സ്മാർട്ട്ഫോൺ ഉപയോഗം കുട്ടികളിൽ ആത്മഹത്യ ചിന്തകൾക്ക് കാരണമാകാം; പഠനം പറയുന്നത്

പ്രതീകാത്മക ചിത്രം | Photo: ChatGPT
പ്രതീകാത്മക ചിത്രം | Photo: ChatGPT

13 വയസ്സിന് മുൻപ് കുട്ടികൾക്ക് സ്മാർട്ട്ഫോൺ നൽകുന്നത് അവരുടെ മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കുമെന്ന് പഠനം. ഒരു ലക്ഷത്തിലധികം പേരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ജേണൽ ഓഫ് ഹ്യൂമൻ ഡെവലപ്‌മെന്റ് ആൻഡ് കേപ്പബിലിറ്റീസ് ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ചെറുപ്രായത്തിൽ സ്മാർട്ട്ഫോൺ ലഭിച്ച, നിലവിൽ 18-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ ആത്മഹത്യാചിന്തകൾ ഉണ്ടായതായി പഠനത്തിൽ പറയുന്നു. കൂടാതെ ആക്രമണോത്സുകത, യാഥാർത്ഥ്യത്തിൽ നിന്നുള്ള അകൽച്ച, വികാരങ്ങളെ നിയന്ത്രിക്കാനാകാത്ത അവസ്ഥ എന്നിങ്ങനെയുള്ള മാനസികപ്രശ്നങ്ങൾ ഇവരിൽ റിപ്പോർട്ട് ചെയ്യാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. 

സ്മാർട്ട്ഫോണുകൾ സാമൂഹികമാധ്യമങ്ങളിലേക്ക് നേരത്തെ കുട്ടികളെ പ്രവേശിപ്പിക്കും. പ്രായപൂർത്തിയാകുന്നതിന് മുമ്പ് സൈബർ ഭീഷണി, ഉറക്കം തടസ്സപ്പെടൽ, മോശം കുടുംബബന്ധങ്ങൾ എന്നിവയുണ്ടാകുന്നത് അപകടസാധ്യത വർധിപ്പിക്കുമെന്നും പഠനം പറയുന്നു. 

'കുട്ടികളുടെ സ്മാർട്ട്ഫോൺ ഉപയോഗം പരിമിതപ്പെടുത്താനും നിയന്ത്രിക്കാനും നമുക്ക് അടിയന്തര നിയമങ്ങൾ ആവശ്യമാണെന്ന് പഠനം തെളിയിക്കുന്നു. വൈകാരിക നിയന്ത്രണം, ആത്മാഭിമാനം എന്നീ വിഷയങ്ങളിൽ സ്മാർട്ട്ഫോൺ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആളുകൾ അവരുടെ സ്വന്തം അനുഭവങ്ങൾ റിപ്പോർട്ട് ചെയ്തതിൽ നിന്നാണ് ഫലങ്ങൾ ലഭിച്ചത്', സർവേ നടത്തിയ സാപിയൻ ലാബ്‌സ് സ്ഥാപക താരാ ത്യാഗരാജൻ പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ'  ഹെല്‍പ് ലൈനില്‍ വിളിക്കുക.  Toll free helpline number: 1056, 0471-2552056)

Content Highlights: Early Smartphone Use Linked to Mental Health Issues in Young Adults: New Study