‘മകന്റെ ജനനത്തിനു പിന്നാലെ PMDD’, തുറന്നുപറഞ്ഞ് മോഡൽ; PMS അല്ലിത്, തിരിച്ചറിയാൻ വൈകരുത്

#Health Desk
ഹെയ്ലി ബീബർ| Photo: AFP
ഹെയ്ലി ബീബർ| Photo: AFP

മകൻ ജാക്ക് ബ്ലൂസ് ബീബറിന്റെ ജനനത്തിനു പിന്നാലെ പ്രീമെൻസ്ട്രൽ ഡിസ്ഫോറിക് ഡിസോർഡർ (PMDD) അനുഭവിച്ചതിനെക്കുറിച്ച് പങ്കുവെച്ച് അമേരിക്കൻ മോഡലായ ഹെയ്‌ലി ബീബർ. പ്രസവശേഷം ആറുമാസത്തോളം കഴിഞ്ഞാണ് തനിക്ക് ഈ അവസ്ഥ ഉണ്ടെന്ന് തിരിച്ചറിഞ്ഞതെന്ന് ഹെയ്ലി പറഞ്ഞു. ഗർഭധാരണത്തിന് മുമ്പ് പ്രീമെൻസ്ട്രൽ സിൻഡ്രോം (PMS) ഉണ്ടായിരുന്നെങ്കിലും അമ്മയായ ശേഷം ലക്ഷണങ്ങൾ കൂടുതൽ തീവ്രമായെന്നും പിന്നാലെയാണ് പ്രീമെൻസ്ട്രൽ ഡിസ്ഫോറിക് ഡിസോർഡർ ആണെന്ന് വ്യക്തമായതെന്നും ഹെയ്ലി പറഞ്ഞു.

'SHE MD' പോഡ്‌കാസ്റ്റിലൂടെയാണ് ഹെയ്‌ലി ഇക്കാര്യങ്ങൾ പങ്കുവെച്ചത്. പ്രീമെൻസ്ട്രൽ ഡിസ്ഫോറിക് ഡിസോർ‍ഡറിനേക്കുറിച്ചുള്ള ബോധവൽക്കരണം കുറവാണെന്നും ഇത്തരം അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നത് സ്ത്രീകൾക്ക് തങ്ങൾ ഒറ്റയ്ക്കല്ലെന്ന തോന്നൽ ഉണ്ടാക്കാൻ സഹായിക്കുമെന്നും അവർ പറഞ്ഞു.

ആഗോളതലത്തിൽ പ്രീമെൻസ്ട്ര്വൽ ഡിസ്ഫോറിക് ഡിസോർഡർ(പി.എം.ഡി.ഡി.) എന്ന അവസ്ഥ അനുഭവിക്കുന്ന പെൺകുട്ടികളുടേയും സ്ത്രീകളുടേയും എണ്ണം കൂടുതലാണെന്ന് വ്യക്തമാക്കുന്ന പഠനം അടുത്തിടെ പുറത്തുവന്നിരുന്നു. ആഗോളതലത്തിൽ ഏകദേശം മൂന്നിലധികം കോടി സ്ത്രീകളും പെൺകുട്ടികളും ഈ പ്രശ്നവുമായി ജീവിക്കുന്നുണ്ടെന്നാണ് പഠനം വ്യക്തമാക്കിയത്. ഓക്‌സ്ഫഡ്‌ സർവകലാശാലയിലെ സൈക്യാട്രി വിഭാഗത്തിൽനിന്നുള്ള ഡോ. തോമസ് റെയ്‌ലിയാണ് പഠനത്തിന് നേതൃത്വം നൽകിയത്. പ്രീമെൻസ്ട്ര്വൽ ഡിസ്ഫോറിക് ഡിസോർഡർ അനുഭവിക്കുന്ന സ്ത്രീകളേയും പെൺകുട്ടികളേയും നിരീക്ഷിച്ചാണ് പഠനം നടത്തിയത്.

വയറുവേദന, കടുത്തക്ഷീണം; ആർത്തവത്തിന് മുമ്പേവരുന്ന 'പ്രീ മെൻസ്ട്രൽ ഡിസ്‌ഫോറിക്‌ ഡിസോഡർ'

പ്രീമെൻസ്ട്ര്വൽ സിൻഡ്രോം (പി.എം.എസ്.) എന്ന അവസ്ഥയുടെ കുറച്ചുകൂടി ഗുരുതരമായ അവസ്ഥയാണ് പി.എം.ഡി.ഡി. കരുതലും ചികിത്സയും തേടേണ്ടത് അത്യാവശ്യവുമാണ്. മരുന്നിനൊപ്പം ജീവിതരീതിയിലെ മാറ്റവും സുപ്രധാനമാണ്. ആർത്തവമാകുന്നതിന് ഒന്നോ രണ്ടോ ആഴ്ച്ചമുമ്പ് സ്ത്രീകൾ അനുഭവിക്കുന്ന മാനസിക-ശാരീരിക പ്രശ്നങ്ങളെയാണ് പ്രീമെൻസ്ട്ര്വൽ സിൻഡ്രോം എന്നു പറയുന്നത്. വയറുവീർക്കുക, തലവേദന, വിഷാദം തുടങ്ങിയവ പ്രകടമാകാം.

എന്താണ് പ്രീ മെൻസ്ട്രൽ സിൻഡ്രോം? സ്ത്രീകളുടെ ജീവിതത്തെ ഇത് ബാധിക്കുന്നത് എങ്ങനെ?

പ്രീ മെൻസ്ട്ര്വൽ ഡിസ്ഫോറിക് ഡിസോർഡർ ?

പി.എം.എസിന്റെ ഗുരുതരമായ അവസ്ഥയാണ് പ്രീമെൻസ്ട്ര്വൽ ഡിസ്ഫോറിക് ഡിസോർഡർ. പ്രത്യുത്പാദന പ്രായത്തിലുള്ള സ്ത്രീകളേയാണ് ബാധിക്കുന്നത്. പി.എം.ഡി.ഡി.യുടെ യഥാർഥ കാരണം എന്താണെന്നതു സംബന്ധിച്ച ഗവേഷണങ്ങൾ നടന്നുവരികയാണ്. ഓരോ ആർത്തവ ചക്രത്തിലുമുണ്ടാകുന്ന ഹോർമോൺ അസന്തുലിതാവസ്ഥയുടെ അസ്വാഭാവിക പ്രതികരണമാകാം എന്നും കരുതുന്നുണ്ട്. ഹോർമോൺ അസന്തുലിതാവസ്ഥ സെറോടോണിൻ ഉത്പാദനം കുറയ്ക്കാം. ഇതും മാനസികാരോഗ്യത്തെ ബാധിക്കാം.

ലക്ഷണങ്ങൾ

ആർത്തവത്തിന് ഒരാഴ്ച്ച മുമ്പു തുടങ്ങി ആർത്തവം തുടങ്ങി ഏതാനും ദിവസങ്ങൾകൂടി നീണ്ടുനിൽക്കുന്ന രീതിയിലാണ് ലക്ഷണങ്ങൾ പ്രകടമാവുക. ദൈനംദിന ജീവിതത്തിലെ പ്രവർത്തനങ്ങളെപ്പോലും ബാധിക്കാം. അസ്വസ്ഥത, ദേഷ്യം, ഉറക്കക്കുറവ്, വിഷാദം, ശ്രദ്ധക്കുറവ്, അമിതക്ഷീണം, ഉത്കണ്ഠ, ആശയക്കുഴപ്പം, ആർത്തവകാലത്ത് വണ്ണംവെക്കൽ, കൈകാലുകളിലെ വീക്കം, കാഴ്ച്ചസംബന്ധമായ പ്രശ്നങ്ങൾ, അടിവയറിൽ കടുത്തവേദന, വയറുവീർക്കുക, മലബന്ധം, ഛർദി, ഓക്കാനം, പുറംവേദന, ചർമം ചൊറിഞ്ഞു തടിക്കൽ, തലവേദന, തലചുറ്റൽ, അമിതമായ ചൂട്, ലൈംഗിക താൽപര്യക്കുറവ്, വേദനാജനകമായ ആർത്തവം തുടങ്ങിയവ ലക്ഷണങ്ങളാണ്.

ലക്ഷണങ്ങൾ പ്രകടമായാൽ വിദഗ്ധസഹായം തേടുകയും ആവശ്യമെങ്കിൽ ചികിത്സ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. മരുന്നുചികിത്സയ്ക്കൊപ്പം ഭക്ഷണരീതിയിലെ മാറ്റം, വ്യായാമം, സമ്മർദം കൈകാര്യം ചെയ്യാനുള്ള മാർഗങ്ങൾ തുടങ്ങിയവയും പാലിക്കേണ്ടതാണ്.

Content Highlights: Hailey Bieber shares her journey with premenstrual dysphoric disorder (PMDD) after giving birth