സ്ട്രോക്ക് ലക്ഷണങ്ങൾ അവഗണിക്കരുത്; ആദ്യ മണിക്കൂറുകൾക്ക് ജീവന്റെ വില, എന്താണ് FAST രീതി?

ലോകമെങ്ങും ഓരോ വര്‍ഷവും മസ്തിഷ്‌കാഘാതം അഥവാ സ്‌ട്രോക്ക് കൊണ്ട് മരണപ്പെടുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി ചികിത്സ തേടുന്നതുവരെയുള്ള ഓരോ നിമിഷവും അതിനിര്‍ണായകമായി കടന്നുപോകുന്ന രോഗം എന്ന നിലയില്‍ അവബോധത്തിന്റെയും വളരെ നേരത്തെയുള്ള ഇടപെടലിന്റെയും പ്രാധാന്യം വളരെ വലുതാണ്. മിനിറ്റുകൾക്കുള്ളിൽ, തലച്ചോറിലെ കോശങ്ങൾ നശിക്കാൻ തുടങ്ങും. എന്നാൽ, പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ഉടൻ വൈദ്യസഹായം തേടുന്നത് അവസ്ഥ ഗുരുതരമാകുന്നതിൽനിന്ന് തടഞ്ഞേക്കും.
ലക്ഷണങ്ങളും ഫാസ്റ്റ് (FAST) രീതിയും
സ്ട്രോക്ക് ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിഞ്ഞാല്‍ ജീവന്‍ രക്ഷിക്കാനാകും. താഴെപ്പറയുന്ന ലക്ഷണങ്ങള്‍ സ്‌ട്രോക്കുമായി ബന്ധപ്പെട്ടവയാണ്.
- F: Face -മുഖത്തിന്റെ ഒരു വശം അഥവാ ചുണ്ട് കോടുകയോ മരവിപ്പ് അനുഭവപ്പെടുകയോ ചെയ്യുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.
- A: Arms - കൈയുടെ ബലഹീനത- രണ്ട് കൈകളും ഉയര്‍ത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ഒരു കൈയ്ക്ക് ദൗര്‍ബല്യം അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ സ്‌ട്രോക്കിന്റെ ലക്ഷണമാണ്.
- S: Speech - സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ, സംസാരം കുഴഞ്ഞ രൂപത്തിലാവുകയോ, സംസാരം മനസ്സിലാക്കാന്‍ പ്രയാസമാവുകയും ചെയ്യുന്നുവെങ്കില്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.
- T: Time- അടിയന്തര സേവനം തേടാനുള്ള സമയം - ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍ സമയോചിതമായി പ്രവര്‍ത്തിക്കുക.
പെട്ടെന്നുള്ള കാഴ്ച നഷ്ടപ്പെടല്‍, നടക്കാന്‍ ബുദ്ധിമുട്ട്, കഠിനമായ തലവേദന എന്നിവയാണ് മറ്റ് സ്‌ട്രോക്കിന്റെ മറ്റുലക്ഷണങ്ങള്‍.
സമയം പ്രധാനം
സ്ട്രോക്ക് ബാധിതനായ ഒരാൾക്ക് എത്രയും പെട്ടെന്ന് ആവശ്യമായ സഹായം ലഭിക്കുന്നുവോ, അത്രയുംവേഗം രോഗമുക്തി നേടാനുള്ള സാധ്യത കൂടുതലായിരിക്കും. തലച്ചോറിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കാൻ സഹായിക്കുന്ന മരുന്നുകൾ, സ്ട്രോക്ക് തുടങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ നൽകുമ്പോഴാണ് ഏറ്റവും നന്നായി പ്രവർത്തിക്കുന്നത്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ വിഷയം ഗുരുതരമായ സങ്കീർണതകൾക്കും, സ്ഥിരമായ വൈകല്യത്തിനും, മരണത്തിനുപോലും കാരണമായേക്കാം.
സ്‌ട്രോക്ക് മുന്‍കരുതലുകള്‍
- ചിട്ടയായ ജീവിതശൈലി നിലനിര്‍ത്തിയാല്‍ത്തന്നെ സ്‌ട്രോക്കിനെ ഒരു പരിധിവരെ മാറ്റിനിര്‍ത്താം. അമിതരക്തസമ്മര്‍ദ്ദമാണ് സ്‌ട്രോക്കിനുള്ള ഏറ്റവും സാധാരണമായ കാരണം. ബി.പി സാധാരണലെവലില്‍ നിന്നും ഉയരാതിരിക്കാന്‍ ചിട്ടയായ ജീവിതശൈലി തന്നെയാണ് മികച്ച മാര്‍ഗം.
- ആരോഗ്യകരമായ ഭക്ഷണക്രമം നിലനിര്‍ത്തുക വഴി സ്‌ട്രോക്കിന്റെ സാധ്യത അകറ്റാന്‍ കഴിയും. പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീനുകള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതലായും ഉള്‍പ്പെടുത്തുക.
- പതിവായി വ്യായാമം ചെയ്യുന്നതുമൂലം സ്‌ടോക്കിനുള്ള സാധ്യത 25-30% വരെ കുറയ്ക്കാന്‍ കഴിയും.
- പുകവലി ശീലമാക്കിയവരില്‍ സ്‌ട്രോക്കിനുള്ള സാധ്യത സാധാരണക്കാരെ അപേക്ഷിച്ച് ഇരട്ടിയാണ്. പുകവലി പൂര്‍ണമായും ഉപേക്ഷിക്കുകയേ തരമുള്ളൂ.
- ജീവിതശൈലിയുടെയും ഭക്ഷണക്രമത്തിന്റെയും ഭാഗമായി ഒട്ടുമിക്കവരും അനുഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ. ഇവയുടെ അളവ് നിയന്ത്രിക്കുക വഴി സ്‌ട്രോക്ക് തടയാന്‍ കഴിയും.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Recognize stroke symptoms early using the FAST method. Every minute counts to prevent severe damage and save lives. Learn the signs and how to get immediate help.