അമ്മയ്ക്കുണ്ടായ ലക്ഷണങ്ങൾ തിരിച്ചറിയാനായില്ല, നടുവേദനയും ഗ്യാസും ദീർഘകാലം അവഗണിക്കരുത്- നടൻ

#Health Desk
രാജീവ് ഖണ്ഡേൽവാൽ| Photo: instagram.com/simplyrajeev/
രാജീവ് ഖണ്ഡേൽവാൽ| Photo: instagram.com/simplyrajeev/

അർബുദം ബാധിച്ച് അമ്മ വിടപറഞ്ഞതിനേക്കുറിച്ചും രോഗം നേരത്തേ തിരിച്ചറിയാൻ കഴിയാതിരുന്നതിൽ തനിക്കുള്ള കുറ്റബോധത്തേക്കുറിച്ചും തുറന്നുപറഞ്ഞ് ബോളിവുഡ് നടനും ടിവി താരവുമായ രാജീവ് ഖണ്ഡേൽവാൽ. ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ഘട്ടമായിരുന്നു അതെന്നും തും ഹോ നാ എന്ന റിയാലിറ്റി ഷോയിൽ രാജീവ് സംസാരിച്ചു.

അണ്ഡാശയ അർബുദത്തെ തുടർന്നാണ് അമ്മയെ നഷ്ടപ്പെട്ടതെന്നും അതിനുപിന്നാലെ കുറ്റബോധം പേറിയാണ് താൻ ജീവിക്കുന്നതെന്നും രാജീവ് പറഞ്ഞു. അമ്മയ്ക്ക് പ്രാരംഭലക്ഷണങ്ങൾ പ്രകടമായ സമയത്ത് തനിക്ക് അത് തിരിച്ചറിയാനായിരുന്നില്ല. അമ്മയ്ക്ക് എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് മനസ്സിലാക്കാനും കഴിഞ്ഞില്ല. ലക്ഷണങ്ങൾ പ്രകടമായാൽ ചികിത്സിക്കാൻ വൈകരുതെന്നും ഓർമിപ്പിക്കുകയാണ് രാജീവ്. 

നടുവേദന , വിശപ്പ് കുറയുക, വയറു വീർക്കുക, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ ദീർഘകാലമായി ഉണ്ടെങ്കിൽ ദയവായി വൈകിക്കാതെ പരിശോധിക്കണമെന്നാണ് എല്ലാ സ്ത്രീകളോടും പറയാനുള്ളതെന്നും രാജീവ് പറയുന്നു.

അണ്ഡാശയ അർബുദത്തെ ചികിത്സയിലൂടെ നിയന്ത്രിക്കാനാവും. എന്റെ അമ്മയ്ക്ക് എനിക്ക് അതിന് കഴിഞ്ഞില്ല, പക്ഷേ നിങ്ങളെ ചുറ്റിപ്പറ്റിയുള്ള സ്ത്രീകളെ തീർച്ചയായും നിങ്ങൾക്ക് സംരക്ഷിക്കാനാവും- രാജീവ് പറഞ്ഞു.

2018-ൽ ഒന്നര വർഷത്തോളം അണ്ഡാശയ അർബുദത്തോട് പോരാടിയാണ് രാജീവിന്റെ അമ്മ മരിച്ചത്.

എന്താണ് അണ്ഡാശയ കാൻസർ?

സ്ത്രീകളുടെ പെൽവിസിന്റെ ഇരുവശത്തും സ്ഥിതി ചെയ്യുന്ന ചെറിയ അവയവങ്ങളാണ് അണ്ഡാശയങ്ങൾ. അവ ലൈംഗിക ഹോർമോണുകൾ ഉത്പാദിപ്പിക്കുകയും ആർത്തവചക്രം നിയന്ത്രിക്കുകയും അണ്ഡങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അണ്ഡാശയങ്ങളിൽ ഏതെങ്കിലും ഒന്നിനോ രണ്ടിലുമോ ഉണ്ടാകുന്ന കാൻസർ ആണ് അണ്ഡാശയ കാൻസർ.

ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

രോഗത്തിന്റെ ആദ്യഘട്ടത്തിൽ വളരെ കുറച്ച് ലക്ഷണങ്ങൾ മാത്രമേ കാണാറുള്ളൂ.

  • അടിവയറ്റിൽ വലിയ മുഴ പോലെ ഭാരം അനുഭവപ്പെടുക
  • ഭാരക്കുറവ്
  • ഓക്കാനം
  • മൂത്രസഞ്ചിയിലും മലാശയത്തിലും മർദം അനുഭവപ്പെടുക
  • മൂത്രശങ്ക
  • പുറംവേദന
  • ക്ഷീണം
  • വിശപ്പില്ലായ്മ
  • വയറു വീർക്കുക
  • വയറു നിറഞ്ഞതായി അനുഭവപ്പെടുക
  • അമിതവണ്ണം

Content Highlights: Rajeev Khandelwal discusses his mother's battle with ovarian cancer., Importance of recognizing early symptoms like persistent back pain and gas