ഈ രോഗത്തിനുള്ള മരുന്ന് കഴിക്കുന്നതിനാലാണ് വണ്ണം വെക്കുന്നത്; ബോഡിഷെയിം ചെയ്തവരോട് സെലീന

സെലിന ​ഗോമസ് | Photo: instagram.com/selenagomez/?hl=en
സെലിന ​ഗോമസ് | Photo: instagram.com/selenagomez/?hl=en

നിരവധി ആരാധകരുള്ള താരമാണ് അമേരിക്കൻ നടിയും ​ഗായികയുമായ സെലീന ​ഗോമസ്. വിഷാദരോ​ഗത്തിലൂടെ കടന്നുപോയതിനെക്കുറിച്ചും ലൂപസ് രോ​ഗത്തെ നേരിട്ടതിനെക്കുറിച്ചുമൊക്കെ സെലീന പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. വണ്ണത്തിന്റെ പേരിൽ തന്നെ ബോഡിഷെയിം ചെയ്യുന്നവർക്ക് സെലീന നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. 

ടിക്ടോക്കിലൂടെയാണ് സെലീന ഇതുസംബന്ധിച്ച വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വണ്ണത്തിലെ ഏറ്റക്കുറച്ചിലിനു പിന്നിൽ താൻ ലൂപസ് രോ​ഗത്തിന് കഴിക്കുന്ന മരുന്നുകളാണെന്നു പറയുകയാണ് സെലീന. താനൊരിക്കലും ഒരു മോഡൽ ആകുവാൻ പോകുന്നില്ലെന്നും തന്റെ ശരീരം ഇഷ്ടപ്പെടാത്ത ആളുകൾ മാറിപ്പോകൂ എന്നും പറയുകയാണ് സെലീന.

മരുന്ന് കഴിക്കുമ്പോൾ തന്റെ ഭാരം വർധിക്കും, അതു വളരെ സാധാരണവുമാണ്. അത് കഴിക്കാതിരിക്കുമ്പോൾ വണ്ണം കുറയുകയും ചെയ്യും. തന്നെപ്പോലെയുള്ള അവസ്ഥയിലൂടെ കടന്നുപോകുന്ന യഥാർഥ കഥയറിയാതെ ബോഡിഷെയിം ചെയ്യപ്പെടുന്നവർക്ക് വേണ്ടിയാണ് ഇപ്പോൾ ഇക്കാര്യം തുറന്നു പറയുന്നതെന്നും സെലീന പറഞ്ഞു. 
ഇത്തരം കമന്റുകൾ തന്റെ മാനസികാവസ്ഥയെ ബാധിക്കുന്നതിനെക്കുറിച്ചും സെലീന പറയുന്നുണ്ട്.  എല്ലാത്തിലുമുപരി തനിക്ക് തന്റെ ചികിത്സയാണ് പ്രധാനമെന്നും അതാണ് തന്നെ സഹായിക്കുന്ന ഘടകമെന്നും സെലിന കൂട്ടിച്ചേർക്കുന്നു. 

പിന്തുണയ്ക്കുന്നവർക്ക് സ്നേഹവും നന്ദിയും അറിയിക്കുന്ന സെലീന ബോഡിഷെയിം ചെയ്യുന്നവരോട് തന്നെ വിട്ടുപോകാനും പറയുന്നുണ്ട്. ഒരാളെ ശരീരത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ പേരിൽ കളിയാക്കുന്നവരിൽ തനിക്ക് വിശ്വാസമില്ലെന്നും സെലീന കൂട്ടിച്ചേർത്തു. 

അടുത്തിടെയും സെലിന ലൂപസ് രോ​ഗത്തിനുള്ള ചികിത്സയിലൂടെ കടന്നുപോകുന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ഒരു വീഡിയോക്ക് കീഴിൽ വന്ന കമന്റുകൾക്ക് മറുപടി പറയുകയായിരുന്നു സെലീന. എന്തുകൊണ്ടാണ് സെലീനയുടെ കൈകൾ ഇങ്ങനെ വിറയ്ക്കുന്നത് എന്നായിരുന്നു ചോദ്യം. ലൂപസ് രോ​ഗത്തിനുള്ള മരുന്നു കഴിക്കുന്നതുകൊണ്ടാണ് തനിക്ക് വിറയൽ അനുഭവപ്പെടുന്നത് എന്നാണ് സെലീന അന്ന് പറഞ്ഞത്. 

2014ലാണ് സെലിനയ്ക്ക് ലൂപസ് രോ​ഗം സ്ഥിരീകരിച്ചത്. തുടർന്ന് ആരോ​ഗ്യത്തിന്റെ ഓരോ പുരോ​ഗതിയെക്കുറിച്ചും സെലീന പങ്കുവെച്ചിരുന്നു. 2017ൽ രോ​ഗത്തിന്റെ ഫലമായി വൃക്കയ്ക്ക് തകരാർ വന്നതോടെ സെലീനയുടെ ആത്മാർ‌ഥ സുഹൃത്തായ ഫ്രാൻസിയ റെയ്സാണ് തന്റെ വൃക്കകളിലൊന്ന് ദാനം ചെയ്തത്. ‌

എന്താണ് ലൂപസ് രോ​ഗം? 

രോഗപ്രതിരോധ സംവിധാനത്തിന് തകരാർ സംഭവിക്കുന്നതാണ് ലൂപസ് വരാനുള്ള കാരണം. സിസ്റ്റമിക് ലൂപസ് എരിതോമറ്റോസിസ് എന്ന ഓട്ടോഇമ്മ്യൂൺ അസുഖത്തിന്റെ ചുരുക്കപ്പേരാണ് SLE അഥവാ 'ലൂപസ്'.  രോഗപ്രതിരോധ സംവിധാനം ശരീരത്തിനെതിരെ തിരിഞ്ഞ് ആരോഗ്യമുള്ള കോശങ്ങളെ ആക്രമിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ത്വക്ക്, സന്ധികൾ, ശ്വാസകോശം, മസ്തിഷ്‌കം,  കണ്ണ്, നാഡികൾ മുതലായ ഒട്ടുമിക്ക അവയവങ്ങളെയും രോ​ഗം ബാധിക്കാം.

രോഗലക്ഷണങ്ങൾ

രോഗത്തിന്റെ തുടക്കത്തിൽ ത്വക്കിലുണ്ടാകുന്ന ചുവന്ന ഫോട്ടോസെൻസിറ്റീവ് പാടുകളായോ കവിൾത്താടങ്ങളിലെ ചുവന്ന പുള്ളികളായോ (Butterfly rash) കാണാം. 

  • അടിക്കടി വായിലുണ്ടാകുന്ന പുണ്ണുകൾ, സന്ധികളിൽ ഉണ്ടാകുന്ന വേദന, നീർക്കെട്ട്
  • വിട്ടുമാറാത്ത പനി
  • അതിയായ ക്ഷീണം
  • തലയോട്ടി കാണും വിധമുള്ള മുടികൊഴിച്ചിൽ 
  • പ്രാരംഭഘട്ടത്തിൽ തന്നെ രോ​ഗം തിരിച്ചറിഞ്ഞ് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ആന്തരിക അവയവങ്ങളെ സാരമായി ബാധിച്ചേക്കാം. വൃക്കകൾ, ശ്വാസകോശം, മസ്തിഷ്‌കം, നാഡികൾ മുതലായ അവയവങ്ങളെയാണ് ലൂപസ് രോഗം ബാധിക്കുന്നത്.

Content Highlights: selena gomez slammed trolls and revealed that her lupus medication causes her weight fluctuations