പുലർച്ചെ സ്ഥിരമായി ഉണരാറുണ്ടോ? ആർത്തവവിരാമ കാലത്ത് ഉറക്കം തടസ്സപ്പെടാം; കാരണങ്ങൾ പലത്

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ആർത്തവവിരാമകാലത്ത് ശരീരത്തിൽ പലതരത്തിലുള്ള മാനസിക-ശാരീരിക മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. ഹോർമോൺ നിലയിലെ വ്യതിയാനങ്ങൾ അനുബന്ധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ആർത്തവവിരാമകാലത്ത് ഉറക്കസംബന്ധമായ തകരാറുകൾ നേരിടുന്നുവെന്ന് പരാതിപ്പെടുന്നവരും കുറവല്ല. ആർത്തവവിരാമത്തിലൂടെ കടന്നുപോകുന്നവരിൽ സുഖകരമായ ഉറക്കം തടസ്സപ്പെടുന്നതും പുലർച്ചെകളിൽ ഉറക്കം തടസ്സപ്പെട്ട് എഴുന്നേൽക്കുന്നതും സാധാരണമാണെന്നാണ് SWAN ( Study of Women’s Health Across the Nation ) പഠനം വ്യക്തമാക്കുന്നത്.

ആർത്തവവിരാമകാലത്ത് മസ്തിഷ്കം, ഹോർമോണുകൾ, സിർകാഡിയൻ റിഥം തുടങ്ങിയവയുടെ പ്രവർത്തനങ്ങളിൽ വലിയ തോതിലുള്ള മാറ്റങ്ങളുണ്ടാകുന്നതാണ് ഉറക്കം തടസ്സപ്പെടാനുള്ള കാരണമാകുന്നതെന്നാണ് വിലയിരുത്തൽ. പ്രായമാകുംതോറും ഉറക്കസംബന്ധമായ തകരാറുകൾ കൂടുമെന്നും പഠനം പറയുന്നുണ്ട്. ആർത്തവവിരാമത്തിലേക്കു കടക്കുന്ന കാലത്തും ആർത്തവവിരാമശേഷവും ഉറക്കതടസ്സങ്ങൾ നേരിടാറുണ്ടെന്ന് 60% സ്ത്രീകളും അഭിപ്രായപ്പെടുന്നുവെന്ന് പഠനത്തിലുണ്ട്.

ആർത്തവവിരാമത്തിലേക്ക് കടക്കുന്ന കാലംമുതലേ ഉറക്കവും ഉണരലും നിശ്ചയിക്കുന്ന സിർകാഡിയൻ റിഥത്തിൽ മാറ്റമുണ്ടാകും. ഇതുമൂലമാണ് വൈകുന്നേരങ്ങളിൽതന്നെ ഉറക്കച്ചടവിലേക്ക് പോകാനും പുലർച്ചെകളിൽ ഉറക്കം നഷ്ടമാകാനും കാരണമാകുന്നത്. ഉറക്കത്തിനായി സഹായിക്കുന്ന മെലാടോണിൻ എന്ന ഹോർമോൺ കുറയുന്നതും ഉറക്കം തടസ്സപ്പെടും.

അതിരാവിലെ ഉണർന്നാൽ പിന്നീട് ഉറങ്ങാൻ ബുദ്ധിമുട്ടുന്നതും മിക്കവരുടെയും പ്രശ്നമാണ്. ഇതിനു പിന്നിൽ കോർട്ടിസോൾ എന്ന ഹോർമോൺ ഉയരുന്നതാണ് എന്നാണ് വിലയിരുത്തൽ. ഉണർന്ന ഉടൻ ആദ്യത്തെ 30 മുതൽ 45 മിനിറ്റിനുള്ളിൽ കോർട്ടിസോൾ വേഗത്തിൽ വർധിക്കും. പിന്നാലെ, ദിവസം തുടങ്ങുകയായി എന്ന് ശരീരം തെറ്റായി വ്യാഖ്യാനിക്കുകയും അതിനായി തയ്യാറെടുക്കാൻ തുടങ്ങുകയും ചെയ്യും. ഇതിന്റെ ഭാഗമായി ജാഗ്രത വർധിപ്പിക്കുക, ഊർജം സമാഹരിക്കുക, മനസ്സിനെ സജീവമാക്കുക തുടങ്ങിയവയുണ്ടാകാം. ഈ ശാരീരിക പ്രവർത്തനങ്ങളാണ് പുലർച്ചെകളിൽ ഉറക്കമുണർന്നാൽ വീണ്ടും ഉറങ്ങാൻ തടസ്സമുണ്ടാക്കുന്നത്.

ആർത്തവവിരാമം

45-50 വയസ്സോടടുപ്പിച്ച് സ്ത്രീകളിൽ ആർത്തവം പൂർണമായും നിൽക്കുന്ന അവസ്ഥയാണ് ആർത്തവവിരാമം. ശാരീരിക മാറ്റങ്ങൾ, മാനസിക സമ്മർദം, ഹോർമോൺ അസന്തുലിതാവസ്ഥ, അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ, ഉറക്കക്കുറവ്, വിഷാദരോഗം എന്നുതുടങ്ങി നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന ഘട്ടമാണിത്. അണ്ഡാശയങ്ങളുടെ പ്രവർത്തനശേഷി കുറയുകയും ഹോർമോൺ ഉൽപാദനം നിൽക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന കാരണം. മാസമുറ ക്രമം തെറ്റി വരികയും ക്രമേണ ഇല്ലാതാവുകയും ചെയ്യും.

ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന 50 ശതമാനം സ്ത്രീകളിലും ശരീരത്തിന് ചൂട് കൂടുതലായി അനുഭവപ്പെടുന്ന ഹോട്ട ഫ്‌ളഷസ് (hot flashes) ഉണ്ടാകാറുണ്ട്. ക്ഷീണം, ദേഷ്യം, ഉറക്കക്കുറവ്, ഓർമ്മക്കുറവ്, വിഷാദം, മാനസിക പിരിമുറുക്കങ്ങൾ എന്നിവ അനുഭവപ്പെടാം. മൂത്രം പിടിച്ചു നിർത്താനുള്ള ശേഷി കുറയുക, കാൽസ്യത്തിന്റെ അളവ് കുറയുകയും കാണാറുണ്ട്. ഇതുമൂലം എല്ലുതേയ്മാനം അഥവാ ഓസ്റ്റിയോപൊറോസിസ് എന്ന അസുഖമായി മാറാനുള്ള സാധ്യതയുമുണ്ട്.

ആർത്തവവിരാമത്തിന്റെ പ്രധാന ലക്ഷണങ്ങൾ

ശരീരത്തിൽ അമിതമായി ചൂട് അനുഭവപ്പെടുക, അമിതമായി വിയർക്കുക.

എല്ലുകളുടെ ബലക്ഷയം, പലതരത്തിലുള്ള മാനസിക സംഘർഷങ്ങൾ, ഉത്കണ്ഠ,വിഷാദം, ദേഷ്യം, ഉറക്കമില്ലായ്മ. അസ്ഥികളുടെ ബലക്ഷയം മൂലം ചെറിയ വീഴ്ച പോലും എല്ലുകൾ പൊട്ടുന്നതിന് കാരണമാകുന്നു.

ആർത്തവവിരാമത്തിനു ശേഷം ഈസ്ട്രജൻ ഹോർമോണിന്റെ അളവ് ശരീരത്തിൽ കുറയുകയും അതുമൂലം തൊലിപ്പുറമേ വരൾച്ചയും ഇരുണ്ട അടയാളങ്ങളും കാണുന്നു.

ജീവിതസാഹചര്യങ്ങളും ചുറ്റുപാടുകളിൽ പെട്ടെന്നുണ്ടായ മാറ്റവും മൂലം മാനസിക പിരിമുറുക്കം വർധിക്കുന്നു. പഠനത്തിനും ജോലി ആവശ്യത്തിനുമായുള്ള മക്കളുടെ താത്കാലിക വേർപാട്, പ്രായമായ മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങൾ, ലൈംഗികതയോടുള്ള താത്പര്യക്കുറവ്, ജോലി സ്ഥലത്തെ അസ്വസ്ഥതകൾ എന്നിവയെല്ലാം ഒറ്റപ്പെട്ട ഒരു അവസ്ഥ ഉണ്ടാക്കുന്നു.

Content Highlights: Hormonal changes during menopause can lead to sleep disruptions. Learn how circadian rhythm and melatonin levels affect sleep quality in women.