ഉപ്പിന്റെ അളവ് കുറയ്ക്കാം, വ്യായാമം ശീലമാക്കാം; നിശബ്ദ കൊലയാളിയായ ഹൈപ്പർടെൻഷനെ ശ്രദ്ധിക്കണം

പ്രധാന ആരോഗ്യവെല്ലുവിളികളിലൊന്നായ ഹൈപ്പർടെൻഷൻ സൗത്-ഈസ്റ്റ് ഏഷ്യയിലെ 29.4 കോടിയിൽപരം ജനങ്ങളെ ബാധിക്കുന്ന നിശബ്ദ കൊലയാളിയാണെന്ന് ലോകാരോഗ്യസംഘടന. പുകയില ഉപയോഗം, മദ്യപാനം, ഉപ്പിന്റെ അമിതോപഭോഗം, മാനസിക സമ്മർദം, വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണശീലം തുടങ്ങിയവയാണ് ഹൈപ്പർടെൻഷൻ സാധ്യത കൂട്ടുന്ന ഘടകങ്ങളെന്നും ലോകാരോഗ്യസംഘടന വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. മേയ് പതിനേഴിന് ലോക ഹൈപ്പർ ടെൻഷൻ ദിനം ആചരിക്കുന്നതിന് മുന്നോടിയായാണ് ലോകാരോഗ്യസംഘടന റിപ്പോർട്ട് പുറത്തുവിട്ടത്.
ആഗോളതലത്തിൽ മുപ്പതിനും എഴുപത്തിയൊമ്പതിനും ഇടയിൽ പ്രായമുള്ള ഇരുനൂറു കോടിയിലേറെ പേർ ഉയർന്ന രക്തസമ്മർദം അഥവാ ഹൈപ്പർ ടെൻഷനുമായി ജീവിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. അറുപതിനും അതിനു മുകളിലും പ്രായമുള്ളവരിലാണ് പൊതുവേ ഹൈപ്പർ ടെൻഷൻ സാധാരണമായി കാണാറുള്ളതെങ്കിലും യുവാക്കളിലും ഇതു കൂടുന്നുണ്ടെന്നാണ് അടുത്തിടെ നടത്തിയ പല പഠനങ്ങളും വ്യക്തമാക്കുന്നത്.
ഹൃദയാഘാതം, പക്ഷാഘാതം മൂലമുള്ള മരണങ്ങൾ വർധിക്കുന്നതിൽ ഹൈപ്പർടെൻഷന് വലിയ പങ്കുണ്ട്. ഹൈപ്പർടെൻഷൻ ബാധിതരായ പത്തിൽ ഒമ്പതുപേർക്കും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നുണ്ട്. അടിയന്തര നടപടികൾ കൈക്കൊണ്ട് ഹൈപ്പർടെൻഷനെ പ്രതിരോധിച്ച് അകാലമരണങ്ങളെ ചെറുക്കേണ്ടതുണ്ടെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.
നിയന്ത്രണവിധേയമല്ലാത്ത രക്തസമ്മർദമാണ് ഹൃദ്രോഗങ്ങൾ, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയിലേക്ക് നയിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണശൈലി, വ്യായാമം തുടങ്ങിയവ പ്രോത്സാഹിപ്പിച്ചും, പുകയില, മദ്യപാനം എന്നിവയോടുള്ള ആസക്തി കുറച്ചും ഉപ്പിന്റെ അമിതോപയോഗം കുറച്ചുമൊക്കെ ഹൈപ്പർടെൻഷന് തടയിടണമെന്നും ലോകാരാേഗ്യസംഘടന കൂട്ടിച്ചേർക്കുന്നു.
രക്തസമ്മർദനിരക്ക് കൃത്യമായി പരിശോധിക്കുക, നിയന്ത്രിക്കുക, ദീർഘകാലം ജീവിക്കുക എന്നതാണ് ഈ വർഷത്തെ ഹൈപ്പർടെൻഷൻ അവബോധ ദിനത്തിലെ തീം. 2025 ആകുമ്പോഴേക്കും ഹൈപ്പർടെൻഷന്റെ ഉയർന്ന നിരക്ക് 25ശതമാനം കുറയ്ക്കുക എന്നതാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ഹൈപ്പർടെൻഷൻ സ്ഥിരീകരിച്ചാൽ ചെയ്യേണ്ട കാര്യങ്ങൾ
രക്താതിമര്‍ദം തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍ അസുഖത്തെ നിയന്ത്രണ വിധേയമാക്കുവാനുള്ള നടപടികള്‍ നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ നിര്‍ദ്ദിഷ്ടകാലയളവ് വരെ മുടക്കമില്ലാതെ തുടരുക എന്നതില്‍ വിട്ടുവീഴ്ച അരുത്. മരുന്നുകളുടെ ഉപയോഗം ഇടയ്ക്ക് വെച്ച് നിര്‍ത്തുകയോ, സ്വന്തം ഇഷ്ടപ്രകാരം ക്രമീകരിക്കുകയോ, അശാസ്ത്രീയമായ ചികിത്സാ രീതികള്‍ സ്വീകരിക്കുകയോ ചെയ്യരുത്. ഇവയെല്ലാം പലപ്പോഴും ഗുണത്തേക്കാള്‍ വലിയ ദോഷങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയാക്കും.
ജീവിത ശൈലി ക്രമീകരണം നിര്‍ബന്ധമാണ്. രക്താതിമര്‍ദത്തിലേക്ക് നയിക്കുന്ന ജീവിതശൈലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍ബന്ധമായും ക്രമീകരിക്കണം. പൊണ്ണത്തടി കുറയ്ക്കുക, കൃത്യമായ അളവില്‍ വ്യായാമം ചെയ്യുക, ഉപ്പേരി, പപ്പടം, ഉണക്ക മത്സ്യം, അച്ചാര്‍ പോലുള്ള ഉപ്പ് കൂടുതലായി അടങ്ങിയ വസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കുകയും ഉപ്പിന്റെ ഉപയോഗം ആവശ്യമെങ്കില്‍ രുചിക്ക് വേണ്ടി അല്‍പ്പം എന്ന രീതിയില്‍ മാത്രമാക്കുകയും ചെയ്യണം.
ജീവിത ശൈലീ രോഗങ്ങളുടെ ഒരു പ്രധാനപ്പെട്ട കാരണം മാനസിക സമ്മര്‍ദമാണ്. തൊഴില്‍പരമായും അല്ലാതെയുമുള്ള മാനസിക സംഘര്‍ഷം പുതിയ കാലത്തിന്റെ സവിശേഷത കൂടിയാണ്. അതിനാല്‍ തന്നെ മാനസിക സമ്മര്‍ദത്തെ ലഘൂകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക. പല അസുഖങ്ങള്‍ക്കും സ്വന്തം ഇഷ്ടപ്രകാരം മരുന്നുകള്‍ വാങ്ങിക്കഴിക്കുന്ന രീതി ഒഴിവാക്കുക, ഡോക്ടറുടെ നിര്‍ദ്ദേശത്തോട് കൂടി മാത്രമേ മരുന്നുകള്‍ ഉപയോഗിക്കുവാന്‍ പാടുള്ളൂ.
രക്താതിമര്‍ദത്തിനായി ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മരുന്ന് നിര്‍ദ്ദേശിച്ച അളവില്‍ എത്രകാലമാണോ കഴിക്കേണ്ടത് അത്രയും കാലം കഴിക്കുക. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മരുന്നിന്റെ അളവില്‍ ക്രമീകരണം നടത്തണം. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം മരുന്ന് ക്രമീകരിക്കുകയോ നിര്‍ത്തുകയോ ചെയ്യരുത്.
Content Highlights: WHO reports hypertension affects 294 million in Southeast Asia.