സ്റ്റാറ്റിൻ മരുന്നുകളുടെ പ്രവർത്തനത്തിന് സമാനം, കൊളസ്ട്രോൾ നില കുറയ്ക്കാൻ സഹായിക്കുന്ന സൂക്ഷ്മാണു കണ്ടെത്തി ഗവേഷകർ

മനുഷ്യരിൽ സാധാരണ കാണപ്പെടുന്ന ഒരു സൂക്ഷ്മാണുവിന്( gut microbe) കൊളസ്ട്രോളിന്റെ അളവ് ഗണ്യമായി കുറയ്ക്കാനാവുമെന്ന് പഠനം. നേച്ചർ ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 'ബാക്ടറോയ്ഡസ് യൂണിഫോർമിസ്' എന്ന കുടലിലുണ്ടാകുന്ന ബാക്ടീരിയയെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് ഇവ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ധമനികളിൽ അടിഞ്ഞുകൂടുന്ന പ്ലേക്ക് ചുരുക്കുകയും ചെയ്യുന്നുവെന്ന് കണ്ടെത്തിയത്.
ചൈനയിലെ സൻ യാറ്റ് സെൻ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. 'ബാക്ടറോയ്ഡസ് യൂണിഫോർമിസ്' ധമനികളിലെ പ്ലേക്ക് ചുരുക്കാൻ കഴിവുള്ള തന്മാത്രയെ ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. 'ബാക്ടറോയ്ഡസ് യൂണിഫോർമിസ്' എന്ന ബാക്ടീരിയയിൽ നിന്നുള്ള സംയുക്തം എലികൾക്ക് നൽകിയപ്പോൾ അവയുടെ ധമനികളിലെ പ്ലേക്ക് ഏകദേശം പകുതിയായി കുറഞ്ഞുവെന്ന് ഗവേഷകർ കണ്ടെത്തി. ഹൃദ്രോഗം തടയാൻ നിരവധിപേർ കഴിക്കുന്ന സ്റ്റാറ്റിൻ എന്ന മരുന്നിന്റെ അതേ ജൈവപ്രവർത്തനത്തിലൂടെയാണ് ഇത് സാധ്യമാക്കിയതെന്ന് ഗവേഷകർ പറയുന്നു.
ഹൃദയത്തെ സംരക്ഷിക്കുന്നതിനായി മനുഷ്യന്റെ കുടലിലെ സൂക്ഷ്മാണുക്കളുടെ ശേഖരമായ മൈക്രോബയോമിനെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് വ്യക്തമാക്കുകയാണ് പുതിയ പഠനമെന്ന് മൈക്രോബയോളജിസ്റ്റും പഠനത്തിന്റെ സഹ രചയിതാവുമായ വെൻജിംഗ് ഷാവോ പറയുന്നു. ഹൃദ്രോഗവും മൈക്രോബയോമും തമ്മിലുള്ള ലളിതമായ ബന്ധത്തിനപ്പുറം രക്തക്കുഴലുകളുടെ ആരോഗ്യത്തെ സ്വാധീനിക്കാൻ കുടലിലെ മൈക്രോബയോമിന് കഴിയുമെന്നതിനുള്ള തെളിവാണ് ഈ പഠനം നൽകുന്നതെന്നും ഗവേഷകർ പറയുന്നു.
ധമനികളുടെ ഭിത്തികളിൽ പ്ലേക്കുകൾ രൂപപ്പെടുന്ന അതിറോസ്ക്ലിറോസിസ് മൂലം ഉണ്ടാകുന്ന രോഗങ്ങൾ ലോകമെമ്പാടുമുള്ള ഹൃദ്രോഗ മരണങ്ങളുടെ പ്രധാന കാരണമാണ്. സ്റ്റാറ്റിൻ മരുന്നുകൾ ദിവസവും കഴിക്കുന്നതിലൂടെ മരണനിരക്ക് കുറച്ചിട്ടുണ്ടെങ്കിലും വിട്ടുമാറാത്ത ഹൃദ്രോഗമുള്ള പകുതിയോളം ആളുകളിൽ ഇതിലൂടെ മാത്രം കൊളസ്ട്രോൾ വേണ്ടത്ര കുറയ്ക്കാനാവില്ലെന്ന് ഗവേഷകർ പറയുന്നു. ഇതിനുള്ള ഒരു ബദൽ കണ്ടെത്താനായാണ് ഗവേഷകർ ഹൃദ്രോഗമുള്ളവരിലെയും ഇല്ലാത്തവരിലെയും മലത്തിലെ സാമ്പിളുകളിലെ കുടൽ ബാക്ടീരിയകളെ വിശകലനം ചെയ്തത്. തുടർന്നാണ് ആരോഗ്യമുള്ള വ്യക്തികളെ അപേക്ഷിച്ച് ഹൃദ്രോഗമുള്ളവരിൽ ബി. യൂണിഫോർമിസ് ബാക്ടീരിയയുടെ അളവ് കുറവാണെന്ന് കണ്ടെത്തിയത്.
ശേഷം എലികളിൽ ജനിതകമാറ്റം വരുത്തി അവയിൽ അതിറോസ്ക്ലിറോസിസ് ഉണ്ടാക്കുകയും ഹൃദ്രോഗമുള്ള ചിലരിലെ അവസ്ഥ ഉണ്ടാകുന്നതിനായി അവയ്ക്ക് കൊഴുപ്പ് കൂടിയ ആഹാരം നൽകുകയും ചെയ്തു. തുടർന്ന് ബി. യൂണിഫോർമിസ് ബാക്ടീരിയയെ എലികൾക്ക് നൽകിയപ്പോൾ അവയുടെ പ്രധാന ധമനികളിലെ പ്ലേക്കുകൾ മൂന്നിലൊന്നായി ചുരുക്കുന്നതായി കണ്ടെത്തി. മൊത്തത്തിലുള്ള കൊളസ്ട്രോളും ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (LDL) അഥവാ ചീത്ത കൊളസ്ട്രോൾ ഉൾപ്പെടെയുള്ള രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ഈ ബാക്ടീരിയ സഹായിച്ചു.
ഉള്ളി, വെളുത്തുള്ളി തുടങ്ങിയ ഭക്ഷണങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്ന പുളിപ്പിക്കാൻ കഴിയുന്ന ഡയറ്ററി ഫൈബർ ചിലരിൽ ബി. യൂണിഫോർമിസിന്റെ അളവ് വർധിപ്പിക്കുമെന്ന് മനുഷ്യരിൽ നടത്തിയ ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ബി. യൂണിഫോർമിസ് വർധിപ്പിക്കാനുള്ള ശ്രമങ്ങളിലൂടെ ഹൃദ്രോഗസാധ്യത കുറയ്ക്കാനാവുമോ എന്നതിൽ ഗവേഷണങ്ങൾ ഇനിയും പുറത്തുവരേണ്ടതുണ്ട്.
കൊളസ്ട്രോൾ പ്രതിരോധം; ശ്രദ്ധിക്കേണ്ടത്
പണ്ടുകാലത്തേതുപോലെ പ്രായമായവരെ മാത്രം ബാധിക്കുന്ന ഒന്നല്ല ഉയർന്ന കൊളസ്ട്രോൾ. മെലിഞ്ഞവർക്കും ഉയർന്ന കൊളസ്ട്രോൾ വരാം. വ്യായാമം ചെയ്യുന്നവരിൽ ഭക്ഷണക്രമം ശരിയല്ലെങ്കിലും ശ്രദ്ധവേണം. സമ്മർദ്ദം, ഉറക്കം, പുകവലി എന്നിവയും ശ്രദ്ധിക്കണം.
കൊഴുപ്പുള്ള ഭക്ഷണം കുറയ്ക്കുക
കൊളസ്ട്രോൾ നില നിയന്ത്രിക്കുന്നതിനുള്ള ആദ്യപടി കൊഴുപ്പുള്ള ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുന്നതാണ്. എന്നാൽ, എല്ലാ കൊഴുപ്പും ശരീരത്തിനെ സംബന്ധിച്ച് മോശമല്ല.റെഡ് മീറ്റ്, വെണ്ണ, നെയ്യ്, ക്രീം, കൊഴുപ്പ് നിറഞ്ഞ ചീസ് എന്നിവയിൽ സാധാരണയായി കാണുന്ന പൂരിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാം. അതിനാൽ, എൽഡിഎൽ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അപൂരിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണം തിരഞ്ഞെടുക്കാം. സാൽമൺ, അയല പോലുള്ള മത്സ്യങ്ങളും ഒലിവ് ഓയിൽ, നട്സ്, വിത്തുകൾ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
വ്യായാമം
ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ വ്യായാമം ചെയ്യേണ്ടത് നിർബന്ധമാണ്. സ്ഥിരമായ വ്യായാമം കൊളസ്ട്രോൾ നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തും. മുതിർന്നവർ ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. വേഗത്തിലുള്ള നടത്തം, സൈക്ലിംഗ്, അല്ലെങ്കിൽ നീന്തൽ പോലുള്ള വ്യായാമങ്ങൾക്ക് വലിയ മാറ്റങ്ങളുണ്ടാക്കാൻ സാധിക്കും.
മദ്യപാനവും പുകവലിയും ഒഴിവാക്കാം
കൊളസ്ട്രോൾ നില ഉയർത്തുന്നതിനും ഹൃദയാഘാതം, പക്ഷാഘാതം, കാൻസർ പോലുള്ള ഗുരുതര രോഗങ്ങൾക്കും പുകവലി കാരണമാകും. എത്രയും പെട്ടെന്ന് പുകവലി നിർത്തുന്നുവോ അത്രയും വേഗം ആരോഗ്യം മെച്ചപ്പെടും. അതുപോലെ, അമിതമായ മദ്യപാനം ശരീരത്തിലെ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് വർധിപ്പിക്കുന്നു. കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിന് മദ്യപാനം കുറയ്ക്കാനോ അല്ലെങ്കിൽ പൂർണമായി ഒഴിവാക്കാനോ ശ്രമിക്കുക.
കൊളസ്ട്രോളിന്റെ ചില ലക്ഷണങ്ങൾ
1. കണ്ണുകൾക്ക് ചുറ്റുമുള്ള മഞ്ഞനിറമുള്ള മുഴകൾ
കൺപോളകളിൽ ചെറുതും മൃദലവും മഞ്ഞനിറമുള്ളതുമായ മുഴകളുണ്ടെങ്കിൽ ശ്രദ്ധവേണം. സാന്തലാസ്മ(Xanthelasma) എന്നാണ് ഇവയെ പറയുക. ചർമത്തിന് താഴെ കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്നതിന്റെ ഫലമാണിത്. പലപ്പോഴും വലിയ ശ്രദ്ധ കൊടുക്കാതിരിക്കുന്ന ഈ വിഷയം ശരീരത്തിൽ കൊളസ്‌ട്രോൾ കൂടുതലാണെന്നും ഹൃദയത്തിന്റെ ആരോഗ്യം അപകടത്തിലാണ് എന്നതിന്റേയും സൂചനയാണ്. പലപ്പോഴും, സൗന്ദര്യപരമായ ഒരു പ്രശ്നം മാത്രമാണ് ഇതെന്ന് പല സ്ത്രീകളും കരുതുന്നു.
2. ക്ഷീണം
നല്ല ഉറക്കത്തിന് ശേഷവും ക്ഷീണം തോന്നുന്നത് കൊളസ്‌ട്രോൾ ധമനികളെ ബാധിച്ചത് മൂലമാകാം. രക്തത്തിന്റേയും ഓക്സിജന്റേയും ഒഴുക്ക് കുറയുന്നത് നിങ്ങളെ വല്ലാതെ ക്ഷീണതരാക്കും. എന്നാൽ, തിരക്ക് നിറഞ്ഞ സമയക്രമോ സമ്മർദമോ ആയിരിക്കാം ഈ ക്ഷീണത്തിന്റെ കാര്യമെന്ന് പലരും കരുതുന്നു.
3. ശ്വാസംമുട്ടൽ
പടികൾ കയറുമ്പോഴോ ചെറിയ ജോലികൾ ചെയ്യുമ്പോഴോ ശ്വാസം കിട്ടാതെ വരുന്നത് കൊളസ്ട്രോളിന്റെ സൂചനയാകാം. ഇത് ധമനികൾ ചുരുങ്ങിയതിനാൽ ഹൃദയത്തിന്റെ ആരോഗ്യം പ്രശ്നത്തിലാണെന്ന് വ്യക്തമാക്കുന്നു. പലപ്പോഴും ഉത്കണ്ഠയോ ശാരീരികക്ഷമത കുറവോ ആണെന്ന് സ്ത്രീകൾ തെറ്റിദ്ധരിക്കുകയും ഇത് അവഗണിക്കുകയും ചെയ്യും.
4. കൈകളിലും കാലുകളിലും തണുപ്പോ മരവിപ്പോ അനുഭവപ്പെടുക
ചൂടുള്ള കാലാവസ്ഥയിൽ പോലും കൈകളും കാലുകളും തണുക്കുകയോ മരവിക്കുകയോ ചെയ്യുന്നെങ്കിൽ ശ്രദ്ധവേണം. കൊളസ്ട്രോൾ അടിഞ്ഞുകൂടി രക്തയോട്ടത്തിലുണ്ടാകുന്ന കുറവാകാം ഇതിന് കാരണം.
5. ചർമത്തിലുണ്ടാകുന്ന മാറ്റങ്ങൾ
കണ്ണുകൾക്ക് ചുറ്റുമുള്ള മുഴകൾ കൂടാതെ, കൈകൾ, കൈമുട്ടുകൾ, കാൽമുട്ടുകൾ എന്നിവിടങ്ങളിൽ കാണുന്ന മഞ്ഞനിറത്തിലുള്ള പാടുകൾ കൊളസ്ട്രോളിൻ്റെ സൂചനയാകാം.
6. താടിയെല്ല്, കഴുത്ത്, നടുവിന് മുകളിൽ എന്നിവിടങ്ങളിൽ വേദന
താടിയെല്ല്, കഴുത്ത്, നടുവിന് മുകളിൽ എന്നിവിടങ്ങളിൽ വേദനയുണ്ടെങ്കിൽ ശ്രദ്ധവേണം. പ്രത്യേകിച്ച്, നെഞ്ചിലെ അസ്വസ്ഥയും ഇതിനോടപ്പമുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണണം. പേശിവേദനയായോ ദഹനപ്രശ്നമായോ ഇത് അവഗണിക്കാനുള്ള സാധ്യത കൂടുതലാണ്.
Content Highlights: A study reveals how the gut microbe Bacteroides uniformis significantly reduces cholesterol levels, offering potential heart disease prevention strategies.