'പല ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചു'; ഓട്ടിസ്റ്റിക് അഡൾട്ടാണെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സ്ന

ജ്യോത്സ്ന| ഫോട്ടോ: Instagram, mathrubhumi
ജ്യോത്സ്ന| ഫോട്ടോ: Instagram, mathrubhumi

ഓട്ടിസം ഒരു രോഗമല്ല, സവിശേഷമായ ഒരു ഐഡന്റിറ്റിയാണെന്ന് സമൂഹം തിരിച്ചറിയുന്ന കാലത്ത് തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സ്‌ന. ഓട്ടിസത്തെ കുറിച്ച് സമൂഹത്തില്‍ അവബോധമുണ്ടാക്കാനാണ് ഇത്തരമൊരു തുറന്നുപറച്ചിലെന്ന് എംഐടിഎസില്‍ നടന്ന 'ടെഡ് എക്‌സ് ടോക്സ്' സിൽ ജ്യോത്സ്ന തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് പറഞ്ഞു. 

'ജീവിതത്തില്‍ ഓരോ പ്രായത്തിലും മറികടക്കേണ്ട കടമ്പകള്‍ എന്താണെന്ന് സമൂഹം നിശ്ചയിച്ചുവെച്ചിട്ടുണ്ട്. ഇതിലേക്ക് വൈകിയെത്തുന്നവര്‍ മാറ്റിനിര്‍ത്തിപ്പെടുകയും ഇവര്‍ക്കെതിരേ ചോദ്യങ്ങള്‍ ഉയരുകയും ചെയ്യും. സമപ്രായക്കാരുമായുള്ള താരതമ്യങ്ങളും മത്സരയോട്ടങ്ങളും നിറഞ്ഞ യാത്ര അവസാനം എത്തിപ്പെടുന്നത് ഉത്കണ്ഠയിലോ വിഷാദത്തിലോ ആയിരിക്കാം', 'Inner renaissance' എന്ന വിഷയത്തിൽ സംസാരിക്കവേ ജ്യേത്സന മനസ്സുതുറന്നു. 

ബുദ്ധിമുട്ടുകള്‍ പങ്കുവെച്ചപ്പോള്‍ വൈകാരികമായാണ് താന്‍ ചിന്തിക്കുന്നതെന്നും അമിതമായി ചിന്തിക്കുന്നതിനാലാണ് ഇത്തരം തോന്നലുകൾ എന്ന പ്രതികരണമാണ് പ്രിയപ്പെട്ടവരിൽ നിന്ന് തനിക്ക് ലഭിച്ചത്. ഒഴുക്കിനൊപ്പം പോകാന്‍ താന്‍ ഏറെ നാള്‍ ശ്രമിച്ചു. എന്നാല്‍ ഇതിന്റെ അവസാനം തന്നെ ഉലച്ചുകളയുന്ന തരത്തിലുള്ള തകര്‍ച്ചയായിരുന്നെന്നും ജ്യോത്സ്ന പറയുന്നുണ്ട്. വളരെ തളര്‍ന്നുനിന്ന സമയം ഭര്‍ത്താവിനൊപ്പം യു.കെയിലേക്ക് താമസം മാറിയതിനെ പറ്റിയുള്ള അനുഭവവും ജ്യോത്സ്ന പങ്കുവെക്കുന്നു.

അവിടെ വച്ച് ഒരു കോഴ്‌സ് പഠിക്കാന്‍ തുടങ്ങുകയും അത് തന്നെക്കുറിച്ച് ചില സംശയങ്ങള്‍ ഉണ്ടാക്കുകയും അങ്ങനെ മാനസികാരോഗ്യ വിദഗ്ധനെ കണുകയുമായിരുന്നെന്നും ജ്യോത്സ്ന പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഓട്ടിസം ഉണ്ടെന്ന് സ്ഥിരീകരിക്കുന്നത്. മൂന്നാം തവണ  നടത്തിയ പരിശോധനയിലാണ് ഓട്ടിസം ഉണ്ടെന്ന് ഉറപ്പിക്കുന്നത്. 

'വളരെ വൈകി രോഗനിര്‍ണയം നടന്ന ഹൈലി മാസ്‌കിങ് ഓട്ടിസ്റ്റിക് അഡള്‍ട്ടായാണ് മാനസികരോഗ്യ വിദഗ്ധൻ തന്നെ വിശേഷിപ്പിച്ചത്. ഇവര്‍ എന്താണ് പറയുന്നത്, കാഴ്ചയില്‍ ഓട്ടിസം ഉള്ളത് പോലെ തോന്നുന്നില്ലല്ലോ എന്ന് നിങ്ങള്‍ തോന്നിയേക്കാം. എല്ലാവരും ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഓട്ടിസ്റ്റിക് ആണെന്ന് പറയുന്നവരുണ്ട്. എന്നാല്‍ അത് അങ്ങനെയല്ല. ഒന്നുകിൽ നിങ്ങള്‍ക്ക് ഓട്ടിസം ഉണ്ടായിരിക്കാം അല്ലെങ്കില്‍ ഇല്ലായിരിക്കും. ഓട്ടിസം, അല്ലെങ്കില്‍ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട മാനസിക വ്യതിയാനങ്ങള്‍ (ന്യൂറോ ഡൈവര്‍ജന്റ്‌സ്) എന്ന് പറയുന്നത് വ്യത്യസ്തമായ രീതിയില്‍ ലോകത്തെ കാണുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ്, അവർ പറഞ്ഞു.

ഓട്ടിസം കണ്ടുപിടിച്ചപ്പോഴാണ് ജീവിതത്തില്‍ അതുവരെ ഉണ്ടായിരുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കുന്നത്. എന്റെ ചുറ്റും നടക്കുന്ന എല്ലാറ്റിനോടും ഞാന്‍ വൈകാരികമായി പ്രതികരിക്കുന്നതെന്താണെന്നും ചുറ്റുമുള്ളവര്‍ എല്ലാറ്റിനെയും എളുപ്പത്തില്‍ എടുക്കാന്‍ പറയുമ്പോഴും എനിക്കതിന് കഴിയാതിരുന്നതിന്റെ കാരണവും മനസ്സിലായത് അപ്പോഴാണ്. വര്‍ഷങ്ങളായി തന്റെ യഥാര്‍ഥ സ്വഭാവത്തെ മറച്ചുവെച്ച് ജീവിക്കേണ്ടിവന്നതിന്റെ പരിണിതഫലമായാണ് ഒടുവില്‍ മാനസികമായി തകര്‍ന്നടിഞ്ഞത്. ന്യൂറോ ടിപ്പിക്കലായിട്ടുള്ള ആളുകള്‍ക്ക് വേണ്ടി അവര്‍ നിര്‍മിച്ച ലോകത്ത് ജീവിക്കുന്നതിന്റെ ഭാഗമായി എന്നെ മാസ്‌ക് ചെയ്യാനുള്ള നിരന്തരമായ ശ്രമങ്ങളായിരുന്നു എന്നെ തളര്‍ത്തിയത്. 

ഓട്ടിസത്തെ കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കാനാണ് ഇത് തുറന്നുപറയുന്നത്. എന്റെ ജീവിതത്തിലുടനീളം ഞാന്‍ ചോദിച്ചിട്ടുള്ള അതേ ചോദ്യങ്ങള്‍ ഇപ്പോഴും സ്വയം ചോദിക്കുന്ന നിരവധി പേര്‍ സമൂഹത്തിലുണ്ട്. മാറ്റം അടിത്തട്ടില്‍ നിന്നാണ് ഉണ്ടാവേണ്ടത്. വിടുകളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നുമാണ് അത് ആരംഭിക്കേണ്ടത്. ഓട്ടിസം കണ്ടെത്താനുള്ള ടൂളുകളെ പറ്റി മാതാപിതാക്കളും അധ്യാപകരും സജ്ജരായിരിക്കണം. കാരണം അവര്‍ക്ക് വേണ്ടി നിര്‍മിക്കാത്ത ഒരു ലോകത്താണ് അവര്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നത്. അവരുടെ കഷ്ടപ്പാടുകള്‍ പുറത്ത് കാണാന്‍ കഴിയുന്നില്ലെന്നതാണ് അവസ്ഥ കൂടുതല്‍ മോശമാക്കുന്നത്', ജ്യോത്സ്‌ന പറഞ്ഞു. 

ഡൈവര്‍ജന്റായ വ്യക്തി നേരിടുന്ന ബുദ്ധിമുട്ടുകള്‍ പലപ്പോഴും അദൃശ്യമായിരിക്കും.അത് അവര്‍ക്കുള്ളില്‍ മാത്രം ഒതുങ്ങും. സെര്‍ട്ടിഫൈഡ് ലൈഫ് കോച്ചെന്ന് തന്റെ പുതിയ റോള്‍ മനോഹരമായി നിറവേറ്റുകയാണെന്നും ടെഡ് ടോക്കില്‍ ജ്യോത്സ്ന പറയുന്നുണ്ട്. 

എന്താണ് ഓട്ടിസം? 

മസ്തിഷ്‌കവികാസത്തിലെ ഒരു തകരാറായി ഓട്ടിസത്തെ കണക്കാക്കാം. ഇതില്‍ ഓട്ടിസ്റ്റിക്ക് ഡിസോര്‍ഡര്‍, ആസ്‌പെര്‍ഗര്‍ സിന്‍ഡ്രോം, റെറ്റ് സിന്‍ഡ്രോം, Not otherwise specified (PDD-NOS) എന്നിങ്ങനെ പല അവസ്ഥകള്‍ ഉള്‍പ്പെട്ടിരിക്കുന്നു. പൊതുവേ കുട്ടിക്കാലത്ത് തന്നെ ഓട്ടിസം സ്ഥിരീകരിക്കപ്പെടാറുണ്ടെങ്കിലും മുതിർന്നതിനു ശേഷം മാത്രം സ്ഥിരീകരിക്കപ്പെടുന്ന അവസ്ഥകളും കുറവല്ല. പലരിലും ജീവിതത്തെ അസ്വസ്ഥപ്പെടുത്തുന്ന രീതിയിൽ തുടർന്നിരുന്ന ശീലങ്ങളും പെരുമാറ്റവുമെല്ലാം ഓട്ടിസത്തിന്റേതാണെന്ന് വൈകി തിരിച്ചറിഞ്ഞിട്ടുള്ളവരുമുണ്ട്.

സാമൂഹികപരമായി ഇടപഴകുന്നതിനുള്ള ബുദ്ധിമുട്ട്, ആവർത്തിക്കുന്ന പെരുമാറ്റങ്ങൾ തുടങ്ങി കുട്ടിക്കാലത്തെ ലക്ഷണങ്ങളിൽ പലതും തന്നെയാണ് മുതിർന്നവരിലും പ്രകടമാവുന്നത്. പെരുമാറ്റം, ശീലങ്ങൾ, താൽപര്യങ്ങൾ തുടങ്ങിയവ സസൂക്ഷ്മം നിരീക്ഷിച്ചാണ് വിദ​ഗ്ധർ രോഗനിർണയത്തിലെത്തുക. 

തലച്ചോറിലെ ചില വ്യത്യാസങ്ങൾ മൂലമുണ്ടാകുന്ന വികസന വൈകല്യമാണ് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD). ഓട്ടിസം ഉള്ള വ്യക്തികൾക്ക് പലപ്പോഴും സാമൂഹിക ആശയവിനിമയത്തിലും ഇടപെടലിലും നിയന്ത്രിതമായ അല്ലെങ്കിൽ ആവർത്തിച്ചുള്ള പെരുമാറ്റങ്ങൾ പ്രകടിപ്പിച്ചേക്കാം. ഇവർ കാര്യങ്ങൾ പഠിക്കാനും അതിനെ ഗ്രഹിക്കാനും വ്യത്യസ്തമായ വഴികൾ ഉപയോഗിക്കുന്നു. അതായത് അവരുടെ തലച്ചോർ കാര്യങ്ങളെ വ്യത്യസ്തമായ രീതിയിൽ  ഗ്രഹിച്ചെടുക്കുന്നു. 

ഉദാഹരണത്തിന്, എ.എസ്.ഡിയുള്ള ചില ആളുകൾക്ക് നൂതനമായ സംഭാഷണ കഴിവുകൾ ഉണ്ടായിരിക്കാം, മറ്റുള്ളവർ നോൺവെർബൽ ആയിരിക്കാം. എ.എസ്.ഡിയുള്ള ചില ആളുകൾക്ക് അവരുടെ ദൈനംദിന ജീവിതത്തിൽ വളരെയധികം സഹായം ആവശ്യമാണ്; മറ്റുള്ളവർക്ക് ജോലി ചെയ്യാനും യാതൊരു പിന്തുണയുമില്ലാതെ ജീവിക്കാനും കഴിയും.

ഓട്ടിസം മൂന്ന് വയസ്സിന് മുമ്പ് ആരംഭിക്കുകയും ഒരു വ്യക്തിയുടെ ജീവിതത്തിൽ ഉടനീളം നീണ്ടുനിൽക്കുകയും ചെയ്യും. എന്നിരുന്നാലും കാലക്രമേണ രോഗലക്ഷണങ്ങൾ മെച്ചപ്പെട്ടേക്കാം. ചില കുട്ടികൾ ജീവിതത്തിന്റെ ആദ്യ 12 മാസത്തിനുള്ളിൽ എ.എസ്.ഡി ലക്ഷണങ്ങൾ കാണിക്കുന്നു. മറ്റുള്ളവരിൽ, 24 മാസം പ്രായമാകുന്നതുവരെയോ അതിനുശേഷമോ രോഗലക്ഷണങ്ങൾ പ്രകടമാകില്ല. ഓട്ടിസമുള്ള ചില കുട്ടികൾ പുതിയ കഴിവുകൾ നേടുകയും ഏകദേശം 18 മുതൽ 24 മാസം വരെ വളർച്ചാ നാഴികക്കല്ലുകൾ കൈവരിക്കുകയും ചെയ്യുന്നു, തുടർന്ന് അവർ പുതിയ കഴിവുകൾ നേടാതിരിക്കുകയോ അല്ലെങ്കിൽ ഒരിക്കൽ ഉണ്ടായിരുന്ന കഴിവുകൾ നഷ്ടപ്പെടുകയോ ചെയ്യുന്നു.

എ.എസ്.ഡിയുള്ള കുട്ടികൾ കൗമാരപ്രായക്കാരും ചെറുപ്പക്കാരും ആയിത്തീരുമ്പോൾ, സൗഹൃദങ്ങൾ വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും സമപ്രായക്കാരുമായും മുതിർന്നവരുമായും ആശയവിനിമയം നടത്തുന്നതിനുമൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. ഉത്കണ്ഠ, വിഷാദം, അല്ലെങ്കിൽ ശ്രദ്ധക്കുറവ് / ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ പോലുള്ള അവസ്ഥകൾ ഓട്ടിസം ഇല്ലാത്ത ആളുകളെ അപേക്ഷിച്ച് ഓട്ടിസമുള്ള  ആളുകളിൽ കൂടുതലായി കാണപ്പെടുന്നു.

Content Highlights: Singer Jyothsna revealed her autism diagnosis, advocating for greater societal understanding