ഡെൻ്റൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യുന്നത് 2500- 2750 പേർ, നടക്കുന്നത് വിരലിലെണ്ണാവുന്ന നിയമനങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ വർഷവും ബാച്ച്ലർ ഓഫ് ഡെന്റൽ സയൻസ് (ബിഡിഎസ്) കഴിഞ്ഞ് ഡോക്ടർമാരായി ഡെന്റൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യുന്നത് 2500 മുതൽ 2750 പേർ വരെ. സർക്കാർ മേഖലയിലെ നിയമനങ്ങളാകട്ടെ, വിരലിലെണ്ണാവുന്നവ മാത്രവും. കഴിഞ്ഞ രണ്ടുവർഷത്തോളമായി സർക്കാർ മേഖലയിൽ വിരലിലെണ്ണാവുന്ന നിയമനങ്ങൾ മാത്രമാണ് നടന്നത്.
അസി. ഡെന്റൽ സർജൻ തസ്തികയിലേക്ക് പിഎസ്സി 2022-ൽ നടത്തിയ പരീക്ഷ 9700 പേരാണ് എഴുതിയത്. ഈ റാങ്ക് പട്ടികയിൽനിന്ന് നിയമനം ലഭിച്ചത് 16 പേർക്കു മാത്രം. അടുത്തമാസം 28-ന് ലിസ്റ്റിന്റെ കാലാവധി തീരും. 2016-ലും സമാന രീതിയിലായിരുന്നു നിയമനം. 2019-ൽ കാലാവധി അവസാനിച്ച പട്ടികയിൽനിന്ന് നിയമനം ലഭിച്ചത് എട്ടുപേർക്ക് മാത്രമായിരുന്നു.
ഡെൻറൽ വിഭാഗത്തിൽ ആരോഗ്യവകുപ്പിനുകീഴിൽ 135 തസ്തികകളാണ് നിലവിലുള്ളത്. ഇതിലെ വിരമിക്കൽ ഒഴിവുകളിൽ മാത്രമാണ് നിയമനം നടക്കുന്നത്. ബിഡിഎസ് കഴിഞ്ഞവർ നിസ്സാര ശമ്പളത്തിലാണ് മിക്കപ്പോഴും സ്വകാര്യ ക്ലിനിക്കുകളിൽ ജോലി ചെയ്യേണ്ടിവരുന്നത്. സ്വന്തമായി ക്ലിനിക്കുകൾ തുടങ്ങണമെങ്കിൽ 30-50 ലക്ഷം രൂപ വരെയെങ്കിലും വേണം.
പാഴ്വാക്കായി പ്രഖ്യാപനം
അഞ്ച് താലൂക്കാശുപത്രികളിലും 128 സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും ഡെന്റൽ ചികിത്സ ആരംഭിക്കുമെന്ന ആരോഗ്യവകുപ്പിന്റെ വാഗ്ദാനവും പാഴ്വാക്കായി. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽനിന്ന് ഇതുസംബന്ധിച്ച് രണ്ടുതവണ സർക്കാരിലേക്ക് നിർദേശം അയച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. അസിസ്റ്റന്റ് ഡെന്റൽ സർജന്മാരുടെ 133 തസ്തികകകൾ സൃഷ്ടിക്കണമെന്നായിരുന്നു ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന്റെ ആവശ്യം. പുതിയ തസ്തിക സൃഷ്ടിക്കാൻ സാമ്പത്തിക പ്രതിസന്ധി അനുവദിക്കുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
സർക്കാർജോലി മാത്രം ലക്ഷ്യം വെക്കരുത്
'ബിഡിഎസ് കഴിഞ്ഞവർ സർക്കാർജോലി മാത്രം ലക്ഷ്യം വെക്കാതെ സ്വകാര്യമേഖലയിൽ കൂടുതൽ ക്ലിനിക്കുകൾ തുടങ്ങാൻ ശ്രമിക്കണം. പുതിയ ക്ലിനിക്കുകൾ തുടങ്ങാൻ സബ്സിഡി നൽകുന്നുണ്ട്.
ഡെന്റൽ ചികിത്സയുമായി ബന്ധപ്പെട്ട സാങ്കേതികമേഖലയിലും അവസരങ്ങൾ ഉണ്ട്. ഡെന്റൽ ലാബുകൾ വികസിപ്പിക്കുന്ന ഉപകരണങ്ങൾ ബിഡിഎസ് യോഗ്യതയുള്ള ഡെന്റിസ്റ്റ് പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കണമെന്ന് സർക്കാർ ഉത്തരവിടണം. ഇതിലൂടെ ആയിരത്തിലധികം ബിഡിഎസുകാർക്ക് ഒറ്റയടിക്ക് കേരളത്തിൽ ജോലി ലഭിക്കും. ഇത്തരം ലാബുകളിൽ സാങ്കേതിക ഉപദേശകരായും ബിഡിഎസുകാർക്കു സാധ്യത ഉണ്ട്', മൂവാറ്റുപുഴ ഡെന്റ് കെയർ സിഎംഡി ജോൺ കുര്യാക്കോസ് അഭിപ്രായപ്പെട്ടു.
Content Highlights: Limited government jobs for BDS graduates in Kerala despite high demand