ഉത്കണ്ഠാരോഗം സ്ഥിരീകരിച്ചു, പുതിയ ആൽബത്തിൽ ഉണ്ടാകില്ലെന്ന് കൊറിയൻ പോപ് താരം ലിയ

പ്രശസ്ത കൊറിയൻ പോപ് ഗ്രൂപ്പായ ഇറ്റിസിയിലെ അംഗം ലിയയ്ക്ക് ഉത്കണ്ഠാരോഗം സ്ഥിരീകരിച്ചു. ലിയയുടെ ഏജൻസിയായ ജെ.വൈ.പി. ആണ് ഇക്കാര്യം പുറത്തുവിട്ടത്. സാമൂഹികമാധ്യമത്തിലൂടെ ലിയയും തന്റെ ഉത്കണ്ഠാരോഗത്തേക്കുറിച്ച് പങ്കുവെച്ചിട്ടുണ്ട്.
ലിയ കടുത്ത സമ്മർദവും ഉത്കണ്ഠയും അനുഭവിക്കുകയായിരുന്നുവെന്നും ഉത്കണ്ഠാരോഗം സ്ഥിരീകരിച്ചുവെന്നും ഏജൻസി വ്യക്തമാക്കി. ഇറ്റ്സിയുടെ പുതിയ ആൽബത്തിൽ ലിയ ഉണ്ടാകില്ലെന്നും ചികിത്സയുമായി ബന്ധപ്പെട്ട് വിട്ടുനിൽക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. ആരോഗ്യത്തിന് മുൻതൂക്കം നൽകുന്നത് മുൻനിർത്തി വരാനിരിക്കുന്ന ലോകപര്യടനത്തിൽ നിന്നും ലിയ വിട്ടുനിൽക്കുകയാണ്.
ആരാധകർ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ താൻ കുറച്ചുനാളത്തേക്ക് വിട്ടുനിൽക്കുകയാണെന്നും ലിയയും വ്യക്തമാക്കി.
ആങ്സൈറ്റി അറ്റാക്ക്
ജീവിതത്തിൽ വല്ലപ്പോഴുമൊക്കെ ഉത്കണ്ഠ അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ കൂടെക്കൂടെ സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ ഭയവും ആശങ്കയുമൊക്കെ തോന്നുന്ന സ്ഥിതിവിശേഷമാണിത്. ദൈനംദിനപ്രവർത്തികൾ ചെയ്തുതീർക്കാൻ ബുദ്ധിമുട്ടു നേരിടുന്നവിധത്തിൽ ഉത്കണ്ഠ ജീവിതത്തെ ബാധിച്ചാൽ വിദഗ്ധചികിത്സ നേടണം.
തലച്ചോറിലെ രാസവസ്തുക്കളിലെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് ഉത്കണ്ഠയിലേക്ക് നയിക്കുന്നത്. ഉത്കണഠാരോഗികൾ പൊതുവായ ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്. അമിതമായ നെഞ്ചിടിപ്പ്, കൈകാലുകളുടെ വിറയൽ, ഉറക്കക്കുറവ്, ദഹനക്കേട്, തുടർച്ചയായി നീണ്ടുനിൽക്കുന്ന വെപ്രാളം, കണ്ണിൽ ഇരുട്ടുകയറുക, ശ്വാസതടസ്സം തുടങ്ങിയവയാണവ.
പാനിക് ഡിസോർഡർ എന്ന അവസ്ഥ വ്യാപകമായി കാണുന്ന ഉത്കണ്ഠാ രോഗങ്ങളിൽ ഒന്നാണ്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പൊടുന്നനെയുണ്ടാകുന്ന പരവേശമാണിത്. നെഞ്ചിടിപ്പ്, കൈകാലുകൾ മരവിക്കുക, നെഞ്ചിൽ ഭാരം അനുഭവപ്പെടുക എന്നിവയാണ് ലക്ഷണങ്ങൾ. 15-20 മിനിറ്റ്നേരം നീണ്ടുനിൽക്കാം.
ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ഭയമായ അഗോറഫോബിയ, കൗമാരക്കാർക്കിടയിൽ സോഷ്യൽഫോബിയ, ഉയർന്ന പ്രദേശങ്ങളോടുള്ള ഭയമായ അക്രോഫോബിയ, എതിർലിംഗത്തോട് ഇടപഴകുന്നതിനുള്ള അങ്കലാപ്പ് തുടങ്ങിയവയെല്ലാം പൊതുവായി കാണാറുള്ള ഉത്കണ്ഠാരോഗങ്ങളാണ്.
പ്രിയപ്പെട്ടവരുമായി അകന്നു നിൽക്കുമ്പോൾ അനുഭവപ്പെടുന്ന ഭയവും ആശങ്കയുമാണ് സെപ്പറേഷൻ ആങ്സൈറ്റി എന്ന ഉത്കണ്ഠാരോഗം. ഇതും തക്കസമയത്ത് തിരിച്ചറിഞ്ഞ് മതിയായ ചികിത്സ തേടേണ്ടതാണ്.
കൃത്യമായ രോഗനിർണയവും ചികിത്സയവും വഴി ഉത്കണ്ഠാരോഗങ്ങളെ മറികടക്കാം. മരുന്നുപയോഗിച്ചുള്ള ചികിത്സയ്ക്കൊപ്പം ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നതും ഫലപ്രദമാണ്.
ലക്ഷണങ്ങൾ ഒറ്റനോട്ടത്തിൽ
- കടുത്ത മാനസികപിരിമുറുക്കവും ഭയവും
- അപകടകരമായ എന്തോ വരാൻ പോകുന്നുവെന്ന തോന്നൽ
- ഹൃദയമിടിപ്പും ശ്വസനനിരക്കും കൂടുന്നത്
- വിയർപ്പ്
- വിറയ്ക്കുക
- വളരെയധികം ക്ഷീണം അനുഭവപ്പെടുക
- ഉറക്കക്കുറവ്
- ഗ്യാസ്ട്രിക് സംബന്ധമായ പ്രശ്നങ്ങൾ
- ഭയവും ആശങ്കയും നിയന്ത്രിക്കാൻ കഴിയാതാവുക
- ഉത്കണ്ഠയുണ്ടാക്കിയേക്കാവുന്ന കാര്യങ്ങൾ ഒഴിവാക്കാനുള്ള തോന്നൽ
ഡോക്ടറെ കാണേണ്ടതെപ്പോൾ?
- നിയന്ത്രിക്കാനാവുന്നതിലപ്പുറം ഭയം അനുഭവപ്പെടുകയും ജോലിയേയും ബന്ധങ്ങളേയും ജീവിതത്തിലെ മറ്റുകാര്യങ്ങളേയും ബാധിക്കുന്നുവെന്ന് തോന്നുമ്പോൾ.
- നിയന്ത്രണാതീതമായ രീതിയിൽ ഭയവും ആശങ്കയും ഉത്കണ്ഠയും അനുഭവപ്പെടുമ്പോൾ.
- കടുത്ത നിരാശ അനുഭവപ്പെടുകയും ലഹരിയോട് ആസക്തി തോന്നുകയും ചെയ്യുമ്പോൾ
- ആത്മഹത്യാചിന്തകൾ തോന്നുമ്പോൾ
Content Highlights: ITZY’s Lia diagnosed with anxiety disorder