എത്ര ശ്രമിച്ചിട്ടും മുടികൊഴിച്ചിൽ മാറുന്നില്ലേ?; കാരണം താഴ്ന്ന കൊളസ്‌ട്രോൾ ആകാം, പഠനം പറയുന്നത്

#സി. ശ്രീകാന്ത്
എ.ഐ നിര്‍മിത ചിത്രം
എ.ഐ നിര്‍മിത ചിത്രം

തിരുവനന്തപുരം: ശരീരത്തിലെ ഉയർന്ന കൊളസ്‌ട്രോളിനെ ഗൗരവമായി കാണേണ്ടതാണെങ്കിലും കൊളസ്‌ട്രോൾനില താഴുന്നതിലും വേണം അല്പം പേടിയെന്നാണ് പുതിയ കണ്ടെത്തൽ. അകാല മുടികൊഴിച്ചിലിലും കഷണ്ടിയിലും കൊളസ്‌ട്രോളിനുള്ള പങ്ക് കണ്ടെത്തിയിരിക്കയാണ് കേരള സർവകലാശാല ജന്തുശാസ്ത്രവിഭാഗം അഡ്വാൻസ്ഡ് സെന്റർ ഫോർ റീജനറേറ്റീവ് മെഡിസിൻ ആൻഡ് സ്റ്റെം സെൽ റിസർച്ച് ഇൻ ക്യൂട്ടേനിയസ് ബയോളജിയും അമേരിക്കയിലെ വിസ്‌കോൺസിൻ സർവകലാശാലയും നടത്തിയ സംയുക്ത ഗവേഷണം.

ഹെയർ ഫോളിക്കിൾ കോശങ്ങളിൽ കൊളസ്ട്രോൾ അളവ് കുറയുന്നത് മൂലകോശങ്ങൾ നശിച്ച് കനത്ത മുടികൊഴിച്ചിലിന്‌ കാരണമാകുമെന്നാണ് ഗവേഷണത്തിലെ കണ്ടെത്തൽ.

കൊളസ്‌ട്രോൾ മെറ്റബോളിസത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് മുടി കൊഴിച്ചിലിന് കാരണമാകുന്നത്. ഹൃദ്രോഗവും കൊളസ്‌ട്രോൾ പ്രശ്നങ്ങളുമുള്ളവർ കഴിക്കുന്ന ‘സ്റ്റാറ്റിൻ’ ഉൾപ്പെടെയുള്ള മരുന്നുകൾ കൊളസ്‌ട്രോൾനില താഴ്ത്തി മുടികൊഴിച്ചിലിലേക്ക് നയിക്കും.

‘‘കൊളസ്ട്രോൾ ഉത്‌പാദനം തടസ്സപ്പെട്ടാൽ മൂലകോശങ്ങളുടെ പ്രവർത്തനം നഷ്ടപ്പെടുന്നതായി പഠനത്തിൽ തെളിഞ്ഞു. ഇതോടെ മൂലകോശങ്ങൾക്ക് തിരിച്ചുവരാനാകാത്ത വിധം കേടുപാടുകൾ സംഭവിക്കുകയും ചാക്രികമായി നടന്നുകൊണ്ടിരുന്ന മുടി വളർച്ച നിലയ്ക്കുകയുംചെയ്യുന്നു. മുടി വീണ്ടും വളരാൻ കഴിയാതെ വരും’’ -ഗവേഷണത്തിന് നേതൃത്വംനൽകിയ കേരള സർവകലാശാലാ ജന്തുശാസ്ത്രവിഭാഗം തലവൻ ഡോ. പി. ശ്രീജിത്ത് പറഞ്ഞു. ‘പ്ലോസ് വൺ’ എന്ന അന്താരാഷ്ട്ര ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗവേഷണത്തിൽ ഡോ. ശ്രീജിത്തിനൊപ്പം ഡോ. നിഖില ലീമോൻ, ഡോ. എസ്. നജീബ്, സൂര്യ സുരേഷ്, ബിനുമോൻ, ആയുഷ് ഗുപ്താ, ഡോ. സന്ദീപ് ഗോപാലകൃഷ്ണൻ, ഡോ. മഹ്‌സാ ദബാഗ് എന്നിവരും പങ്കാളികളായി.

Content Highlights: Study Links Low Cholesterol to Hair Loss: Kerala University Research Finds Surprising Connection