‘അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം പ്രചോദനാത്മകം’; 22 കിലോ കുറച്ച കീരവാണിയെ പ്രശംസിച്ച് അനുപം ഖേർ

#Health Desk
കീരവാണി വണ്ണംകുറയ്ക്കുന്നതിനു മുമ്പുംശേഷവും, അനുപം ഖേർ
കീരവാണി വണ്ണംകുറയ്ക്കുന്നതിനു മുമ്പുംശേഷവും, അനുപം ഖേർ

വിഖ്യാത സംഗീത സംവിധായകൻ എം.എം. കീരവാണിയുടെ വണ്ണംകുറയ്ക്കൽ യാത്രയേക്കുറിച്ച് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച് നടൻ അനുപം ഖേർ. ഇരുപത്തിരണ്ടുകിലോയാണ് കീരവാണി കുറച്ചത്. വണ്ണംകുറയ്ക്കുന്നതിന് മുമ്പും ശേഷവും എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ഓസ്കാർ ജേതാവും തന്റെ സുഹൃത്തുമായ എം.എം. കീരവാണി 22 കിലോയോളം കുറച്ചുവെന്നും അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം പ്രചോദനാത്മകമാണെന്നും അനുപംഖേർ കുറിച്ചു. ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെ അദ്ദേഹത്തെ കാണാനായെന്നും വളരെ ഊർജസ്വലനായാണ് കാണപ്പെട്ടതെന്നും അനുപംഖേർ പറയുന്നു. സംഗീതത്തിൽ കീരവാണി ജീനിയസാണെന്നും നിശ്ചയദാർഢ്യത്തിലൂടെ എന്താണ് സാധ്യമാവുക എന്ന് ഇപ്പോൾ സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചുവെന്നും കുറിപ്പിലുണ്ട്.

വണ്ണം കുറയ്ക്കാൻ ഐ.സി.എം.ആർ.(Indian Council of Medical Research) നിർദേശിക്കുന്ന ആരോഗ്യകരമായ രീതി

സമീകൃതാഹാരം

നാരുകളും പോഷകവും ധാരാളമുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. ഇത് വിശപ്പ് കുറയ്ക്കുകയും കൂടുതൽ ഭക്ഷണം കഴിക്കാനുള്ള തോന്നൽ കുറയ്ക്കുകയും ചെയ്യും. ഇതുവഴി ശരീരത്തിൽ കൂടുതൽ കലോറി എത്തുന്നത് കുറയ്ക്കും.

പച്ചക്കറികൾ

കലോറി കുറഞ്ഞതും വിറ്റാമിനുകൾ, മിനറലുകൾ, ഫൈബർ തുടങ്ങിയതുമായ ഭക്ഷണങ്ങൾ വണ്ണംകുറയ്ക്കൽ എളുപ്പമാക്കും.

അളവിൽ നിയന്ത്രണം

ഭക്ഷണം കഴിക്കുന്നതിന്റെ അളവിൽ നിയന്ത്രണം വരുത്തുകയും അമിതമായി കഴിക്കുന്നത് തടയുകയും ചെയ്യുക.

സ്നാക്സിലും മാറ്റം വേണം

സ്നാക്സ് തിരഞ്ഞെടുക്കുമ്പോൾ അവ പോഷകസമ്പന്നമാണെന്ന് ഉറപ്പുവരുത്തുക. നട്സ്, പ്ലെയിൻ യോഗട്ട്, പച്ചക്കറികൾ തുടങ്ങിയവ തിരഞ്ഞെടുക്കാം.

ആരോഗ്യകരമായ പാചകരീതി

പാചകരീതി ആരോഗ്യകരമാവാൻ ശ്രദ്ധിക്കുക. ഗ്രില്ലിങ്, ബേക്കിങ്, സ്റ്റീമിങ് തുടങ്ങിയവയ്ക്കെല്ലാം മറ്റു പാചകരീതിയെ അപേക്ഷിച്ച് കുറവ് എണ്ണ മതി. ഇത് വണ്ണംവെക്കാതിരിക്കാൻ സഹായിക്കും.

മധുര പാനീയങ്ങൾ കുറയ്ക്കാം

സോഡ, ഫ്രൂട്ട് ജ്യൂസ് തുടങ്ങിയവും മധുരപാനീയങ്ങളും കുറയ്ക്കാം. വെള്ളം, ഹെർബൽ ടീ, മധുരമില്ലാത്ത പാനീയങ്ങൾ തുടങ്ങിയവ തിരഞ്ഞെടുക്കാം.

ഫുഡ് ലേബലുകളിലും വേണം ശ്രദ്ധ

കലോറി, കൃത്രിമ മധുരം, ഉപ്പ് തുടങ്ങിയവയുടെ അളവ്, സാച്ചുറേറ്റഡ് ഫാറ്റ് ഉണ്ടോ തുടങ്ങിയവ ഫു‍ഡ് ലേബലിൽ പരിശോധിക്കണം. ആരോഗ്യകരമായ ചേരുവകളടങ്ങിയവ പരമാവധി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കാം.

ആരോഗ്യകരമായ ശരീരം കാക്കാൻ ചില ടിപ്സ്

  • പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.
  • കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞു കഴിക്കുക.
  • പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക.
  • ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക.
  • ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം അവസാനിപ്പിക്കുക.
  • വ്യയാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയായ നിലയിൽ കൊണ്ടുപോകണം. എങ്കിലേ വണ്ണം കുറയ്ക്കൽ വിജയകരമാകൂ.
  • ഒരു ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം.
  • വറുത്ത പലഹാരങ്ങൾക്ക് പകരം പഴമോ നട്സുകളോ സ്നാക്ക് ആയി കഴിക്കുന്നത് ശീലമാക്കുക.
  • പഞ്ചസാരയുടെ അളവ് കുറയ്ക്കാം.
  • ഭക്ഷണം സാവധാനം നന്നായി ചവച്ചരച്ച് കഴിക്കണം. അത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
  • ടി.വി.യോ മൊബൈലോ ഒക്കെ കണ്ട് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കണം.

Content Highlights: Anupam Kher shares M.M. Keeravani's inspiring weight loss journey on social media, highlighting his determination and 22 kg transformation.