പകർച്ചവ്യാധികൾ നേരിടാൻ പണ്ട് ഭരണകൂടങ്ങൾ സ്വീകരിച്ച വഴികൾ എന്തെല്ലാം? പുസ്തകമിറക്കി പുരാരേഖാ വകുപ്പ്

പൊന്നാനി: പകർച്ചവ്യാധികൾ നേരിടാൻ പണ്ട് ഭരണകൂടങ്ങൾ സ്വീകരിച്ച വഴികൾ എന്തൊക്കെയായിരുന്നു?, ലോക്ക്ഡൗണും ക്വാറന്റൈനും എങ്ങനെയായിരുന്നു?, വാക്സിനേഷന്റെ തുടക്കം?- ഇതെല്ലാം വായിച്ചറിയാൻ പുസ്തകം പുറത്തിറക്കിയിരിക്കുകയാണ് സംസ്ഥാന പുരാരേഖ വകുപ്പ്.
കേരളത്തിന്റെ ആരോഗ്യമേഖലയുടെ വളർച്ചയുടെ ചരിത്രവും സുപ്രധാന നാഴികക്കല്ലുകളും രേഖപ്പെടുത്തി ‘ഹെൽത്ത് ഇൻ ഹിസ്റ്ററി’എന്ന പേരിലാണ് അപൂർവരേഖകൾ ഉൾക്കൊള്ളിച്ച് പുസ്തകം പുറത്തിറക്കിയത്.
തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങളിൽ ആധുനിക ചികിത്സാ സമ്പ്രദായങ്ങൾ ആരംഭിച്ചതും വികസിച്ചതും കേരളത്തിന്റെ ആരോഗ്യ പൈതൃകത്തിന് അടിത്തറപാകിയ വിവിധ ഘട്ടങ്ങളും പുരാരേഖകളിലൂടെ പുസ്തകത്തിൽ വിശദീകരിക്കുന്നു.
സെൻട്രൽ ആർക്കൈവ്‌സ് തിരുവനന്തപുരം, പുരാരേഖാ വകുപ്പ് ഡയറക്ടറേറ്റ്, റീജണൽ ആർക്കൈവ്‌സ് എറണാകുളം, റീജണൽ ആർക്കൈവ്‌സ് കോഴിക്കോട് എന്നിവിടങ്ങളിൽ സൂക്ഷിച്ചുവരുന്ന 1800 മുതൽ 1956 വരെയുള്ള കാലയളവിലെ തിരഞ്ഞെടുക്കപ്പെട്ട അപൂർവ ഔദ്യോഗിക രേഖകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയത്.
ഐക്യകേരള രൂപവത്കരണത്തിന് മുൻപുതന്നെ വികസിച്ച വികേന്ദ്രീകൃത ആരോഗ്യപരിപാലന സംവിധാനത്തിന്റെ വളർച്ചയും പ്രവർത്തനരീതികളും വ്യക്തമാക്കുന്ന ചരിത്രരേഖകളും പുസ്തകത്തിലുണ്ട്.
Content Highlights: Discover Kerala's healthcare milestones and decentralized systems, documented in rare records from the Kerala State Archives, spanning 1800 to 1956.