഛനമ്മമാര്‍ക്ക് നല്‍കുന്നു.
എന്നാല്‍ അണ്ഡവും ബീജവും മറ്റുള്ളവരില്‍നിന്ന് സ്വീകരിച്ച് സ്വന്തം ഗര്‍ഭപാത്രത്തില്‍ കുഞ്ഞിനെ വളര്‍ത്തി പ്രസവിച്ച് അച്ഛനും അമ്മയുമാവുന്നവരുണ്ട്. അണ്ഡമോ ബീജമോ ഏതെങ്കിലുമൊന്ന് പുറത്തുനിന്ന് സ്വീകരിക്കുന്നവരുണ്ട്. അണ്ഡവും ബീജവും സ്വന്തമായുണ്ടായാലും ഗര്‍ഭപാത്രത്തിന് വേണ്ടി വാടക അമ്മയെ (സരോഗസി) ആശ്രയിക്കുന്നവരുണ്ട്.
എന്താണ് ജെസ്റ്റേഷണല്‍ സറോഗസി?
പുരുഷന്റെ ബീജവും സ്ത്രീയുടെ അണ്ഡവും ശേഖരിച്ച്, ഇവ ഐ.വി.എഫിലൂടെ സംയോജിപ്പിച്ചശേഷം ആ ഭ്രൂണത്തെ വാടകഗര്‍ഭധാരണത്തിന് തയ്യാറായിരിക്കുന്ന സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഈ രീതിയില്‍ ഗര്‍ഭം ധരിക്കുന്ന സ്ത്രീക്ക് കുഞ്ഞുമായി ജൈവികമായ ബന്ധം ഉണ്ടാവില്ല. മറ്റ് രണ്ട് വ്യക്തികളുടെ ഗര്‍ഭം സ്വന്തം ഗര്‍ഭപാത്രത്തില്‍ വഹിക്കുക എന്ന കര്‍മ്മമാണ് ഇവിടെ നിര്‍വ്വഹിക്കപ്പെടുന്നത്. അതിനാല്‍ തന്നെ ഇവരെ ഗര്‍ഭവാഹകര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
സറോഗസിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
* ഗര്‍ഭം ധരിക്കാനാഗ്രഹിക്കുന്ന ദമ്പതികള്‍ മെഡിക്കല്‍ ബോര്‍ഡിന്റെ എസ്സെന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് കൈക്കൊള്ളുകയും സറോഗേറ്റിന്റെയും ഐ.വി.എഫിന്റെയും ചിലവുകള്‍ വഹിക്കേണ്ടതുമാണ്.
* സറോഗസി ആവശ്യമുള്ള ദമ്പതികളില്‍ 36 മാസത്തേക്ക് പ്രസവാനന്തര സങ്കീര്‍ണതകളും മരണവും ഉള്‍പ്പെടെ കുഞ്ഞിന്റെ പ്രസവത്തില്‍ നിന്ന് ഉണ്ടാകുന്ന ഏത് ബുദ്ധിമുട്ടുകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കണം.
സറോഗസി ആവശ്യമുള്ള ദമ്പതികള്‍ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍:
* ഇന്ത്യയിലെ നിയമം അനുസരിച്ച് ഇന്ത്യന്‍ പൗരത്വമുള്ള വിവാഹിതരായ ദമ്പതികള്‍ക്കോ/വിവാഹമോചിതയോ ആയവര്‍ക്കാണ് സറോഗസി ചെയ്യാന്‍ സാധിക്കുക (സ്ത്രീയുടെ പ്രായം 23 മുതല്‍ 50 വയസ്സ് വരെ, പുരുഷന്റെ പ്രായം 26 മുതല്‍ 55 വയസ്സ് വരെ).
* സറോഗേറ്റ് ഗര്‍ഭധാരണത്തിനുള്ള (ബയോളജിക്കല്‍, ദത്തെടുക്കല്‍, അല്ലെങ്കില്‍ സറോഗേറ്റ്) യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ദമ്പതികള്‍ക്ക് ജീവിച്ചിരിക്കുന്ന കുട്ടികളൊന്നും ഉണ്ടാകരുത്.
* ജീവിച്ചിരിക്കുന്ന കുട്ടിക്ക് മാനസികമോ ശാരീരികമോ ആയ വൈകല്യമുണ്ടെങ്കിലോ അല്ലെങ്കില്‍ കുട്ടിക്ക് ഗുരുതരമായ മരണസാധ്യതയുള്ള അവസ്ഥയുണ്ടെങ്കിലോ ഈ നിബന്ധന ബാധകമാവുന്നതല്ല.
* വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ വംശജരായ വിധവകള്‍, വിവാഹമോചിതര്‍, വിവാഹിതരായ ദമ്പതികള്‍ എന്നിവര്‍ക്ക് പരോപകാരപരമായ സറോഗസിയിലൂടെ മാതാപിതാക്കളാകാനും ഈ നിയമം അനുവദിക്കുന്നു.
സറോഗേറ്റ് ആവാനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍:
* 25-നും 35-നും ഇടയില്‍ പ്രായമുള്ളവര്‍.
* വിവാഹിതയാവണം.
* സ്വന്തമായി ഒരു കുഞ്ഞെങ്കിലും ഉണ്ടായിരിക്കണം. ഇങ്ങനെ ഉള്ള ഒരു ഇന്ത്യന്‍ പൗരയ്ക്ക് സറോഗസിക്ക് വളണ്ടിയര്‍ ചെയ്യാം.
* ജീവിതകാലത്ത് ഒരിക്കല്‍ മാത്രമേ സറോഗേറ്റ് ആയി പ്രസവം അനുവദിക്കുന്നുള്ളൂ. എന്നാല്‍ ഭ്രൂണ നിക്ഷേപണം (Embryo Transfer) മൂന്ന് ശ്രമങ്ങള്‍ വരെ നടത്താം.
* ശാരീരികമായും മാനസികമായും വാടകഗര്‍ഭധാരണത്തിന് ആരോഗ്യമുള്ളവരാണെന്ന് മെഡിക്കല്‍ പ്രാക്റ്റീഷ്യന്റെ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
* വാടക ഗര്‍ഭധാരണത്തിനായി സ്വന്തം ഗേമറ്റുകള്‍ നല്‍കുന്നത് നിയമപ്രകാരം നിരോധിച്ചിരിക്കുന്നു.
* കുട്ടിയെ ഗര്‍ഭപാത്രത്തില്‍ വഹിക്കുന്നതിന് ആവശ്യമായ ഇന്‍ഷുറന്‍സ്, മെഡിക്കല്‍ ചെലവുകള്‍ എന്നിവയല്ലാതെ മറ്റൊരു സാമ്പത്തിക പ്രതിഫലവും ലഭിക്കില്ല എന്നത് മനസ്സിലാക്കണം.
(ജെസ്റ്റേഷണല്‍ സറോഗസിയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകിയത് കോട്ടക്കല്‍ ആസ്റ്റര്‍മിംസ് ഹോസ്പിറ്റലില്‍ റീപ്രൊഡക്റ്റീവ് മെഡിസിന്‍, ഐ.വി.എഫ്&ഫെര്‍ട്ടിലിറ്റി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടൻ്റ് ഡോ. അശ്വതി കുമാരന്‍)
Content Highlights: Surrogates face high risk of pregnancy and postpartum complications