ഇന്ത്യയിൽമാത്രം 13.8 കോടി രോഗികൾ, ലോകത്താകെ മരിച്ചത് 14 ലക്ഷംപേർ; വിട്ടുമാറാത്ത വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ അറിയാം

#Health Desk
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗോളതലത്തിൽ വിട്ടുമാറാത്ത വൃക്കരോഗം (chronic kidney disease) ബാധിച്ചവരുടെ കണക്കിൽ ഇന്ത്യ രണ്ടാം സ്ഥാനത്തെന്ന് റിപ്പോർട്ട്. 2023-ലെ കണക്കനുസരിച്ച് രാജ്യത്ത് 13.8 കോടി പേരെ രോഗം ബാധിച്ചതായാണ് ദി ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലെ റിപ്പോർട്ട്. ചൈനയിൽ 15.2 കോടി രോഗബാധിതരുണ്ട്.

1990-ന് ശേഷം വൃക്കരോഗികളുടെ എണ്ണം ഇരട്ടിയായതായി പഠനം പറയുന്നു. ഇപ്പോൾ, ലോകമെമ്പാടും 80 കോടിയോളം ആളുകളെ വിട്ടുമാറാത്ത വൃക്കരോഗം ബാധിച്ചിട്ടുണ്ട്. ഇതിൽ, ഭൂരിഭാഗം ആളുകൾക്കും സ്റ്റേജ് 1-3 CKD ആയിരുന്നു. 2023-ലെ കണക്ക് പ്രകാരം 14.8 ലക്ഷം പേരുടെ മരണത്തിന് രോഗം കാരണമായി. ഹൃദയസംബന്ധമായ മരണങ്ങളിലും പ്രധാന വില്ലനായി വിട്ടുമാറാത്ത വൃക്കരോഗത്തെ പഠനം ചൂണ്ടിക്കാട്ടുന്നു.

എന്താണ് വിട്ടുമാറാത്ത വൃക്കരോഗം?

അരിപ്പ പോലെയാണ് നമ്മുടെ ശരീരത്തിലെ വൃക്കകൾ പ്രവർത്തിക്കുന്നത്. രക്തത്തിൽ നിന്ന് മാലിന്യങ്ങൾ, വിഷവസ്തുക്കൾ, അധിക ജലം എന്നിവ ഇവ അരിച്ചെടുക്കുന്നു. എല്ലുകളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിലും വൃക്കകൾക്ക് പ്രധാന പങ്കുണ്ട്. വൃക്കകളുടെ പ്രവർത്തനം തകരാറിലാകുന്നതോടെ അവയ്ക്ക് മാലിന്യങ്ങൾ അരിച്ചെടുക്കാൻ സാധിക്കില്ല. ഇത് രക്തത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതിന് കാരണമാവുകയും ചെയ്യും.

ക്രമേണ വൃക്കകളുടെ പ്രവർത്തനം കുറയുന്നതിനാലാണ് ഈ രോഗത്തെ 'വിട്ടുമാറാത്ത വൃക്കരോഗം' അഥവാ chronic kidney disease എന്ന് പറയുന്നത്. വൃക്കസ്തംഭനത്തിലേയ്ക്ക് പോലും ഈ രോഗം നയിച്ചേക്കാം. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ രോഗം വഷളാകും. വിട്ടുമാറാത്ത വൃക്കരോഗം പൂർണമായി ഭേദമാക്കാൻ കഴിയില്ലെന്ന് ക്ലീവ്ലാൻഡ് ക്ലിനിക് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, രോഗം മൂർച്ഛിക്കുന്നത് തടയാനാകും. അവസാനഘട്ടത്തിൽ ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കൽ തുടങ്ങിയ ചികിത്സാരീതി പരീക്ഷിക്കാവുന്നതാണ്.

ലക്ഷണങ്ങൾ

പ്രാരംഭഘട്ടത്തിൽ ഈ രോഗം അധികം ലക്ഷണങ്ങൾ കാണിക്കാറില്ല. പതിവായ മൂത്രപരിശോധന അത്യാവശ്യമാണ്. രക്തസമ്മർദ്ദം, പ്രമേഹം പോലുള്ള അപകടസാധ്യതാ ഘടകങ്ങളുടെ നിയന്ത്രണവും പ്രധാനമാണ്. മരുന്നുകളും ജീവിതശൈലിയിലെ മാറ്റങ്ങളും രോഗം മൂർച്ഛിക്കുന്നതും ഗുരുതരമായ സങ്കീർണതകൾ തടയാനും സഹായിച്ചേക്കാം. കൂടാതെ, ഈ ലക്ഷണങ്ങളേയും ശ്രദ്ധിക്കാം,

  • ക്ഷീണവും ഊർജക്കുറവും.
  • കാലുകളിലും, പാദങ്ങളിലും, കണങ്കാലുകളിലും, കൈകളിലുമുള്ള നീര്.
  • സാധാരണയിൽ കൂടുതലോ കുറഞ്ഞ തവണയോ മൂത്രമൊഴിക്കുക.
  • മൂത്രത്തിൽ പത.
  • വിശപ്പില്ലായ്മ.
  • ഓക്കാനം അല്ലെങ്കിൽ ഛർദ്ദി.
  • ശരീരത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന ചൊറിച്ചിൽ.
  • ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്.
  • ഉറക്കപ്രശ്നങ്ങൾ.
  • പ്രത്യേകിച്ച് കാരണമില്ലാതെ ശരീരഭാരം കുറയുന്നത്.
  • രോഗം മൂർച്ഛിച്ച ഘട്ടത്തിൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ടേക്കാം.

ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

  • ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുക.
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം.
  • ഭക്ഷണക്രമം ശ്രദ്ധിക്കുക. സമീകൃതാഹാരം കഴിക്കാം.
  • പുകവലിക്കുകയോ പുകയില ഉൽപ്പന്നങ്ങളോ ഉപയോഗിക്കരുത്.
  • ആഴ്ചയിൽ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും 30 വീതം മിനിറ്റ് വ്യായാമം ചെയ്യുക.
  • ആരോഗ്യകരമായ ഭാരം നിലനിർത്തുക.
  • മദ്യം ഒഴിവാക്കാം.

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)

Content Highlights: Discover the alarming rise of chronic kidney disease (CKD) in India, with 138 million affected. Learn about its global impact, causes, and its link to heart disease.