വൃക്ക മാറ്റിവെച്ചശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

#ഡോ. ജാന്‍ഷിര്‍ റോഷന്‍
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

വൃക്കകളുടെ പ്രവർത്തനം പൂർണ്ണമായും നിലയ്ക്കുന്ന അവസ്ഥയാണ് 'എൻഡ് സ്റ്റേജ് റീനൽ ഫെയിലിയർ' (End-stage renal failure). ഈ അവസ്ഥയിൽ രോഗികൾക്ക് പ്രധാനമായും രണ്ട് ചികിത്സാമാർഗങ്ങളാണുള്ളത്. 1. ഡയാലിസിസ് (Dialysis) 2. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ (Renal Transplantation).

ഇവ രണ്ടും താരതമ്യം ചെയ്യുമ്പോൾ, ഡയാലിസിസ് ചെയ്യുന്ന ഒരു രോഗിയുടെ ശരാശരി ആയുർദൈർഘ്യം ഏകദേശം 5 മുതൽ 10 വർഷം വരെയാണ്. എന്നാൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികളിൽ ഇത് 15 വർഷത്തിലധികമാണ്. അതിനാൽ, ഗുരുതര വൃക്കരോഗത്തിന് ഏറ്റവും അനുയോജ്യവും ഉത്തമവുമായ ചികിത്സാരീതി വൃക്ക മാറ്റിവെക്കൽ തന്നെയാണ്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ, ഒരു ദാതാവിൽ (Donor) നിന്ന് സ്വീകരിക്കുന്ന ആരോഗ്യമുള്ള വൃക്ക രോഗിയുടെ ശരീരത്തിൽ വെച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. വിജയകരമായ ശസ്ത്രക്രിയയ്ക്കു ശേഷം, മാറ്റിവച്ച വൃക്കയുടെ പ്രവർത്തനം നിലനിർത്തുന്നതിന് 'ആജീവനാന്ത പരിചരണം' അനിവാര്യമാണ്.

ഇതിനായി ഇമ്യൂണോസപ്രസ്സീവ് മരുന്നുകൾ ഉൾപ്പെടെ ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കണം. രോഗപ്രതിരോധ ശേഷി കുറയുന്നതിനാൽ അണുബാധ ഒഴിവാക്കാൻ പ്രത്യേക ശ്രദ്ധ വേണം.

പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കുക (Vaccination), കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തുക എന്നിവ ഇതിൽ പ്രധാനമാണ്.

ഭക്ഷണക്രമം: ഭക്ഷണത്തിൽ ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. നന്നായി വേവിക്കാത്ത മാംസം, മുട്ട എന്നിവ പൂർണ്ണമായും ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക.

ജീവിതശൈലി ക്രമപ്പെടുത്തുക: ശരീരഭാരം അമിതമാകാതെ ശ്രദ്ധിക്കുക. പുകവലി, മദ്യപാനം എന്നിവ പൂർണ്ണമായും നിർത്തുക.

ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും ആഴ്ചകൾക്ക് ശേഷം ഡോക്ടറുടെ നിർദ്ദേശപ്രകാരം ലഘുവായ വ്യായാമങ്ങൾ ചെയ്യാവുന്നതാണ്. കൃത്യമായ ചികിത്സയും ചിട്ടയായ ജീവിതശൈലിയും പാലിച്ചാൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ രോഗികൾക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധിക്കും.

(തലശ്ശേരി മിഷൻ ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം കൺസൾട്ടന്റാണ് ലേഖകൻ)

Content Highlights: Kidney transplant significantly increases life expectancy compared to dialysis., Post-transplant care requires strict adherence to immunosuppressive medications., Dietary adjustments and infection control are critical for long-term success., Healthy lifestyle choices like weight management and quitting smoking are essential.