കേരളത്തിൽ 23,608 എച്ച്ഐവി ബാധിതർ, 62.5 ശതമാനം പേർക്കും ഒന്നിലധികം ലൈംഗിക പങ്കാളികൾ; നടുക്കുന്ന കണക്കുകൾ

#ടി.ജി. ബേബിക്കുട്ടി
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

തിരുവനന്തപുരം: 15-നും 24-നും ഇടയിൽ പ്രായമായ യുവാക്കളിൽ എച്ച്‌ഐവി ബാധ കൂടിവരുകയാണെന്ന ആശങ്കാജനകമായ കണക്കുകളുമായി സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി. 2022-ൽ കേരളത്തിലെ ആകെ അണുബാധിതരിൽ ഒൻപതുശതമാനം യുവാക്കളായിരുന്നു. 2023-ൽ ഇത് 12 ശതമാനമായി. 2024-ൽ 14.2 ആയി. 2025 ഏപ്രിൽമുതൽ ഒക്ടോബർവരെ അണുബാധിതരിൽ 15.4 ശതമാനം ഈ പ്രായക്കാരാണ്.

Also Read: 'സ്റ്റെൽത്തി'യാണെങ്കിലും സുരക്ഷ വേണം; എഫ്-35 ഉപയോഗിച്ച് ബോധവത്കരണവുമായി എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, മയക്കുമരുന്ന് കുത്തിവെക്കാൻ ഒരേ സിറിഞ്ച് പലരും ഉപയോഗിക്കുന്നത് എന്നിവയാണ് യുവാക്കളെ എച്ച്‌ഐവി വാഹകരാക്കുന്നത്. ഒറ്റത്തവണ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതുമൂലം അണുബാധിതരായവരും ഒട്ടേറെയാണ്.

ശരിയായ മേൽവിലാസമോ ഫോൺ നമ്പറോ ഇല്ലാത്തതിനാൽ എച്ച്ഐവി ബാധിതരായ അതിഥിത്തൊഴിലാളികളുടെ തുടർചികിത്സയാണ് മറ്റൊരു വെല്ലുവിളി.

കേരളത്തിൽ 23,608 അണുബാധിതർ

സംസ്ഥാനത്ത് നിലവിൽ 23,608 എച്ച്‌ഐവി ബാധിതരുണ്ട്. രാജ്യത്ത് ഇത് 25 ലക്ഷമാണ്. 2024-ൽ മാത്രം 6300 പേരെ രാജ്യത്ത് കണ്ടെത്തി. സംസ്ഥാനത്ത് 1213. ഒരുമാസം ശരാശരി 100. ഇക്കൊല്ലം ഏപ്രിൽമുതൽ ഒക്ടോബർവരെ 818 പേർക്ക് കണ്ടെത്തി.

Also Read: രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിച്ച സംഭവം: രക്തദാനം ചെയ്ത മൂന്നുപേര്‍ക്ക് എച്ച്‌ഐവി

2022 ഏപ്രിൽമുതൽ 2025 വരെയുള്ള കണക്കനുസരിച്ച് അണുബാധിതരായ 4477 പേരിൽ 62.5 ശതമാനം പേർക്കും ഒന്നിലധികം പങ്കാളികളുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. 24.6 ശതമാനംപേർക്ക് സ്വവർഗരതിയിലൂടെയാണ് അണുബാധയുണ്ടായത്. 8.1 ശതമാനത്തിന് സൂചിപങ്കിട്ടുള്ള മയക്കുമരുന്നുപയോഗത്തിലൂടെയും. ഗർഭകാലത്ത് അമ്മമാരിൽനിന്ന് പകർന്നത് 0.9 ശതമാനം ശിശുക്കൾക്ക്. 3.7 ശതമാനത്തിന് അണുബാധയുണ്ടായത് എങ്ങനെയെന്നറിയില്ല.

മൂന്നുവർഷത്തിനിടെ അണുബാധിതരായവരിൽ 3393 പേർ പുരുഷന്മാരും 1065 പേർ സ്ത്രീകളും 19 പേർ ട്രാൻസ്‌ജെൻഡറുമാണ്. എച്ച്‌ഐവിയും സിഫിലിസും പകരുന്നതു തടയാൻ സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി കാമ്പയിന് തുടക്കംകുറിച്ചിട്ടുണ്ടെന്ന് പ്രോജക്ട് ഡയറക്ടർ ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട് പറഞ്ഞു.

Content Highlights: Alarming Rise: HIV Infection Rate Among Kerala Youth (15-24) Jumps to 15.4%; Unsafe Sex and Drug Use are Key Factors