എപ്പോഴും ക്ഷീണമാണോ?, ചൊറിച്ചിലും വരണ്ടചർമവും: വൃക്കരോഗത്തിന്റെ ലക്ഷണമാകാം, ഉടൻ ചികിത്സിക്കണം

Representative Image| Photo: Canva.com
Representative Image| Photo: Canva.com

നമ്മുടെ ശരീരത്തിലെ മാലിന്യങ്ങൾ അരിച്ചു പുറന്തള്ളുന്ന ജോലിയാണ് വൃക്കകൾ ചെയ്യുന്നത്. ഇതോടൊപ്പം ശരീരത്തിനാവശ്യമില്ലാത്ത ജലം, ലവണം, ദ്രാവകങ്ങൾ ഇവയെല്ലാം മൂത്രത്തിലൂടെ പുറത്തേയ്ക്ക് കളയുകയും ചെയ്യുന്നു. ഇന്ന്, ലോകത്താകെ ലക്ഷക്കണക്കിന് പേരാണ് വൃക്കയുമായി ബന്ധപ്പെട്ട രോ​ഗങ്ങളാൽ വലയുന്നത്. രോ​ഗത്തിന്റെ പ്രാരംഭ ഘട്ടങ്ങളിൽ ചിലപ്പോൾ ലക്ഷണങ്ങൾ കാണിക്കില്ല എന്നതും വിഷയത്തെ ​ഗുരുതരമാക്കുന്നു. അതിനാൽ, വൃക്കയുടെ ആരോ​ഗ്യം നിലനിർത്തുന്നതിനായി രോ​ഗം നേരത്തെ കണ്ടെത്തേണ്ടത് നിർണായകമാണ്. അത്തരത്തിൽ, വൃക്കരോ​ഗത്തിന്റെ ലക്ഷണങ്ങളാകാം സാധ്യതയുള്ള മുന്നറിയിപ്പുകൾ പരിശോധിക്കാം. 

തുടർച്ചയായ ക്ഷീണം
തുടർച്ചയായ ക്ഷീണം വൃക്കരോ​ഗത്തിന്റെ ലക്ഷണമാകാം. രക്തത്തിലെ മാലിന്യങ്ങളെ അരിച്ചുമാറ്റുന്ന ജോലിയാണല്ലോ വൃക്കകൾ ചെയ്യുന്നത്. എന്നാൽ, അവ ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് വിഷവസ്തുക്കൾ അടിഞ്ഞുകൂടുന്നതിനും ക്ഷീണത്തിലേക്കും നയിക്കുന്നു. വിശ്രമത്തിനു ശേഷവും അസാധാരണമായ തളർച്ച അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഒരു സൂചനയാണ്. ഉടൻ തന്നെ ഒരു ഡോക്ടറെ കാണേണ്ടതാണ്.

കാലുകളിൽ നീർവീക്കം
കാലുകളിലോ കണങ്കാലുകളിലോ നീര് വന്നതുപോലെ വീങ്ങി കാണപ്പെടുന്നത് വൃക്കകളുടെ പ്രവർത്തനം തകരാറിലാണ് എന്നതിന്റെ മുന്നറിയിപ്പാകാം. വൃക്കകളുടെ പ്രവർത്തനം ശരിയല്ലെങ്കിൽ ശരീരത്തിലെ ജലാംശം കൃത്യമായ ഫിൽറ്റർ ചെയ്യാൻ സാധിക്കില്ല. ഇത് ആവശ്യമില്ലാത്ത വസ്തുക്കൾ കോശങ്ങളിൽ അടിഞ്ഞുകൂടുന്നു. ഈ ലക്ഷണം കൈകളിലേക്കോ മുഖത്തേക്കോ വ്യാപിക്കാനും സാധ്യതയുണ്ട്. 

മൂത്രമൊഴിക്കുമ്പോൾ ബുദ്ധിമുട്ട്
വൃക്കരോ​ഗമുണ്ടെങ്കിൽ അത് സാധാരണ രീതിയിൽ മൂത്രമൊഴിക്കുന്നതിനെ തടസ്സപ്പെടുത്തുന്നു. ഇടയ്ക്കിടെ, പ്രത്യേകിച്ച് രാത്രിയിൽ മൂത്രമൊഴിക്കേണ്ടി വരുന്നെന്ന് പറയുന്നവരുണ്ട്. ചിലർക്ക് മൂത്രമൊഴിക്കാനുള്ള തോന്നൽ കുറയുന്നു. ചില ആളുകളിൽ മൂത്രം ഒഴിക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. പതഞ്ഞതോ, രക്തം കലർന്നതോ, അസാധാരണമായി ഇരുണ്ടതോ ആയിട്ടാണ് മൂത്രം കാണപ്പെടുന്നതെങ്കിൽ അത് വൃക്കരോ​ഗത്തിന്റെ ലക്ഷണമാകാം. മൂത്രമൊഴിക്കുമ്പോൾ വേദനയുണ്ടെങ്കിലും ശ്രദ്ധ വേണം. 

ചൊറിച്ചിൽ
വൃക്കയുടെ പ്രവർത്തനം ശരിയല്ല എന്നതിന്റെ ലക്ഷണമാണ് ചൊറിച്ചിലും വരണ്ട ചർമവും. പുറത്തും കൈകാലുകളിലും കഠിനവും വിട്ടുമാറാത്തതുമായ ചൊറിച്ചിൽ അനുഭവപ്പെടുന്നെങ്കിൽ ശ്രദ്ധിക്കണം. വൃക്കകൾ പ്രവർത്തനരഹിതമാകുന്നത് ഫോസ്ഫറസ് പോലുള്ള വസ്തുക്കൾ രക്തത്തിൽ അടിഞ്ഞുകൂടുകയും ചർമത്തിൽ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ആണ് ചൊറിച്ചിലിന് കാരണമാകുന്നത്. പലപ്പോഴഉം രാത്രിയിൽ കൂടുകയും ഉറക്കത്തെപ്പോലും ബാധിക്കുകയും ചെയ്തേക്കാം. 


 

Content Highlights: Kidney Disease: Recognizing the Early Warning Signs of Chronic Kidney Failure