‘ബി.പി. നില നോർമലാണ് എന്നതിനർഥം പക്ഷാഘാതം പിടിപെടില്ലെന്നല്ല, ഇരുപതുകളിലും സ്ഥിരീകരിക്കാം’

മെലിഞ്ഞിരിക്കുകയും പുറംകാഴ്ചയിൽ ആരോഗ്യവാനായിരിക്കുകയും ചെയ്യുന്നതിലൂടെ പക്ഷാഘാതത്തെ പ്രതിരോധിക്കാം എന്ന് കരുതുന്നത് തെറ്റാണെന്ന് ഹൈദരാബാദിൽ നിന്നുള്ള ന്യൂറോളജിസ്റ്റായ ഡോ.സുധീർ കുമാർ. പക്ഷാഘാതത്തിന്റെ കാര്യത്തിൽ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ ഡോ.സുധീർ കുമാർ പറയുന്നു.
BE FAST എന്ന രീതിയാണ് ഇതിനായി പാലിക്കേണ്ടതെന്ന് ഡോക്ടർ കുറിക്കുന്നു. ബി ഫോർ ബാലൻസ്, ഇ ഫോർ ഐസ്, എഫ് ഫോർ ഫെയ്സ്, എ ഫോർ ആംസ്,എസ് ഫോർ സ്പീച്ച്, ടി ഫോർ ടൈം എന്നതാണിത്. ബാലൻസ് നഷ്ടപ്പെടുന്നത് ശ്രദ്ധിക്കണമെന്നാണ് ബി കൊണ്ട് അർഥമാക്കുന്നത്. കാഴ്ചയിലെ തകരാറുകൾ ശ്രദ്ധിക്കണമെന്ന് ഐ കൊണ്ടും എഫിലൂടെ മുഖം കോടുന്നതും എയിലൂടെ കൈകാലുകളിലെ തളർച്ചയും എസിലൂടെ സംസാരിക്കുന്നതിലെ ബുദ്ധിമുട്ടും ടിയിലൂടെ അടിയന്തര മെഡിക്കൽ ഇടപെടലും ലക്ഷ്യമിടുന്നു.
പക്ഷാഘാതത്തെ പ്രതിരോധിക്കുന്നതിൽ ഓരോ മിനിറ്റും പ്രധാനമാണെന്നും ഡോ.സുധീർ പറയുന്നു. ഇരുപതുകളിലും മുപ്പതുകളിലും നാൽപതുകളിലുമൊക്കെ ഉള്ളവരിലും പക്ഷാഘാതം ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. പുറമേക്ക് ആരോഗ്യവാനാണെന്നു തോന്നാമെങ്കിലും ഉയർന്ന രക്തസമ്മർദം, പുകവലി, പ്രമേഹം, ഹൃദ്രോഗങ്ങൾ തുടങ്ങിയവ പക്ഷാഘാത അപകടസാധ്യത കൂട്ടുന്ന ഘടകങ്ങളാണ്.
രക്തസമ്മർദംം, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയവ നിന്ത്രിക്കുകയും പുകവലി ഒഴിവാക്കുകയും വ്യായാമവും പോഷകാഹാരവും ശീലമാക്കി ആരോഗ്യകരമായ ഭാരം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതിലൂടെ 80ശതമാനം പക്ഷാഘാതവും നിയന്ത്രിക്കാനാവുമെന്നും അദ്ദേഹം പറയുന്നു. പക്ഷാഘാതം ചികിത്സിച്ചു ഭേദമാക്കാം എന്നത് പ്രധാനമാണെങ്കിലും സമയം നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പക്ഷാഘാതം സംബന്ധിച്ച ചില മിത്തുകളേക്കുറിച്ചും ഡോ.സുധീർ കുമാർ കുറിക്കുന്നുണ്ട്. പക്ഷാഘാതം പ്രായമായവരെ മാത്രമേ ബാധിക്കൂ എന്നതാണ് അതിലൊന്ന്. ലക്ഷണങ്ങൾ അപ്രത്യക്ഷമാകുന്നതിനർഥം എല്ലാം ശരിയായി എന്നു കരുതുന്നതും ബി.പി. നില നോർമലാണെങ്കിൽ പക്ഷാഘാതം പിടിപെടില്ല എന്നതും പക്ഷാഘാതം ചികിത്സിക്കാനാവാത്തതാണ് എന്നതുമൊക്കെ മിഥ്യാധാരണകളാണ് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
സ്ട്രോക്ക് ഉണ്ടാകുന്നത്
മസ്തിഷ്കത്തിലേക്കുള്ള രക്തധമനികളിൽ രക്തം കട്ട പിടിക്കുകയോ (Thrombosis) രക്തസ്രാവം (Haemorrhage) ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് സ്ട്രോക്ക്. രക്താതിമർദത്തിന്റെയോ അല്ലെങ്കിൽ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. ആഗോളതലത്തിൽ നാല് മുതിർന്നവരിൽ ഒരാൾക്ക് പക്ഷാഘാതം വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ജീവിതശൈലിയിൽ മാറ്റം വേണം
സ്ട്രോക്ക് ഒരു ജീവിതശൈലി രോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്. അമിത രക്തസമ്മർദ്ദം ഉള്ളവരിൽ സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ പ്രമേഹം, ഉയർന്ന കൊളസ്ട്രോളിന്റെ അളവ് ഉള്ളവരിലും സ്ട്രോക്ക് ഉണ്ടാകാം. ഹാർട്ട് അറ്റാക്ക് വന്നവരിൽ, ഹൃദയ വാൽവ് സംബന്ധമായ തകരാറുകൾ ഉള്ളവരിൽ, ഹൃദയമിടിപ്പ് ക്രമം അല്ലാത്തവർ, ഇവരിലൊക്കെ സ്ട്രോക്കിനുള്ള സാധ്യത കൂടുതലാണ്.
ചെറുപ്പക്കാരിൽ സ്ട്രോക്ക് അധികമായി കണ്ടുവരുന്നതിന്റെ പ്രധാന കാരണം ജീവിതശൈലിയിൽ ഉണ്ടായിട്ടുള്ള വ്യതിയാനമാണ്. പുകവലി, അമിത വണ്ണം, രക്തസമ്മർദ്ദം, മാനസികസമ്മർദ്ദം എന്നിവയും ചെറുപ്പക്കാരിൽ സ്ട്രോക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളാണ്. ഗർഭനിരോധന ഗുളികകൾ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകളിലും സ്ട്രോക്കിനുള്ള സാധ്യത കൂടുതലാണ്. ഇത് കൂടാതെ കുടുംബപരമായി സ്ട്രോക്ക് വരുന്നവരിലും രക്തം കട്ട പിടിക്കുന്നതിൽ അപാകത ഉണ്ടാകുന്ന രോഗങ്ങൾ ഉള്ളവരിലും സ്ട്രോക്ക് ചെറുപ്പകാലത്തെ ഉണ്ടാകാം.
സ്ട്രോക്ക് എങ്ങനെ തിരിച്ചറിയാം?
ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്നുണ്ടാകുന്ന ബലക്ഷയം, മുഖത്ത് കോട്ടം, സംസാരിക്കാനും ഗ്രഹിക്കാനുമുള്ള ബുദ്ധിമുട്ട്, മരവിപ്പ്, ശരീരത്തിന്റെ അസന്തുലിതാവസ്ഥ, കാഴ്ച ശക്തി കുറയുക, അവ്യക്തത എന്നിവയിലേതെങ്കിലും അനുഭവപ്പെടുകയാണെങ്കിൽ അതും സ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്.
ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ
സമയബന്ധിതമായ ചികിത്സ കൊണ്ട് മാത്രം ഭേദമാക്കാവുന്ന ഒരു രോഗമാണ് സ്ട്രോക്ക്. വായ് കോട്ടം, കൈയ്ക്കോ കാലിനോ തളർച്ച, സംസാരത്തിന് കുഴച്ചിൽ എന്നീ ലക്ഷണങ്ങൾ ഒരാളിൽ കണ്ടാൽ സ്ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. സ്ട്രോക്കിന്റെ രോഗലക്ഷണങ്ങൾ ആരംഭിച്ച് നാലര മണിക്കൂറിനുള്ളിൽ ചികിത്സാ കേന്ദ്രത്തിൽ എത്തിച്ചേർന്നെങ്കിൽ മാത്രമേ ഇതിന് ഫലപ്രദമായ ചികിത്സ നൽകുവാൻ സാധിക്കുകയുള്ളൂ. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ചലന ശേഷിയും സംസാരശേഷിയും എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ചിലപ്പോൾ മരണവും. അതിനാൽ സ്ട്രോക്ക് ബാധിച്ചാൽ ആദ്യത്തെ മണിക്കൂറുകൾ വളരെ നിർണായകമാണ്.
Content Highlights: Learn about stroke symptoms and the BE FAST method for stroke prevention, emphasizing the importance of timely intervention to reduce risks.