ആൻജിയോപ്ലാസ്റ്റി പോലെ ജീവൻ രക്ഷിക്കാനുള്ള ഇടപെടലുകളിൽ സംശയമുണ്ടാകുന്നത് ചികിത്സ വൈകിക്കാനിടയാക്കാം- IMA

രോഗികളിൽ അനാവശ്യമായി ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതിനെതിരേ കാംപെയ്‌ൻ വേണമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനു പിന്നാലെ ഇത്തരത്തിലുള്ള മുന്നറിയിപ്പ് രോഗികളിൽ ചികിത്സയോടുള്ള സംശയമായി മാറരുതെന്ന് വ്യക്തമാക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം. അനാവശ്യ പരിശോധനകളും ചികിത്സകളും ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മാനിക്കുന്നുവെന്നും എന്നാൽ ഇത്തരം പ്രസ്താവനകൾ പൊതുസമൂഹത്തിൽ മറ്റൊരു തരത്തിലുള്ള ആശയക്കുഴപ്പത്തിനും ഇടയാക്കാൻ സാധ്യതയുണ്ടെന്നും ഐഎംഎ പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു.
ആവശ്യമായ ഒരു പരിശോധനയോ ചികിത്സയോ പോലും "ഡോക്ടർ അനാവശ്യമായി ചെയ്യുന്നതാണോ?' എന്ന സംശയത്തോടെ രോഗി കാണുന്ന സാഹചര്യം ഉണ്ടാകരുത്. പ്രത്യേകിച്ച് ആൻജിയോപ്ലാസ്റ്റി പോലുള്ള ജീവൻ രക്ഷിക്കാൻ ആവശ്യമായേക്കാവുന്ന ഇടപെടലുകളെക്കുറിച്ച് പൊതുവായ സംശയം രൂപപ്പെടുന്നത് ചില രോഗികൾ ആവശ്യമായ ചികിത്സ വൈകിപ്പിക്കാനോ നിരസിക്കാനോ കാരണമാകാം.
ഓരോ രോഗിയുടെയും രോഗാവസ്ഥയും പരിശോധനാഫലങ്ങളും അപകടസാധ്യതകളും വ്യത്യസ്തമാണ്. ഒരാൾക്ക് ആവശ്യമില്ലാത്ത ഒരു നടപടിക്രമം മറ്റൊരാൾക്ക് അത്യന്താപേക്ഷിതമായിരിക്കാം. അതുകൊണ്ട് ഒരു ചികിത്സയുടെ ആവശ്യകത വ്യക്തിഗത രോഗിയുടെ ശാസ്ത്രീയമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കണം തീരുമാനിക്കേണ്ടതെന്നും ഐഎംഎ വ്യക്തമാക്കി. അനൈതികമായ രീതികൾ എവിടെയെങ്കിലും ഉണ്ടെങ്കിൽ അവ തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുകയും തിരുത്തുകയും, ആവശ്യമായിടത്ത് നടപടി സ്വീകരിക്കുകയും വേണം. അതോടൊപ്പം, സത്യസന്ധമായി സേവനം ചെയ്യുന്ന ഭൂരിപക്ഷം ഡോക്ടർമാരിലുള്ള പൊതുജന വിശ്വാസം സംരക്ഷിക്കപ്പെടണമെന്നും പത്രക്കുറിപ്പിലുണ്ട്.
ആവശ്യമായ ചികിത്സ, ആവശ്യമായ സമയത്ത്, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നൽകുക എന്നതാണ് പ്രധാനം. അനാവശ്യ ചികിത്സ ഒഴിവാക്കുന്നതിനൊപ്പം ആവശ്യമായ ചികിത്സയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തരുത്. രോഗിക്ക് ഓരോ ചികിത്സയുടെയും ആവശ്യകതയും ഗുണവും അപകടസാധ്യതകളും മറ്റ് സാധ്യതകളും വിശദീകരിക്കുക എന്നതാണ് ശരിയായ വഴി. അനൈതിക ചികിത്സയെ ചോദ്യം ചെയ്യാം, പക്ഷേ ആവശ്യമായ ചികിത്സയിലുള്ള രോഗിയുടെ വിശ്വാസം നഷ്ടപ്പെടുത്തരുതെന്നും ഐ.എം.എ സംസ്ഥാനപ്രസിഡന്റ് ഡോ. എം. എൻ. മേനോനും സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആർ ചന്ദ്രനും പുറത്തുവിട്ട പത്രക്കുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞദിവസം കോഴിക്കോട്ടു നടന്ന കേരള ഹാർട്ട് കെയർ സൊെെസറ്റിയുടെ സിൽവർജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് രോഗികളെ അനാവശ്യമായി ആൻജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുന്നതിനെതിരേ കാംപെയ്ൻ നടത്തണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അഭിപ്രായപ്പെട്ടത്.
Content Highlights: Indian medical association responds to VD Satheesan's call for a campaign against unnecessary angioplasty, emphasizing patient trust in necessary treatments.