നിപരോഗികൾക്ക് തുണയായത് റെംഡെസിവിർ, മരുന്നും രോഗികളുടെ മരണവും തമ്മിൽ ബന്ധമില്ലെന്ന് ഡോക്ടർ

#Health Desk
Representative Image| Photo: AFP
Representative Image| Photo: AFP

കോഴിക്കോട്: മരുന്നില്ലാത്ത രോഗമായി നിപ കേരളത്തെ പേടിപ്പിച്ചപ്പോൾ രോഗികൾക്ക് തുണയായത് റെംഡെസിവിർ ഇഞ്ചക്‌ഷൻ. വൈറസിന്റെ പ്രവർത്തനം കുറയ്ക്കാൻ സഹായിക്കുന്ന മരുന്നാണിത്. എബോളയ്ക്കും മറ്റുമെതിരേ പ്രയോഗിച്ചിരുന്ന റെംഡെസിവിർ കോവിഡ് സമയത്താണ് കാര്യമായി ഉപയോഗിക്കാൻ തുടങ്ങിയത്. അതിനു മുൻപുവരെ നിപ ചികിത്സയ്ക്ക് ഈ മരുന്ന് ഉപയോഗിച്ചിരുന്നില്ല. കോവിഡ് കാലത്ത് ഇത് ഇന്ത്യയിൽ കൂടുതൽ ഉണ്ടാക്കാനും വിതരണംചെയ്യാനും തുടങ്ങി. മനുഷ്യനിൽ ഈ മരുന്നിൽ വലിയരീതിയിൽ പഠനങ്ങൾ നടന്നിട്ടില്ല. മൃഗങ്ങളിലെ പഠനങ്ങളിൽ ഈ മരുന്ന് ഫലപ്രദമാകാമെന്നുകണ്ടാണ് ഉപയോഗിക്കാൻ തുടങ്ങിയത്. 2022-ലാണ് ഇന്ത്യയിൽ അവസാനമായി ഉത്പാദിപ്പിച്ചത്. കോവിഡ് വ്യാപനം നിലച്ച് ആവശ്യം കുറഞ്ഞതോടെ ഉത്പാദനം നിർത്തി.

രണ്ടുവർഷമാണ് മരുന്നിന്റെ കാലാവധി. കാലാവധി കഴിഞ്ഞാൽ രാസഘടനയിൽ മാറ്റംവരുകയും ഫലപ്രദമാവാതിരിക്കുകയും പലതരം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യാമെന്ന് ക്രിട്ടിക്കൽ കെയർ ഫിസിഷ്യൻ ഡോ. എ.എസ്. അനൂപ് കുമാർ പറഞ്ഞു.

2023 മുതലുള്ള രോഗപ്പകർച്ചയും ചികിത്സയും

2023-ൽ കുറ്റ്യാടി മരതോങ്കര സ്വദേശി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ച് രണ്ടാഴ്ചയ്ക്കുശേഷമാണ് മരണകാരണം നിപയാണെന്ന് സ്ഥിരീകരിച്ചത്. ആയഞ്ചേരി സ്വദേശിയായ നാല്പതുകാരൻ കോഴിക്കോട്ടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിക്കുകയും ചെയ്തു. അന്ന് സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്ന മൂന്നുപേരും മെഡിക്കൽ കോളേജിലുണ്ടായിരുന്ന ഒരു രോഗിയും രക്ഷപ്പെടുകയും ചെയ്തു.

2024-ൽ രോഗംവന്ന രണ്ടുപേരും മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിന്നാലുകാരനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ഗുരുതരാവസ്ഥയിലാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അന്നുതന്നെ രോഗം സ്ഥിരീകരിക്കുകയും മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. റെംഡെസിവിർ കൊടുക്കുംമുൻപുതന്നെ അമിതമായ രക്തസ്രാവംമൂലം മരിച്ചതായും ഡോ. അനൂപ് പറഞ്ഞു. 2024-ൽത്തന്നെ വണ്ടൂരിലെ ഇരുപത്തിനാലുകാരൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചിരുന്നു. മരണശേഷമാണ് നിപ സ്ഥിരീകരിച്ചത്.

2025-ൽ നാലു രോഗികളുണ്ടായിരുന്നു. ഇതിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് ഒരു രോഗിയും മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗിയും അസുഖംമാറി മടങ്ങി. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മണ്ണാർക്കാട് സ്വദേശി മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് സ്വദേശിനി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചശേഷമാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇവർക്കും റെംഡിസിവിർ ഉപയോഗിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ റെംഡെസിവിറിന്റെ ഉപയോഗവും ഈ രോഗികളുടെ മരണവും തമ്മിൽ ഒരു ബന്ധവുമില്ലെന്നും ഡോ. അനൂപ് വ്യക്തമാക്കുന്നു.

നിപ മരുന്നിനെച്ചൊല്ലി സഭയിൽ വിവാദം

തിരുവനന്തപുരം/കോഴിക്കോട്: ജനങ്ങളെ ഞെട്ടിച്ച് പടർന്ന നിപ രോഗത്തെ ഒന്നിലധികംതവണ ഫലപ്രദമായി തടഞ്ഞ കേരളത്തിൽ മരുന്നിനെച്ചൊല്ലി വിവാദം. കോഴിക്കോട് മെഡിക്കൽ കോളേജിൽ 2023 മുതൽ 2025 വരെ നിപ രോഗികൾക്കുൾപ്പെടെ നൽകിയ ‘റെംഡെസിവിർ’ മരുന്ന് കാലാവധി കഴിഞ്ഞതാണെന്ന് സംശയിക്കുന്നതായി മന്ത്രി കെ. മുരളീധരൻ നിയമസഭയിൽ പറഞ്ഞു.

ഈ കാലയളവിൽ നിപബാധിച്ച് ആറുപേർ മരിച്ചിരുന്നു. ഈ മരണങ്ങൾക്കുകാരണം കാലാവധികഴിഞ്ഞ മരുന്നാണോയെന്ന് അന്വേഷിക്കാൻ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചതായി മന്ത്രി പറഞ്ഞതോടെ ഗൗരവമേറി.

എന്നാൽ, 2025 സെപ്റ്റംബർവരെ കാലാവധിയുള്ള മരുന്നായിരുന്നു ഇതെന്നും അതുകഴിച്ചവരാരും മരിച്ചിട്ടില്ലെന്നും മുൻമന്ത്രി വീണാജോർജ് പറഞ്ഞു. സ്വകാര്യ ആശുപത്രികളിലും ഇത് ഉപയോഗിച്ചിട്ടുണ്ട്. അഞ്ചുപേർക്കാണ് അന്ന് മരുന്ന് കൊടുത്തത്. ആരോപണം കളവാണെന്നും മുൻമന്ത്രി പറഞ്ഞു.

കഴിഞ്ഞ മൂന്നുവർഷത്തിനിടെ നിപ ബാധിച്ച് മരിച്ച ആറുപേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് റെംഡെസിവിർ മരുന്ന് സ്വീകരിക്കാത്തവരാണെന്ന് പ്രമുഖ ക്രിട്ടിക്കൽ കെയർ ഫിസിഷ്യൻ ഡോ. എ.എസ്. അനൂപ് കുമാർ പറഞ്ഞു. നിപരോഗചികിത്സയിൽ തുടക്കത്തിലുണ്ടായിരുന്ന സ്വകാര്യാശുപത്രി ഡോക്ടറാണ് അദ്ദേഹം. 2023 മുതൽ 2025 വരെ നിപ ബാധിച്ച 13 പേരിൽ ആറുപേർ മരിച്ചു, ഏഴുപേർ അതിജീവിച്ചു. മരണശേഷമാണ് നാലുപേർക്ക് രോഗം സ്ഥിരീകരിച്ചത്. മറ്റുരണ്ടുപേർ മലപ്പുറം ജില്ലയിലെ ആശുപത്രിയിലാണ് മരിച്ചത്. ഇവർക്കാർക്കും കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് റെംഡെസിവിർ നൽകിയിട്ടില്ലെന്ന് ഡോ. അനൂപ് ചൂണ്ടിക്കാട്ടി. അതേസമയം, വിഷയത്തിൽ‌ പ്രതികരിക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് തയ്യാറായില്ല.

മാത്യു കുഴൽനാടന്റെ സബ്മിഷന് നിയമസഭയിൽ മറുപടിനൽകുകയായിരുന്നു മന്ത്രി മുരളീധരൻ. നിപ, കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ‘റെംഡെസിവിർ’ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെ.എം.എസ്.സി.എൽ.) മുഖേനയാണ് ആശുപത്രികൾക്ക് വിതരണംചെയ്തിരുന്നത്. അവശ്യമരുന്നുവിഭാഗത്തിലെ ‘നോ ബിഡർ’ ഇനമായതിനാൽ കാരുണ്യവഴിയാണ് വാങ്ങിയിരുന്നത്. 2021 ജൂൺ മൂന്നിനാണ് കെ.എം.എസ്.സി.എൽ. അവസാനമായി മരുന്നുവാങ്ങിയത്. 42 ലക്ഷം രൂപയ്ക്ക് വാങ്ങിയ 3000 ബോട്ടിലിന്റെ കാലാവധി 2023 മേയ് 30-ന് അവസാനിച്ചു. എന്നാൽ, മെഡിക്കൽ കോളേജിൽ 2023-24 സാമ്പത്തികവർഷം 102 ബോട്ടിലും 2024-25ൽ 34 ബോട്ടിലും 2025-26ൽ 10 ബോട്ടിലും ഉപയോഗിച്ചിട്ടുണ്ട്. ഈ സാമ്പത്തികവർഷം 50 ബോട്ടിൽ ജൂൺ 12-ന് ബഹ്‌റൈനിൽനിന്ന് വരുത്തിയിരുന്നു. ഇതുനൽകിയ രോഗി രോഗമുക്തനായി.

‌2023-ൽ നിപ സ്ഥിരീകരിച്ച ആറുപേരിൽ രണ്ടുപേരും 2024-ൽ രോഗം ബാധിച്ച രണ്ടുപേരും 2025-ൽ മൂന്നുപേരിൽ രണ്ടുപേരും മരിച്ചെന്നും മന്ത്രി പറഞ്ഞു.

മരുന്നുനൽകിയ മറ്റുരോഗികൾക്ക് പാർശ്വഫലങ്ങളുണ്ടോ എന്ന് ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡാണ് പരിശോധിക്കുക. സമാനരീതിയിൽ ‘റെംഡെസിവിർ’ നൽകിയ മുഴുവൻ രോഗികളുടെയും വിവരം ആരോഗ്യവകുപ്പ് മുഖേന ശേഖരിക്കാൻ നിർദേശിച്ചതായും മന്ത്രി പറഞ്ഞു.

Content Highlights: Explore the controversy surrounding the use of Remdesivir for Nipah treatment in Kerala, including concerns about expired medication and its effectiveness.