ആ നിമിഷം എപ്പോഴും വരാം, നിസഹായനായി നില്‍ക്കേണ്ടിവരരുത്; പ്രഥമശുശ്രൂഷയില്‍ പരിശീലനം നേടാം

#ഡോ. റിനൂപ് രാമചന്ദ്രന്‍
പ്രതീകാത്മക ചിത്രം.|Photo credit: MBI
പ്രതീകാത്മക ചിത്രം.|Photo credit: MBI

എല്ലാ വര്‍ഷവും സെപ്റ്റംബര്‍ മാസത്തിലെ രണ്ടാം ശനിയാഴ്ച ലോക പ്രഥമ ശുശ്രൂഷ ദിനമായി ആചരിക്കുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ 13 ന് പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കാനും, ലളിതമെങ്കിലും സമയബന്ധിതമായി ചെയ്യുന്ന പ്രഥമ ശുശ്രൂഷകള്‍ ഒരുപക്ഷേ ഒരാളുടെ ജീവന്‍ തന്നെ രക്ഷിച്ചേക്കാം എന്ന അവബോധം പ്രചരിപ്പിക്കാനും ഈ അവസരത്തെ ഉപയോഗിക്കുകയാണ്. 

എമര്‍ജന്‍സികള്‍ എപ്പോള്‍ വേണമെങ്കിലും വീടുകളില്‍, റോഡില്‍, സ്‌കൂളുകളില്‍, ജോലിസ്ഥലങ്ങളില്‍ അല്ലെങ്കില്‍ പൊതുഇടങ്ങളില്‍ അങ്ങനെ എവിടെ വേണമെങ്കിലും സംഭവിക്കാം എന്നും അത്തരം സാഹചര്യങ്ങളില്‍ ഉചിതമായ രീതിയില്‍ പ്രതികരിക്കാനുള്ള അറിവും ആത്മവിശ്വാസവും ഉണ്ടാക്കിയെടുക്കുന്നത് ഒരാളുടെ മരണവും ജീവിതവും തമ്മിലുള്ള വ്യത്യാസമായേക്കാം എന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടെയാണ് ഈ ദിവസം.

എന്തുകൊണ്ട് പ്രഥമ ശുശ്രൂഷ പ്രധാനമാണ്?

പ്രൊഫഷണല്‍ വൈദ്യസഹായം എത്തുന്നതിന് മുമ്പ് പരിക്കേറ്റതോ, പെട്ടെന്ന് അസുഖം ബാധിച്ചതോ ആയ ഒരാള്‍ക്ക് നല്‍കുന്ന അടിയന്തര പരിചരണമാണ് പ്രഥമ ശുശ്രൂഷ. ഒരുപക്ഷേ ഇത് വളരെ ലളിതമാണല്ലോ എന്ന് നമുക്ക് തോന്നാമെങ്കിലും പെട്ടെന്നുള്ള ഈ ഇടപെടലുകള്‍ വളരെ നിര്‍ണ്ണായകമാണ്. നമ്മുടെ രാജ്യത്ത് 70% ഹൃദയസ്തംഭനങ്ങളും സംഭവിക്കുന്നത് വീട്ടില്‍ വെച്ചാണ് എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. എന്നാല്‍ കേവലം 2% ഇന്ത്യക്കാര്‍ മാത്രമാണ് സി.പി.ആര്‍ നല്‍കുന്നതില്‍ പരിശീലനം ലഭിച്ചിട്ടുള്ളത്. 

ഹൃദയസ്തംഭനം സംഭവിച്ച ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുന്നത് രോഗിയുടെ അതിജീവനത്തിനുള്ള സാധ്യത രണ്ട് മുതല്‍ മൂന്നിരട്ടിവരെ വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യയില്‍ ഓരോ വര്‍ഷവും ഒന്നര ലക്ഷത്തിലധികം ആളുകള്‍ റോഡപകടങ്ങളില്‍ മരണപ്പെടുന്നു എന്നാണ് കണക്ക്. കൃത്യസമയത്ത് ശരിയായ പ്രഥമ ശുശ്രൂഷ നല്‍കുകയും വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യുന്നതിലൂടെ ഇതില്‍ 50% മരണങ്ങള്‍ എങ്കിലും നമുക്ക് തടയാന്‍ സാധിക്കും. ഗുരുതരമായ രക്തസ്രാവം ആദ്യത്തെ 5 മിനുട്ടിനുള്ളില്‍ നിയന്ത്രിച്ചാല്‍ മരണനിരക്ക് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. ഒരു തുണി ഉപയോഗിച്ച് അമര്‍ത്തിപ്പിടിച്ച് രക്തസ്രാവം നിയന്ത്രിക്കുന്നത് വളരെ ലളിതമായി നമുക്ക് തോന്നുമെങ്കിലും, അത് ഒരു ജീവന്‍ രക്ഷിച്ചേക്കാം. 

ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളില്‍ അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ എല്ലായ്‌പ്പോഴും 'സുവര്‍ണ്ണ മണിക്കൂറില്‍' കിട്ടണം എന്നില്ല. അത് പ്രഥമശുശ്രൂഷ കൂടുതല്‍ പ്രാധാന്യമുള്ളതാക്കുന്നു. വളരെയധികം പ്രാധാന്യം ഉണ്ടായിരുന്നിട്ടും പൊതുജനങ്ങള്‍ക്കിടയില്‍ പ്രഥമശുശ്രൂഷ പരിജ്ഞാനം പരിമിതമായി തുടരുന്നു. പൊള്ളല്‍, അപസ്മാരം, ഒടിവുകള്‍ അല്ലെങ്കില്‍ അപകടങ്ങള്‍ എന്നിങ്ങനെ വളരെ സാധാരണയായി ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളില്‍പോലും എന്ത് ചെയ്യണമെന്ന് പലര്‍ക്കും അറിയില്ല. പലപ്പോഴും മടിയോ, തെറ്റായ വിവരങ്ങളോ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. 

ഇവിടെയാണ് ശരിയായ പരിശീലനത്തിന്റെ പ്രസക്തി. വ്യക്തികളെയും കമ്മ്യൂണിറ്റികളെയും പ്രഥമശുശ്രൂഷയുടെ പ്രാധാന്യത്തെക്കുറിച്ചും അത് ശരിയായ രീതിയില്‍ എങ്ങനെ ചെയ്യാം എന്നും പരിശീലിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് LifeLinER എന്ന ആശയം മുന്നോട്ടുവരുന്നത്. ഇത്തരം പരിശീലനപരിപാടികളില്‍ പങ്കെടുക്കുകയും ശരിയായ അറിവുകള്‍ നേടുകയും ചെയ്യുന്നത് ഒരു അടിയന്തര ഘട്ടത്തെ ആത്മവിശ്വാസത്തോടെ നേരിടാന്‍ ജനങ്ങളെ പ്രാപ്തരാക്കുന്നു. ഈ സന്ദേശം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ലോക പ്രഥമശുശ്രൂഷ ദിനം സഹായിക്കുന്നു.

നിങ്ങള്‍ക്ക് എങ്ങനെ ഈ പ്രഥമശുശ്രൂഷ സംസ്‌കാരത്തിന്റെ ഭാഗമാകാം?

  • പരിശീലനം നേടുക: LifeLinER പോലുള്ള സാക്ഷ്യപ്പെടുത്തിയ പ്രഥമശുശ്രൂഷ വര്‍ക്‌ഷോപ്പുകളില്‍ പങ്കെടുക്കുകയും നിങ്ങളുടെ അറിവ് പതിവായി പുതുക്കുകയും ചെയ്യുക.
  • മറ്റുള്ളവരെ പഠിപ്പിക്കുക: സ്‌കൂളുകളിലും ജോലിസ്ഥലങ്ങളിലും സാമൂഹിക ഗ്രൂപ്പുകളിലും അവബോധം പങ്കുവെക്കുക.
  • തയ്യാറാവുക: വീട്ടിലും ജോലിസ്ഥലത്തും സ്‌കൂളുകളിലും നന്നായി സ്റ്റോക്ക് ചെയ്ത പ്രഥമശുശ്രൂഷ കിറ്റ് സൂക്ഷിക്കുക.
  • അവബോധം പ്രോത്സാഹിപ്പിക്കുക: ലോക പ്രഥമശുശ്രൂഷ ദിന സന്ദേശം പ്രചരിപ്പിക്കാന്‍ സോഷ്യല്‍മീഡിയയും കമ്മ്യൂണിറ്റി സമ്മേളനങ്ങളും ഉപയോഗിക്കുക.

കേവലം ഒരു പ്രതീകാത്മക ആചരണത്തില്‍ ഒതുങ്ങേണ്ടുന്ന ഒന്നല്ല ലോക പ്രഥമശുശ്രൂഷ ദിനം. ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുന്ന ലളിതമായ കഴിവുകള്‍ പരിശീലിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നമ്മള്‍ ഓരോരുത്തരോടുമുള്ള ആഹ്വാനമാണത്. എമര്‍ജന്‍സികള്‍ കാത്തിരിക്കില്ല, എന്നാല്‍ ആ നിമിഷം വരുമ്പോള്‍ നാം നിസ്സഹായരായ കാഴ്ചക്കാരല്ലെന്ന് ഉറപ്പാക്കാന്‍ തയ്യാറെടുപ്പിന് സാധിക്കും

ഈ സെപ്റ്റംബര്‍ 13 ന് പ്രഥമശുശ്രൂഷയെക്കുറിച്ചുള്ള അറിവ് ഒരു സാര്‍വ്വത്രിക ജീവിത നൈപുണ്യമാക്കി മാറ്റുമെന്നും, അത് പ്രായോഗികവും ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യാം. കാരണം ഒരു എമര്‍ജന്‍സിയുടെ നിര്‍ണ്ണായകമായ ആദ്യനിമിഷങ്ങളില്‍ എല്ലായ്‌പ്പോഴും അവിടെ ഉണ്ടായിരിക്കുക ഒരു ഡോക്ടറോ ആരോഗ്യപ്രവര്‍ത്തകനോ അല്ല- അത് നിങ്ങളാണ്.

(കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ എമർജൻസി മെഡിസിൻ മേധാവിയാണ് ലേഖകൻ)

Content Highlights: The importance of first aid and how it can save lives. Get trained and be prepared for emergencies