നാണക്കേട് തോന്നാൻ ഇത് കൊക്കെയ്ന്‍ അല്ല, വണ്ണം കുറയ്ക്കാൻ മരുന്ന് ഉപയോഗിച്ചതിനെക്കുറിച്ച് സംവിധായകൻ

അമിതവണ്ണം കുറയ്ക്കാനും ടൈപ് 2 പ്രമേഹം നിയന്ത്രിക്കാനും വെയ്റ്റ്ലോസ് ഡ്രഗ്സ് ഉപയോഗിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞിട്ടുള്ളയാളാണ് പ്രശസ്ത ബോളിവുഡ് സംവിധായകൻ ഹൻസൽ മേത്ത. വണ്ണം കുറയ്ക്കാനും ടൈപ്2 പ്രമേഹം നിയന്ത്രിക്കാനുമുള്ള യു.എസ്. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എലി ലില്ലിയുടെ പ്രശസ്തമായ മരുന്ന് മൗൻജാരോ ആണ് താൻ ഉപയോഗിച്ചതെന്നും വിദഗ്ധോപദേശപ്രകാരം അത്തരം മരുന്നുകൾ ഉപയോഗിക്കുന്നതിൽ ലജ്ജിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും വെയ്റ്റ്ലോസ് ഡ്രഗ്സുകൾക്കെതിരെയുള്ള വിമർശനങ്ങളെക്കുറിച്ച് എക്സിലൂടെ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.
എന്തുകൊണ്ടാണ് ഒസെംപിക്, മൗൻജാരോ എന്നീ ഭാരം കുറയ്ക്കാനുള്ള മരുന്നുകൾ മോശം വാക്കുകളായി തുടരുന്നതെന്ന് ഹൻസൽ മേത്ത കുറിച്ചു. വ്യായാമത്തിനും ആഹാരക്രമത്തിനുമൊപ്പം, പ്രമേഹം നിയന്ത്രിക്കാനും മെറ്റബോളിസം മെച്ചപ്പെടുത്താനും അപകടകരമായ വിസറൽ ഫാറ്റ് ഇല്ലാതാക്കാനും ആരോഗ്യം സംരക്ഷിക്കാനും ആധുനിക വൈദ്യശാസ്ത്രത്തെ ഉപയോഗിക്കുന്നതിനെക്കുറിച്ച് തുറന്നുപറയുന്നതിൽ എന്തിനാണ് ആളുകൾക്ക് ലജ്ജ തോന്നുന്നുതെന്നും അദ്ദേഹം കുറിച്ചു.
അവ ലക്ഷക്കണക്കിനാളുകളുടെ ജീവിതം ആരോഗ്യപ്രദമാക്കാൻ സഹായിക്കുന്നു. കൊക്കെയ്നല്ല ഇത്. നമ്മൾ എങ്ങനെയോ ആരോഗ്യത്തെയും സദാചാരവൽക്കരിച്ചു. ആരെങ്കിലും ശാസ്ത്രം ഉപയോഗിച്ച് സുഖം പ്രാപിച്ചാൽ അതിനെ വഞ്ചനയെന്ന് വിളിക്കും. എന്നാൽ അതേ വ്യക്തി നിശബ്ദം കഷ്ടപ്പെടുകയാണെങ്കിൽ അതിനെ അച്ചടക്കം എന്നും വിളിക്കും- ഹൻസൽ മേത്ത കുറിച്ചു.
പരമ്പരാഗത ആഹാരക്രമത്തിലൂടെയോ, വ്യായാമത്തിലൂടെയോ മാത്രം പരിഹരിക്കപ്പെടാൻ കഴിയാത്ത ഉപാപചയ പ്രശ്നങ്ങൾക്കുള്ള ജീവൻ രക്ഷിക്കുന്ന ഇടപെടലുകളാണ് ഇത്തരം മരുന്നുകളെന്നും അദ്ദേഹം പറയുന്നു. അതിൽ നാണക്കേടല്ല മറിച്ച് ഉത്തരവാദിത്തമാണ് തോന്നേണ്ടതെന്നും അദ്ദേഹം പറയുന്നു.
യഥാർഥത്തിൽ ഇവയെക്കുറിച്ച് സ്റ്റിഗ്മ ഉണ്ടാകുന്നതിന് പകരം അവബോധവും മാർഗനിർദേശവുമാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം കുറിച്ചു. ആധുനിക വൈദ്യശാസ്ത്രം നമ്മെ പരിണാമത്തിന് സഹായിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.
വിദഗ്ധ നിർദേശപ്രകാരം താൻ പ്രമേഹനിലയും വണ്ണവും കുറയ്ക്കാൻ മൗൻജാരോ ഉപയോഗിച്ച് തുടങ്ങിയെന്ന് ഹൻസൽ മേത്ത നേരത്തെ തുറന്നുപറഞ്ഞിരുന്നു. അമിതവണ്ണം എന്ന മഹാമാരിയെ നേരിടാൻ വലിയൊരു മാറ്റം കൊണ്ടുവന്നേക്കാവുന്ന ഒന്നിനെയാണ് ആളുകൾ അപമാനിക്കുന്നതെന്നും ചെറിയ പ്രായത്തിൽതന്നെ മരണത്തിനുവരെ കാരണമായേക്കാവുന്ന ആരോഗ്യപ്രശ്നമാണ് അമിതവണ്ണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വൈദ്യോപദേശത്തോടെ സ്വന്തം ആരോഗ്യം ശ്രദ്ധിക്കുന്നത് ഒരു കുറ്റമോ ലജ്ജിക്കേണ്ട കാര്യമോ അല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്താണ് മൗൻജാരോ?
സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് എലി ലില്ലി 'മൗൻജാരോ' ഇൻജക്ഷൻ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഡോക്ടറുടെ നിർദേശപ്രകാരം ആഴ്ചയിലൊരിക്കലാണ് മൗൻജാരോ ഇൻജക്ഷൻ എടുക്കേണ്ടത്. 5 മില്ലിഗ്രാം വയലും 2.5 മില്ലിഗ്രാം വയലുമാണ് ഇന്ത്യയിൽ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 5 മില്ലിഗ്രാം വയലിന് 4,375 രൂപയാണ് വില. 2.5 മില്ലിഗ്രാം വയലിന് 3,500 രൂപയും.
നാച്യുറൽ ഇൻക്രെറ്റിൻ ഹോർമോണുകളായ ജിഐപി, ജിഎൽപി-1 എന്നിവയെ ആക്ടിവേറ്റ് ചെയ്യുകയാണ് 'മൗൻജാരോ' ഇൻജക്ഷൻ ചെയ്യുന്നത്. ഇത് ഡോക്ടറുടെ കുറിപ്പടിപ്രകാരം മാത്രം ഉപയോഗിക്കേണ്ട മരുന്നാണ്. യു.കെ.യിലും യൂറോപ്യൻ രാജ്യങ്ങളിലും 'മൗൻജാരോ' എന്ന ബ്രാൻഡിൽ തന്നെയാണ് എലി ലില്ലി ഈ മരുന്ന് വിൽക്കുന്നത്. യു.എസിൽ 'സെപ്ബൗണ്ട്' എന്ന പേരിലും ഇതേ ഇൻജക്ഷൻ വിൽക്കുന്നുണ്ട്.
മരുന്നിനൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും നിർബന്ധവുമാണ്. പൊതുവെ അമിതവണ്ണക്കാരിലും വണ്ണം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരിലും പ്രമേഹനില നിയന്ത്രിക്കാൻ ടൈപ് 2 ഡയബറ്റിസ് രോഗികളിലുമാണ് മരുന്ന് നൽകിവരുന്നത്. ഹോർമോണുകളെയും ചയാപചയ പ്രവർത്തനങ്ങളെയും ബാധിക്കുന്ന മരുന്നായതിനാൽ സ്വീകരിക്കുന്ന ഡോസിന്റെ കാര്യത്തിൽ ആരോഗ്യവിദഗ്ധന്റെ കൃത്യമായ മേൽനോട്ടം ഉണ്ടായിരിക്കേണ്ടതാണ്.