അച്ഛനുമമ്മയും തെറാപ്പിസ്റ്റും മാത്രമായ ലോകമുള്ള കുഞ്ഞുങ്ങൾ, തുല്യതയാണ് ഈ കുഞ്ഞുങ്ങൾ ആഗ്രഹിക്കുന്നത്

#രൂപ വനജ വാസുദേവൻ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

2023 ഫെബ്രുവരിയിൽ കാനഡയിൽ നിന്നൊരു വാർത്ത വന്നിരുന്നു. കാനഡയിലെ വാൻകൂവർ സ്വദേശി ഡേവിഡ് ഷെൻ ഓട്ടിസം ബാധിതനായ മകൻ മാക്സിന്റെ പിറന്നാളാഘോഷത്തിന് അവന്റെ ക്ലാസിലെ 19 കുട്ടികളെയും ക്ഷണിക്കുന്നു. ആകെ വന്നത് ഒരു കുട്ടിയാണ്. മാക്സിന്റെ പിറന്നാളിന്റെ ഏതാനും ദിവസം മുൻപ് മറ്റൊരു സഹപാഠിയുടെ പിറന്നാൾ പാർട്ടിക്ക് പങ്കെടുത്തത് 16 പേർ. വലിയൊരു ആഘോഷവേദി ശൂന്യമായി കണ്ടതിന്റെയും മകനെ ആശ്വസിപ്പിക്കാൻ പ്രയാസപ്പെട്ടതിന്റെയും അനുഭവം സാമൂഹിക മാധ്യമത്തിൽ വാൻകൂവർ പങ്കുവെച്ചു.

മാക്സിന് മാത്രമുണ്ടാകുന്ന അനുഭവമല്ല ഇത്. മാനസിക, ബൗദ്ധിക, ശാരീരിക വെല്ലുവിളി നേരിടുന്ന ലോകത്തിലെ ലക്ഷക്കണക്കിനുപേർ സമാനമായ അനുഭവങ്ങളിലൂടെ കടന്ന് പോകുന്നുണ്ട്.

ഒറ്റത്തുരുത്താകുന്ന വീടുകൾ

അച്ഛനുമമ്മയും തെറാപ്പിസ്റ്റും മാത്രമായ ലോകമുള്ള കുഞ്ഞുങ്ങൾ ഒട്ടേറെയാണ്. തെറാപ്പിക്കായി കുഞ്ഞിനെ സുരക്ഷിത കരങ്ങളിൽ ഏൽപിച്ച് കാത്തിരിക്കാനുള്ള മുറിയിലെ കസേരയിൽ സ്വസ്ഥമായി ഇരുന്നുറങ്ങുന്ന മാതാപിതാക്കൾ നൈപുണ്യവികസന കേന്ദ്രങ്ങളിലെ സ്ഥിരം കാഴ്ചയാണ്. മക്കളുടെ മാനസികവും ശാരീരികവുമായ പുരോഗതിക്ക് സാധാരണ കുഞ്ഞുങ്ങളുമായി ഇടപെടേണ്ടത് ആവശ്യമാണെന്ന് അറിയുമ്പോഴും എങ്ങനെയെന്ന ചിന്ത പല അച്ഛനമ്മമാരെയും ധർമസങ്കടത്തിലാക്കുന്നു.

ഭിന്നശേഷിയുള്ള കുട്ടിയുള്ള കുടുംബം അനുഭവിക്കുന്ന മാനസിക സംഘർഷം സാധാരണക്കാർക്ക് ഊഹിക്കാൻ കഴിയുന്നതിലും എത്രയോ അധികമാണ്. ഭാവിയെക്കുറിച്ചുള്ള ആകുലതയ്ക്കൊപ്പം സമൂഹം മക്കളെ എങ്ങനെ നോക്കിക്കാണുമെന്ന ചിന്തയും രക്ഷിതാക്കളിലുണ്ടാകും. പൊതുയിടങ്ങളിൽ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ ചില പെരുമാറ്റം മൂലം (tantrums) സമൂഹത്തിന്റെ തുറിച്ചുനോക്കലുകൾക്കും കുറ്റപ്പെടുത്തലുകൾക്കും മുഖം കൊടുക്കേണ്ടി വരുമെന്ന ചിന്ത മാതാപിതാക്കളെ കൂടുതൽ ഒറ്റപ്പെടുത്തും. ഇത് കൂടാതെ നല്ല രീതിയിൽ എങ്ങനെ വളർത്താമെന്ന നിരർഥകമായ കുറെ ഉപദേശങ്ങളും ലഭിക്കും. ഈ കാരണങ്ങളെല്ലാം കൊണ്ടുതന്നെ വിശേഷാവസരങ്ങളിലോ ഉല്ലാസയാത്രകളിലോ പങ്കെടുക്കാനോ കുഞ്ഞുങ്ങളെ അതിലേക്ക് കൊണ്ടുപോകാനോ മടിച്ച് ചിലപ്പോൾ കുടുംബം ഒന്നാകെ പോകാതിരിക്കുകയോ അല്ലെങ്കിൽ മക്കളെ വീടുകളിൽ തന്നെ പൂട്ടിയിടാനോ കുടുംബങ്ങൾ നിർബന്ധിതരാകുന്നു. മക്കളെ ഒഴിവാക്കി പോയാൽ തന്നെയും അവർ വീട്ടിൽ എന്തുചെയ്യുമെന്ന ആധിയാകും മാതാപിതാക്കൾക്ക്. ഭിന്നശേഷിക്കാരായ മക്കളുണ്ടാകുന്നതുവരെ ജീവിച്ച സാഹചര്യത്തിൽനിന്ന് പൂർണമായും വ്യത്യസ്തമായ ജീവിതമാകും പലർക്കും പിന്നീട്. പക്ഷേ സമൂഹം ഈ മാതാപിതാക്കളെ ഇങ്ങനെയല്ല കാണുക.

' വിവാഹങ്ങളിൽ പങ്കെടുക്കുമ്പോൾ ആരോടെങ്കിലും സംസാരിക്കുമ്പോൾ നോട്ടം മുഴുവൻ മകളെന്തു ചെയ്യുന്നുവെന്നാകും. എതിരെ നിൽക്കുന്നയാൾ പറയുന്നതുപോലും മനസിൽ കയറില്ല. അതുകൊണ്ടു തന്നെ മറ്റു വ്യക്തികൾ എനിക്ക് ജാഡയാണെന്നൊക്കെ വ്യാഖ്യാനിച്ചേക്കാം. നമ്മുടെ ചിന്തകൾ അന്യർക്ക് ഉൾക്കൊള്ളാനാവില്ല' - ഭിന്നശേഷിക്കാരിയുടെ അച്ഛൻ പറയുന്നു.

ക്ലാസ് മുറികളിലെ അരികുവത്കരിക്കപ്പെട്ടവർ

ഉൾച്ചേർന്ന വിദ്യാഭ്യാസം അഥവാ ഇൻക്ലുസീവ് എജുക്കേഷൻ എന്ന ആശയം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും പല സ്‌കൂളുകളിലും ഭിന്നശേഷിക്കാരെ ക്ലാസിൽ ഇരുത്തുന്നുണ്ടെങ്കിലും മറ്റുള്ളവർക്കൊപ്പം ഇവരെയും ചേർത്തുപിടിക്കാറില്ല. സ്‌കൂളുകളിൽ സാധാരണ കുട്ടികൾ കളികളിൽനിന്ന് ഇവരെ ഒഴിവാക്കുന്നതും സംസാരരീതിയേയോ ചലനങ്ങളെയോ നോക്കി പരിഹസിക്കുന്നതും നല്ല സുഹൃത്തുക്കളെ കിട്ടാതെ പോകുന്നതും ഭിന്നശേഷിക്കാരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പഠനത്തിലെ മികവിനേക്കാൾ അവരെ തളർത്തുന്നത് മറ്റുള്ളവരുടെ പരിഗണന കിട്ടുന്നില്ലെന്ന തോന്നലാകാം.

പഠനവൈകല്യമുള്ള കുട്ടികൾക്ക് സ്‌പെഷൽ എജുക്കേറ്ററുള്ള ദിവസങ്ങളിൽ മാത്രമാണ് അധ്യയനം. അല്ലാത്ത ദിവസങ്ങളിൽ ക്ലാസ് റൂമിൽ ഇരുന്നും നടന്നും ഇവർ സമയംകൊല്ലും. വലിയ സ്‌കൂളുകളിൽ സ്ഥിരമായി സ്‌പെഷൽ എജുക്കേറ്റർമാരുള്ളപ്പോൾ ചെറിയ സ്‌കൂളുകളിൽ അവർ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണ് വരുന്നത്. ചില സ്കൂൾ അധികൃതർ സ്‌പെഷൽ എജുക്കേറ്ററില്ലാത്ത ദിവസങ്ങളിൽ വിദ്യാർഥികളോട് ക്ലാസിൽ വരേണ്ട എന്നും നിർദേശിക്കും. ഇതെല്ലാം തന്നെ അവരുടെ മനസിനെ വല്ലാതെ ഉലച്ചുകളയുന്ന സംഭവങ്ങളാണ്.

എന്നാൽ പൊതുവിദ്യാലയങ്ങളിൽ സ്പെഷൽ എജുക്കേറ്റർമാർ ആഴ്ചയിൽ മുഴുവൻ വന്നില്ലെങ്കിലും മറ്റ് സഹപാഠികൾ ഇവരെ കൂടുതൽ ശ്രദ്ധയോടെ കൂടെ കൂട്ടാറുണ്ട്. പരസഹായം വേണ്ടവർക്ക് ഷാഡോ ടീച്ചറെ സ്വന്തം ചെലവിൽ വെയ്ക്കുമ്പോൾ പോലും ഇവർ എത്രത്തോളം നോക്കുമെന്ന ആധി പൂണ്ട് പലപ്പോഴും മാതാപിതാക്കൾ തന്നെ ആ റോൾ ഏറ്റെടുക്കാറുണ്ട്. വീടും ജോലിയും തെറാപ്പിയും അതിന് പുറമെ ഷാഡോ ടീച്ചറുമായി നിൽക്കുന്ന മാതാപിതാക്കൾ അധികഭാരം ചുമക്കേണ്ടതായി വരും. ഇത് അവരിലും മാനസിക സംഘർഷമുണ്ടാക്കും.

അന്യമാകുന്ന പൊതുഇടങ്ങൾ

പൊതുഇടങ്ങളും പാർക്കുകളും ഭിന്നശേഷി സൗഹൃദമായി കൊണ്ടിരിക്കുമ്പോഴും ഇത്തരം വലിയൊരു ശതമാനം ഇടങ്ങളിലും വീൽചെയറുകളിൽ സഞ്ചരിക്കാൻ കഴിയുന്ന റാമ്പുകളുടെ അഭാവമുണ്ട്. ഇത് ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളെ വീടിനുള്ളിൽ കഴിയാൻ നിർബന്ധിതരാക്കുന്നു. അല്ലെങ്കിൽ പാർക്കുകളിലെ റൈഡുകളിൽ മറ്റ് കുട്ടികൾ കളിക്കുന്നത് നോക്കി കാഴ്ചക്കാരായി ഇരിക്കേണ്ട അവസ്ഥയും സാധാരണയാണ്. ഊഞ്ഞാലിലോ മറ്റോ മറ്റ് സാധാരണ കുട്ടികൾക്കൊപ്പം കയറാൻ നോക്കുമ്പോൾ അവർ ഒഴിഞ്ഞുമാറുന്നതും ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളിൽ മനപ്രയാസമുണ്ടാക്കും സമപ്രായക്കാരുമായി ഇടപഴകാത്തത് ഇവരിൽ വിഷാദവും അന്തർമുഖത്വവും വളർത്തുന്നതായി മനശ്ശാസ്ത്രവിദഗ്ധർ പറയുന്നു.

എങ്ങനെ മാറാം?

ഭിന്നശേഷിക്കാരന്റെ അതിജീവനം ആ വ്യക്തിയുടെയോ കുടുംബത്തിന്റെയോ മാത്രം ആവശ്യമല്ല. സമൂഹമൊട്ടാകെ അവരെ അംഗീകരിക്കുമ്പോൾ മാത്രമേ ശാരീരിക, മാനസിക പരിമിതികളെ മറികടന്ന് മുന്നേറാൻ കഴിയൂ. സാധാരണ കുട്ടികൾക്ക് ചെറിയ പ്രായത്തിൽ തന്നെ ഭിന്നശേഷിക്കാരോട് അനുകമ്പയോടെയും സഹവർത്തിത്വത്തോടെയും പെരുമാറാൻ കുടുംബങ്ങളിൽനിന്നും സ്‌കൂളുകളിൽനിന്നും ബോധവത്കരണം നൽകണം. പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണം. ഒറ്റപ്പെടൽ അനുഭവിക്കുന്ന കുട്ടികൾക്കും മാതാപിതാക്കൾക്കും മാനസിക പിന്തുണയും ആവശ്യമെങ്കിൽ കൗൺസലിങ്ങും കൊടുക്കണം.

“ഒരു കുട്ടി ഭിന്നശേഷിയുള്ള ആളാണെന്ന് തിരിച്ചറിയുമ്പോൾ ആ കുഞ്ഞിൻ്റെ കൂടെ കഴിയുന്ന മുഴുവൻ കുടുംബാംഗങ്ങൾക്കും തെറാപ്പിയെയും ചികിത്സയെയും കുറിച്ചടക്കം

കൗൺസലിങ് കൊടുക്കുന്നത് ഏറെ ഫലം ചെയ്യും. നമ്മുടെ സമൂഹത്തിന് പൊതുവേ ഇത്തരം കുഞ്ഞുങ്ങളുടെ അമ്മമാർ മാത്രമാണ് അവരെ നോക്കേണ്ടത് എന്ന ചിന്താഗതിയാണ്. ഇത് തെറ്റാണ്. കുടുംബം ഒന്നാകെ ഒരു സപ്പോർട്ട് സിസ്റ്റമായി പ്രവർത്തിക്കുമ്പോഴേ കുട്ടിക്ക് നല്ല മാറ്റങ്ങൾ വരൂ” - കോഴിക്കോട് ഇഷ മൈൻഡ് കെയറിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അനന്യ പി. പറയുന്നു.

സമൂഹം സാംസ്‌കാരികമായി ഉന്നതിയിലെത്തുന്നത് അവിടുത്തെ ദുർബലരായവരുടെ സംരക്ഷണം മികച്ചനിലയിലാകുമ്പോഴാണ്. ഭിന്നശേഷിയുള്ള കുഞ്ഞുങ്ങൾക്ക് പ്രത്യേക പരിഗണനയല്ല ആവശ്യം, അവരെ മറ്റുള്ളവർക്കൊപ്പം തുല്യരായി കണ്ട് അംഗീകരിക്കണമെന്നതാണ്.

Content Highlights: Disabled children with autism often face exclusion in schools, impacting their mental health and social development despite inclusive education policies.