ഷൂട്ടിനിടയിൽ ഇരുപത് മിനിറ്റ് സമയമുണ്ടെന്ന് സാന്യ, വർക്കൗട്ട് മുടക്കാതിരിക്കാൻ വേണ്ടതിതെന്ന് ട്രെയിനർ

#ഹെൽത്ത് ഡെസ്ക്
സാന്യ മൽഹോത്ര
സാന്യ മൽഹോത്ര

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീതി നേടിയ ബോളിവു‍ഡ് നടി സാന്യ മഹോത്ര  ഫിറ്റ്നസിന്റെ കാര്യത്തിലും വിട്ടുവീഴ്ച്ച ചെയ്യാത്ത താരമാണ്. സാമൂഹികമാധ്യമത്തിലൂടെ തന്റെ ഫിറ്റ്നസ് യാത്ര നിരന്തരം പങ്കുവെക്കാറുള്ളയാളുമാണ് സാന്യ. എത്ര ഷൂട്ടിങ് തിരക്കുകളായാലും വർക്കൗട്ടിനുവേണ്ടി ദിവസവും അൽപസമയമെങ്കിലും മാറ്റിവെക്കുന്നയാളാണ് സാന്യ എന്നുപറയുകയാണ് നടിയുടെ ഫിറ്റ്നസ് ട്രെയിനറായ ത്രിദേവ് പാണ്ഡെ.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീ‍ഡിയോയിലൂടെയാണ് ത്രിദേവ് ഇതേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. സാന്യ വർക്കൗട്ട് ചെയ്യുന്ന വീഡിയോ സഹിതമാണ് ത്രിദേവ് പോസ്റ്റ് ചെയ്തത്. തിരക്കിട്ട ഷെഡ്യൂളുകൾക്കിടയിലും സാന്യ വർക്കൗട്ടിനായി സമയം കണ്ടെത്തുമെന്ന് ത്രിദേവ് പറയുന്നു. സാന്യയേപ്പോലെയായാൽ ഫിറ്റ്നസ് നേടുന്നതിൽ നിന്ന് നിങ്ങളെ ആർക്കും തടയാനാവില്ലെന്നും ത്രിദേവ് പറയുന്നു.

ഷൂട്ടും മറ്റ് വർക്കുകളുമൊക്കെയായി സാന്യക്ക് വർക്കൗട്ട് ഒഴിവാക്കാൻ നിരവധി കാരണങ്ങളുണ്ടെന്ന് പറഞ്ഞ ത്രിദേവ് ഷൂട്ടിനിടയിൽ അൽപസമയം കിട്ടിയപ്പോൾ വർക്കൗട്ട് ചെയ്യാമെന്നുപറഞ്ഞ് സാന്യ അയച്ച സന്ദേശവും പങ്കുവെച്ചു. ഷൂട്ടിനിടയിൽ ഇരുപതുമിനിറ്റ് ഇടവേളയുണ്ടെന്നും വർക്കൗട്ട് ചെയ്യാമെന്നുമാണ് സാന്യ അയച്ചത്. വർക്കൗട്ട് സ്ഥായിയായി തുടരാൻ എപ്പോഴും അനുയോജ്യമായ സാഹചര്യങ്ങളല്ല, മറിച്ച് നിശ്ചയദാർഢ്യമാണ് വേണ്ടതെന്നും ത്രിദേവ് പറയുന്നുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

വ്യായാമം ചെയ്യുംമുമ്പ് ശ്രദ്ധിക്കേണ്ടത്

  • ഹൃദയത്തിന്റെയും മസ്തിഷ്‌കത്തിന്റെയുമൊക്കെ ചില പ്രശ്‌നങ്ങൾ ലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ നമുക്കുണ്ടായേക്കാം. ഡോക്ടറുടെ, വിദഗ്ധപരിശീലകരുടെ നിർദേശത്തോടെയാവാം വ്യായാമങ്ങൾ.
  • എല്ലാവരുടേയും ശരീരം ഒരുപോലെയല്ല. ഒന്നും ചെയ്യാതെയിരുന്ന് പെട്ടന്നൊരു ദിവസം കഠിനവ്യായാമത്തിലേക്ക് കടക്കുന്നത് അനാരോഗ്യം ഉണ്ടാക്കിയേക്കും. മാനസികമായുള്ള തയ്യാറെടുപ്പും ഇതിന് പ്രധാനമാണ്.
  • ഏതുതരം വ്യായാമമാണെങ്കിലും പതിയെ ചെയ്യാൻ തുടങ്ങാം. നടത്തം, ഓട്ടം, നീന്തൽ, വിവിധതരം കളികൾ, ജിമ്മിലെ വ്യായാമങ്ങൾ തുടങ്ങിയവയെല്ലാം ഘട്ടംഘട്ടമായി ചെയ്യാം. മാംസപേശികളെയും സന്ധികളെയും ചെറിയ വ്യായാമത്തിലൂടെ ശക്തിപ്പെടുത്തിക്കൊണ്ടുവരികയാണ് ആദ്യം വേണ്ടത്.
  • ജിമ്മിലാണെങ്കിൽ ശരീരത്തെ ചെറിയ വ്യായാമങ്ങളിലൂടെ ഒരുക്കിയെടുത്ത ശേഷമേ സൈക്കിൾ, ട്രെഡ് മിൽ തുടങ്ങിയവയിലേക്ക് കടക്കാവൂ.
  • പ്രഷർ, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ തുടങ്ങിയവയെല്ലാം ഉണ്ടാകാം. സ്ത്രീകളിലാണെങ്കിൽ കൂടുതലായി ഫൈബ്രോയിഡ്, പി.സി.ഒ.ഡി., തൈറോയിഡ് പ്രശ്‌നം ഒക്കെയുണ്ട്. ഡോക്ടറോടോ ട്രെയിനറോടോ ഫിസിയോതെറാപ്പിസ്റ്റിനോടോ സംസാരിച്ചശേഷം അനുയോജ്യമായ വ്യായാമത്തിലേക്ക് കടക്കാം.
  • നടുവേദന, മുട്ടുവേദന ഒക്കെ ഉള്ളവർ ഭാരമെടുക്കുന്നതുപോലുള്ള വ്യായാമങ്ങളിലേക്ക് കടക്കരുത്.

വാം അപ് നിർബന്ധം

  • വ്യായാമത്തിന് മുൻപ് വാം അപ് നിർബന്ധമാണ്. കൈകാലുകൾക്ക് സ്ട്രെച്ചിങ് നൽകണം. അഞ്ചുമിനിറ്റ് വാംഅപ് ചെയ്തശേഷം വ്യായാമത്തിലേക്ക് കടക്കാം.
  • വർക്ക്ഔട്ടിന് മുൻപ് പ്രീവർക്ക് ഔട്ട് മീൽസ് കഴിക്കാം.
  • മധുരമില്ലാത്ത പഴമോ ജ്യൂസോ മതിയാകും.
  • ആദ്യഘട്ടത്തിൽ ശരീരത്തെ വഴക്കമുള്ളതാക്കുന്ന വ്യായാമങ്ങളാണ് ചെയ്യേണ്ടത്. തുടർന്ന് ശരീരഭാരം കുറയ്ക്കുന്ന തീവ്രതയേറിയ വ്യായാമങ്ങൾ ചെയ്തുതുടങ്ങാം.
  • അമിതഭാരമുള്ളവർ ഒരു പേഴ്സണൽ ട്രെയിനറുടെ കീഴിൽ പരിശീലനം ചെയ്യുന്നതാണ് നല്ലത്. വർക്ക്ഔട്ട്‌, ഭക്ഷണം എന്നിവയെക്കുറിച്ച് കൃത്യമായ നിർദേശം ലഭിക്കാൻ അത് നല്ലതാണ്.
  • വ്യായാമത്തിനിടെ ക്ഷീണം തോന്നിയാൽ വിശ്രമിക്കുകയും ദാഹിക്കുമ്പോൾ ആവശ്യത്തിന് വെള്ളംകുടിക്കുകയും വേണം.

Content Highlights: Sanya Malhotra’s Secret to Staying Fit Despite a Busy Schedule