കാരണമില്ലാതെ ടെൻഷനും സ്ട്രെസ്സും അനുഭവപ്പെടുന്നുണ്ടോ? ജീവിതശൈലിയിലെ ഈ മാറ്റങ്ങൾ ആശ്വാസമേകും

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

വ്യക്തമായ കാരണങ്ങളില്ലാതെ തന്നെ നിരന്തരമായ സമ്മർദ്ദം, ഉത്കണ്ഠ എന്നിവ അനുഭവപ്പെടുന്ന ഒരുപാട് പേർ നമുക്ക് ചുറ്റിലുമുണ്ട്. പലപ്പോഴും, ഈ പ്രശ്നത്തിന്റെ പ്രധാന കാരണം സ്ട്രെസ് ഹോർമോണുകളെ ബാധിക്കുന്ന ദൈനംദിന ശീലങ്ങളാകാം എന്ന് പറയുകയാണ് ഡോ. കുനാൽ സൂദ്. ഉയർന്ന കോർട്ടിസോളിന്റെ അളവ് പലപ്പോഴും വിട്ടുമാറാത്ത മാനസിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവിതചര്യയിൽ വരുത്തുന്ന ചില മാറ്റങ്ങൾ വഴി ഇവ ഫലപ്രദമായി കൈകാര്യം ചെയ്യാനും കഴിയുമെന്നും ഡോക്ടർ പറയുന്നു.

ഉറക്കക്കുറവ്

ശരിയായ ഉറക്കം കോർട്ടിസോൾ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് ഡോക്ടർ പറയുന്നു. ഒരു രാത്രിയെങ്കിലും കൃത്യമായി ഉറങ്ങാൻ സാധിക്കാത്തത് കോർട്ടിസോളിന്റെ അളവിനെ ബാധിക്കും. ഉറക്കക്കുറവ് ഈ സ്ട്രെസ് ഹോർമോണുകളെ വർധിപ്പിക്കുകയും ചെയ്യും.

അമിതമായ വ്യായാമം

വ്യായാമം പലപ്പോഴും കോർട്ടിസോൾ അളവ് വർധിപ്പിക്കുമെങ്കിലും അല്പസമയത്തിനകം ഇത് സാധാരണ നിലയിലാകാം. എന്നാൽ, മതിയായ വിശ്രമമില്ലാതെ അമിതമായി വ്യായാമം ചെയ്യുന്നത് കോർട്ടിസോൾ വർധിപ്പിക്കുകയും ശരീരത്തിന്റെ സ്ട്രെസ് ബാലൻസ് തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

മാനസിക സമ്മർദ്ദം

ദീർഘകാലമായുള്ള മാനസിക സമ്മർദ്ദം കോർട്ടിസോളിന്റെ അളവിനെ ബാധിക്കും. കാലക്രമേണ അത് ഉയർന്ന നിലയിലെത്തുന്നു. ഇത് മാനസികാവസ്ഥയേയും രോഗപ്രതിരോധ സംവിധാനത്തേയും പോലും ബാധിച്ചേക്കാം.

സ്‌ക്രീൻ ഓവർലോഡ്

സ്‌ക്രീനുകളിലെ നീല വെളിച്ചത്തിലേക്കുള്ള അമിതമായ എക്സ്പോഷർ കോർട്ടിസോളിനെ ബാധിക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. നീല വെളിച്ചം സിർകാഡിയൻ ടൈമിങ്ങിനെ തടസ്സപ്പെടുത്തുകയും മെലാടോണിൻ അടിച്ചമർത്തുകയും ചെയ്യുന്നതാണ് ഉറക്കത്തെ ബാധിക്കുന്നത്.

ഭക്ഷണം ഒഴിവാക്കുന്നത്

ഭക്ഷണം ഒഴിവാക്കുന്നത് നമ്മുടെ മെറ്റബോളിസത്തേയും കോർട്ടിസോളിന്റെ അളവിനേയും ബാധിക്കുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും ഡോക്ടർ നൽകുന്നു. രക്തത്തിലെ ഗ്ലൂക്കോസ് നിലനിർത്താൻ കോർട്ടിസോൾ ഉയരുന്നു. ഈ ശീലം പതിവാക്കുന്നത് മാനസികാരോഗ്യത്തെ ബാധിക്കും.

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)

Content Highlights: Discover daily habits that impact cortisol, the stress hormone. Learn how sleep, exercise, screen time, and diet affect anxiety levels and how to manage them for better mental health.