ഭാരമുള്ള സ്കൂൾ ബാഗ് ഇട്ടാൽ സ്കോളിയോസിസ് വരുമോ ? മാതാപിതാക്കൾ തിരിച്ചറിയാൻ വൈകരുത്

#ഡോ. കൃഷ്ണ കുമാർ .ആർ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

“ഡോക്ടർ, കുട്ടികളെന്നെ ഒട്ടകം എന്ന് വിളിച്ചു കളിയാക്കുന്നു”

“നീയെന്താ ലാലേട്ടനെ പോലെ തോള് ചരിച്ച് നടക്കുന്നത് , ലാലേട്ടന്റെ കട്ട ഫാനാണോ അതോ പുഷ്പയുടെ ഫാനോ? ”

“ചുരിദാർ ഇടുമ്പോൾ ഇടുപ്പ് തള്ളി നിൽക്കുന്നു, അതുകൊണ്ട് ഷേപ്പ് ഉള്ള ഒരു വസ്ത്രവും ധരിക്കാൻ പറ്റുന്നില്ല”

“ഡോക്ടറെ, മോളുടെ മാറിടം ഒരുവശത്ത് ഉന്തി നിൽക്കുന്നു”

“ഫോട്ടോ എടുക്കുമ്പോൾ ഞാൻ മാത്രം ചരിഞ്ഞു നിൽക്കുന്നു”

“എത്ര പറഞ്ഞാലും പഠിക്കാനിരിക്കുമ്പോൾ നേരെ ഇരിക്കില്ല”

സ്കോളിയോസിസ് അഥവാ നട്ടെല്ലിന്റെ വളവ് ബാധിച്ച കുട്ടികളും അവരുടെ മാതാപിതാക്കളും സാധാരണ പറയുന്ന പരാതികളാണ്

നിങ്ങൾക്കറിയാമോ ലോകപ്രശസ്ത  അത്‌ലറ്റ് ഉസൈൻ ബോൾട്ട്, ഇംഗ്ലണ്ടിലെ രാജകുമാരി യുജിൻ, പ്രശസ്ത ഹോളിവുഡ് നടി ആയിരുന്ന എലിസബത്ത് ടൈലർ എന്നിവർക്ക് സ്കോളിയോസിസ് എന്ന അസുഖം ഉണ്ടെന്നുള്ളത്?

അറിയാം സ്കോളിയോസിസ് എന്താണെന്ന്

നട്ടെല്ലിനുണ്ടാകുന്ന അസ്വാഭാവികമായ, വശത്തിലേക്കുള്ള വളവ് അഥവാ ചെരിവ് ആണ് സ്കോളിയോസിസ്. ഇതുമൂലം ഒരുവശത്തേക്കുള്ള വാരിയെല്ലുകള്‍ പുറത്തേക്ക് തള്ളിവരുകയും തൻമൂലം നടുവിന്‍റെ ഭാഗത്ത് ഒരു വശത്തായി കൂനുപോലെ മുഴച്ചുനില്‍ക്കുകയും ചെയ്യുന്നു.
അതുകൊണ്ട് ഇത്തരം കുട്ടികൾ കളിയാക്കപ്പെടാറുണ്ട്. ഒട്ടകം എന്ന് കളിയാക്കിയതായി മേൽപ്പറഞ്ഞ കുട്ടി പരാമർശിക്കുന്നതും ഇതുതന്നെയാണ്.
നട്ടെല്ലിന്‍റെ വളവ് കൂടുന്നതിനനുസരിച്ച് നടുവിലെ മുഴയും തോളെല്ലും പുറത്തേക്ക് കൂടുതല്‍ തള്ളിവരും. കുനിയുമ്പോള്‍ നട്ടെല്ലിന്‍റെ ഉന്തിയ ഭാഗം കൂടുതല്‍ തെളിഞ്ഞുകാണുകയും ചെയ്യാം.

കുഞ്ഞിക്കൂനൻ എന്ന സിനിമയിലെ കഥാപാത്രത്തിന് വളരെ സങ്കീർണമായ സ്കോളിയോസിസ് മൂലമുള്ള വളവും കൂനുമാണ് കാണിക്കുന്നത്.
കൂടാതെ പെൺകുട്ടികളിൽ മാറിടം ഒരു വശത്തേക്ക് ഉന്തി നിൽക്കുന്നതായി കാണാം. പലപ്പോഴും അമ്മമാർ ഇത് ചൂണ്ടിക്കാണിക്കാറുണ്ട്. 
 
ഇതുപോലെതന്നെ സ്കോളിയോസിസ് ഉള്ള കുട്ടികളുടെ ഒരു തോള്‍വശം പൊങ്ങിനില്‍ക്കാം. അതുകൊണ്ട് ലാലേട്ടനെ പോലെ നടക്കുന്നോ,  പുഷ്പയെ പോലെ നടക്കുന്നോ എന്നൊക്കെയുള്ള കളിയാക്കലുകളും കുട്ടികൾ നേരിടാറുണ്ട്.

കൂടാതെ ഒരുവശത്തെ ഇടുപ്പെല്ല് പൊങ്ങിനില്‍ക്കാം. അതിനാൽ ജീൻസ്, പാന്റ്, ഇറുകിയ വസ്ത്രങ്ങൾ എന്നിവ ഇടുമ്പോൾ  അഭംഗി തോന്നാറുണ്ട്. കൂടാതെ ഇടുപ്പ് ഒരു വശത്തേക്ക് പൊങ്ങി പോകുന്നതിനാൽ ആ വശത്തെ കാലിന് നീളക്കുറവ് ഉള്ളതായി അനുഭവപ്പെടാം. അതിനാൽ നടക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസം വളരെ വ്യക്തമായി ആൾക്കാർ തിരിച്ചറിയും.

രോഗലക്ഷണങ്ങൾ

സ്കോളിയോസിസ് പെൺകുട്ടികളിലാണേറെയും കണ്ടുവരുന്നത്. കൗമാരപ്രായത്തിലുള്ള സ്കോളിയോസിസാണ് സാധാരണയായി കണ്ടുവരുന്നത്. പൊതുവെ ഇത്തരം പെണ്‍കുട്ടികള്‍ നീണ്ടുമെലിഞ്ഞ പ്രകൃതക്കാരായിരിക്കും. കുട്ടികള്‍ കൗമാര ദശയിലേക്ക് പ്രവേശിക്കുന്ന വര്‍ഷങ്ങളില്‍ ഉയരം വർധിക്കുകയും അതിനോടൊപ്പം നട്ടെല്ലിന് അസ്വാഭാവികമായ വളവ് ഉണ്ടാവുകയും ചെയ്യുന്നു. പെണ്‍കുട്ടികളില്‍ മാസമുറ ആരംഭിക്കുന്നതിന് ഒന്നുരണ്ട് വര്‍ഷം മുമ്പുതന്നെ വളവ് കൂടിവരുന്നതായി കാണുന്നുണ്ട്. സ്കോളിയോസിസിന്‍റെ പ്രാരംഭ ദശയില്‍ പലപ്പോഴും മാതാപിതാക്കള്‍ക്ക് കുട്ടികളിലെ മാറ്റം കണ്ടുപിടിക്കാന്‍ സാധിക്കാറില്ല. 

സ്കോളിയോസിസും തെറ്റിദ്ധാരണകളും

ഭാരമുള്ള സ്കൂൾ ബാഗ് ഇട്ടാൽ സ്കോളിയോസിസ് വരുമോ?
അമ്മയുടെ നട്ടെല്ല് വളഞ്ഞതാണെങ്കിൽ കുട്ടിക്ക് വളവുണ്ടാകുമോ? 

ഇത്തരം സംശയങ്ങൾ സ്വാഭാവികമാണ്. പൊതുജനങ്ങൾക്കിടയിൽ ലേഖകന്റെ നേതൃത്വത്തിൽ നടത്തിയ സർവ്വേ പ്രകാരം  38 ശതമാനം ആൾക്കാർ കരുതുന്നത് താരമേറിയ സ്കൂൾ ബാഗ് സ്കോളിയോസിസ് ഉണ്ടാക്കുമെന്നാണ്. 25 ശതമാനം ആൾക്കാർ വിചാരിക്കുന്നത് സ്കോളിയോസിസ് പാരമ്പര്യമായി കുടുംബങ്ങളിൽ കൊണ്ടുവരാൻ സാധ്യതയുള്ള ഒരു അസുഖമാണെന്നും അമ്മയ്ക്ക് ഉണ്ടെങ്കിൽ കുട്ടിക്കും വരുമെന്നുമാണ്.

എന്നാൽ ഇത്തരം സംശയങ്ങൾക്ക് ഉള്ള ഉത്തരം അടിവരയിട്ട് പറയട്ടെ,

ഭാരമേറിയ സ്കൂൾ ബാഗ് ഇട്ടാൽ നട്ടെല്ലിന് സ്കോളിയോസിസ് വരില്ല. പാരമ്പര്യ സ്വഭാവമുള്ള ഒരു അസുഖമല്ല സ്കോളിയോസിസ്. അമ്മയ്ക്ക് നട്ടെല്ലിന്റെ വളവുണ്ടെന്ന് കരുതി കുട്ടികൾക്ക് ഉണ്ടാകണമെന്നില്ല.

കുട്ടികൾ നേരെ ഇരിക്കാത്തതു കൊണ്ടോ കിടക്കാത്തതു കൊണ്ടോ നട്ടെല്ലിന് കൂന് വരില്ല. പലപ്പോഴും  കുട്ടികൾക്ക്  അവരുടെ മാതാപിതാക്കളിൽ നിന്നും ടീച്ചർമാരിൽ നിന്നോ വഴക്ക് കേൾക്കാറുണ്ട് “കുട്ടിയുടെ ഇരിപ്പ് ശരിയല്ല, നേരെ ഇരിക്കൂ” എന്നിങ്ങനെ. അവരുടെ നട്ടെല്ല് വളഞ്ഞ് പോയതുകൊണ്ടാണ് കുട്ടികൾ അങ്ങനെ ഇരിക്കുന്നത്.

സ്കോളിയോസിസും പാർശ്വഫലങ്ങളും

വളവ് കൂടുന്നതനുസരിച്ച്  ശ്വാസകോശത്തിന് ഞെരുക്കം വന്ന് ശ്വാസംമുട്ടലും ശ്വാസതടസ്സവും കിതപ്പും സാധാരണയായി കാണാറുണ്ട്.
വിവാഹശേഷം കുട്ടികളെല്ലാം ആയതിനുശേഷം കുടുംബ ജീവിതം നയിക്കുമ്പോൾ വീട്ടിലെ ജോലി ചെയ്യാനും പടികൾ കയറാനും ബുദ്ധിമുട്ടുന്ന സ്ത്രീകളുണ്ട്. മിക്കവർക്കും ശ്വാസംമുട്ടും കിതപ്പുമാണ് പ്രശ്നമായി വരാറുള്ളത്. ഇത് മനസ്സിലാക്കി അവരുടെ ഭർത്താക്കന്മാർ തന്നെ ചികിത്സയ്ക്കായി കൊണ്ടുവരാറുമുണ്ട് .

ചുരുക്കം ചിലരിൽ ഹൃദയപേശികളെ സ്കോളിയോൺസിസിന്റെ സങ്കീർണാവസ്ഥയിൽ ബാധിക്കാറുണ്ട്. നട്ടെല്ലിലെ അസ്വാഭാവിക വളവ് കാരണം ഇവരിൽ നടുവേദന കൂടുതലായി കണ്ടുവരാറുണ്ട്. കൂടാതെ  കാലിലേക്ക് പോകുന്ന നാഡീ ഞരമ്പുകളെയും ബാധിക്കാം.

ശരീരത്തിലെ വൈരൂപ്യം കാരണം ഇത്തരക്കാർ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം വളരെയേറെയാണ്. പൊന്തിയ തോളും നട്ടെല്ലിലെ കൂനും കാരണം പലരും സാമൂഹിക ചടങ്ങുകളിൽ നിന്നും അകന്ന് മാറി നിൽക്കാറുണ്ട്. കുടുംബത്തിലെ മൂത്തമകൾക്ക് സ്കോളിയോസിസ് ഉണ്ടായിരുന്നതിനാൽ അവരെ ഇളയ സഹോദരങ്ങളുടെ വിവാഹ ചടങ്ങിന് പോലും വിളിക്കാതിരുന്ന സന്ദർഭങ്ങൾ ലേഖകന് നേരിട്ട് അറിയാം.

സ്കോളിയോസിസിന്‍റെ ചികിത്സാ രീതികൾ

ചെറിയ വളവുകള്‍ക്ക് നട്ടെല്ലിനുള്ള ബെല്‍റ്റുകള്‍ (സ്പൈനൽ ബ്രേസ്) ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ഉപയോഗിക്കേണ്ടിവരും. വളവ് നിയന്ത്രണത്തിലാവുന്നുണ്ടെങ്കില്‍ അസ്ഥിവളര്‍ച്ച പൂർണമാകുന്നതുവരെ ഇത്തരം ബെല്‍റ്റുകള്‍ ഉപയോഗിക്കേണ്ടിവരും. സ്കോളിയോസിസ് 45 - 50 ഡിഗ്രിയില്‍ കൂടുതലാകുമ്പോള്‍ സര്‍ജറിയാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ചികിത്സാരീതി. കുട്ടികളിലും മുതിർന്നവരിലും ശസ്ത്രക്രിയ ചെയ്യാവുന്നതാണ്. നട്ടെല്ലിന്റെ വളവും കൂനും നിവർത്തിയെടുക്കുവാനുള്ള പ്രത്യേക പരിശീലനം നേടിയ സ്പൈൻ സർജന്മാരുടെ നേതൃത്വത്തിലാണ് ഇത്തരം സങ്കീർണ ശസ്ത്രക്രിയകൾ നടത്തുന്നത്.

ചുരുക്കം ചില സന്ദർഭങ്ങളിൽ വളവ് ഒരുപാട് കൂടി കഴിയുമ്പോൾ അതിനെ ലഘൂകരിക്കാനായി ശസ്ത്രക്രിയയ്ക്ക് മുമ്പ് തലയിൽ ഭാരം ഇട്ട് ചികിത്സിക്കുന്ന ഹേലോഗ്രാവിറ്റി ട്രാക്ഷൻ എന്നുള്ള ചികിത്സയും ചിലഘട്ടത്തിൽ വേണ്ടി വരാറുണ്ട്.അത്യാധുനിക ന്യൂറോ മോണിറ്ററിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ശസ്ത്രക്രിയ സമയത്ത് സുഷുമ്നാ നാഡിയുടെ പ്രവർത്തനം ഉടനീളം നിരീക്ഷിക്കുന്നതിനാൽ ഇത്തരം സർജറികൾ വളരെ സുരക്ഷിതമായി ചെയ്യാൻ കഴിയാറുണ്ട്.

ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം കലാകായികാഭ്യാസങ്ങളില്‍ മറ്റുകുട്ടികളെപ്പോലെ തുടര്‍ന്നും ഏര്‍പ്പെടാവുന്നതാണ്. പെണ്‍കുട്ടികളുടെ ഭാവിയിലെ വിവാഹത്തേയോ, ഗര്‍ഭധാരണത്തേയോ ഒരു തരത്തിലും ബാധിക്കുന്നതല്ല.

അനിവാര്യമായ ബോധവൽക്കരണം

ലോകമെമ്പാടും രണ്ടു മുതൽ മൂന്ന് ശതമാനത്തോളം ആൾക്കാർക്ക് ഈ അസുഖമുണ്ട്. ഈ അസുഖത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനായി ജൂൺ മാസം സ്കോളിയോസിസ്  ബോധവൽക്കരണ മാസമായി ആചരിക്കുന്നു. ജൂൺ മാസത്തിലെ അവസാനത്തെ ശനിയാഴ്ച അന്തർദേശീയ സ്കോളിയോസിസ്  ദിനമായും ആചരിക്കുന്നു.

കേരളത്തിൽ സ്കോളിയോസിസ്  ബാധിച്ചവരുടെ കൂട്ടായ്മ ലേഖകന്റെ നേതൃത്വത്തിൽ 2015 മുതൽ സജീവമായി പ്രവർത്തിക്കുന്നു
ഫലപ്രദമായ ചികിത്സയ്ക്കുശേഷം നമ്മുടെ സമൂഹത്തിൻറെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന  സ്കോളിയോസിസിനെ അതിജീവിച്ച ഒട്ടേറെ ആൾക്കാരുണ്ട്.   

(കൊച്ചി വി.പി.എസ് ലേക്ഷോർ ആശുപത്രിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈൻ&സ്കോളിയോസിസ് സർജറി വിഭാ​ഗം ഡയറക്ടറും  അന്താരാഷ്ട്ര സ്കോളിയോസിസ് സർജന്മാരുടെ റിസർച്ച് സംഘടനയായ (AO SPINE KNOWLEDGE FORUM DEFORMITY GROUP) എ.ഓ. സ്പൈൻ നോളജ് ഫോറം ഡിഫോമിറ്റി ഗ്രൂപ്പിലെ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധിയുമാണ് ലേഖകൻ)

Content Highlights: Learn about scoliosis, its symptoms, causes, and treatment options