മുടികൊഴിച്ചിലിനുള്ള മാജിക് മരുന്നോ മിനോക്സിഡിൽ?; പഠനങ്ങൾ പറയുന്നത്, ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

#Health Desk
എ.ഐ നിര്‍മിത ചിത്രം
എ.ഐ നിര്‍മിത ചിത്രം

മുടികൊഴിച്ചിൽ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മിനോക്സിഡിൽ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്. തലയൊട്ടി, താടി എന്നിവിടങ്ങളിൽ പ്രകടമായ മാറ്റമുണ്ടായതായി അവകാശപ്പെട്ടുകൊണ്ട് ഒട്ടേറെപ്പേർ രംഗത്തെത്തുന്നുമുണ്ട്. മിനോക്സിഡിൽ ഉപയോഗത്തിന് മുൻപും ശേഷവുമുള്ള ഫോട്ടോകളും ഇവർ പങ്കുവെയ്ക്കുന്നുണ്ട്. എന്നാൽ, ആർക്കൊക്കെ ഈ മരുന്ന് ഉപയോഗിക്കുന്നതുകൊണ്ട് പരിഹാരമുണ്ടാകും? എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? എന്താണ് ശാസ്ത്രം പറയുന്നത്?

പഠനങ്ങൾ പറയുന്നത്

യഥാർഥത്തിൽ രക്തസമ്മർദ്ദത്തിനുള്ള മരുന്നായി വികസിപ്പിച്ചെടുത്തതായിരുന്നു മിനോക്സിഡിൽ. പിന്നീടാണ് ഇവ പുരുഷന്മാരിലെ കഷണ്ടി(androgenetic alopecia) ചികിത്സിക്കുന്നതിന് വ്യാപകമായി ഉപയോഗിക്കുന്നത്. മിനോക്സിഡിലിന് മുടിയുടെ വളർച്ചാഘട്ടം നീട്ടാനും രോമകൂപങ്ങൾക്ക് ചുറ്റുമുള്ള രക്തയോട്ടം വർധിപ്പിക്കാനും സാധിക്കുമെന്ന് അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജിയുടെ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നു. ഇത് കാലക്രമേണ മുടിയുടെ ഡെൻസിറ്റിയും മെച്ചപ്പെടുത്തുന്നു.

സ്ത്രീകളിലെ മുടികൊഴിച്ചിൽ ബാധിച്ച 381 പേരിൽ നടത്തിയ മറ്റൊരു പരീക്ഷണത്തിൽ മുടിയുടെ എണ്ണവും കട്ടിയും വർധിപ്പിക്കുന്നതിൽ 5% വീര്യമുള്ള മിനോക്സിഡിലിന് സാധിക്കുമെന്ന് കണ്ടെത്തി. രണ്ട്, അഞ്ച് എന്നീ ശതമാനത്തിലാണ് മിനോക്സിഡിൽ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നത്. ഇതിൽ അഞ്ച് ശതമാനം മികച്ച ഫലങ്ങൾ കാണിക്കുന്നതായാണ് റിപ്പോർട്ടുകൾ.

5% മിനോക്സിഡിൽ നാല് മാസം സ്ഥിരമായി ഉപയോഗിച്ചതിന് ശേഷം മുടിയിഴകളുടെ എണ്ണം വർധിക്കുകയും കട്ടി കൂടുകയും ചെയ്തതായി ഡെർമറ്റോളജിക് തെറാപ്പിയിൽ പ്രസിദ്ധീകരിച്ച പഠനവും പറയുന്നു.

എല്ലാവർക്കും ഫലപ്രദമോ?

ഫലങ്ങളുണ്ടെങ്കിലും മിനോക്സിഡിൽ എല്ലാവർക്കും ഒരുപോലെ ഫലപ്രദമാകില്ലെന്ന് പല വിദഗ്ധരും പറയുന്നുണ്ട്. മുടികൊഴിച്ചിലിന്റെ പ്രാരംഭ ഘട്ടത്തിലുള്ളവരിലാണ് മിനോക്സിഡിൽ ഏറ്റവും നന്നായി പ്രവർത്തിക്കുന്നതെന്നാണ് ജേണൽ ഓഫ് ദി അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. ഉപയോഗം നിർത്തിയതിന് ശേഷം മുടി കൊഴിഞ്ഞുപോയെന്ന് പരാതി ഉന്നയിക്കുന്നവരുമുണ്ട്. ഈ വിഷയത്തിൽ ഇനിയും ഗവേഷണങ്ങൾ നടക്കേണ്ടതുണ്ട്.

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)

Content Highlights: Discover if Minoxidil is the miracle cure for hair loss. Learn what science says, who benefits, and what precautions to take. Get clear answers.