വിമാനയാത്രയ്ക്കിടെ ഒന്നിലേറെ തവണ അപസ്മാരമുണ്ടായി, ഷൂട്ട് ഒഴിവാക്കേണ്ടി വന്നു- തുറന്നുപറഞ്ഞ് നടി

ഫാത്തിമ സന ഷെയ്ഖ്| Photos: instagram.com/fatimasanashaikh/?hl=en
ഫാത്തിമ സന ഷെയ്ഖ്| Photos: instagram.com/fatimasanashaikh/?hl=en

അപസ്മാരം സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ള താരമാണ് ബോളിവുഡ് നടി ഫാത്തിമ സന ഷെയ്ഖ്. പല അവസരങ്ങളിലും അപസ്മാരം സംബന്ധിച്ച് അവബോധം പകരാനും ഫാത്തിമ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ വിമാന യാത്രയ്ക്കിടെ ഒന്നിലേറെ തവണ അപസ്മാരം ഉണ്ടായതിനേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഫാത്തിമ. 

പുതിയ ചിത്രവുമായി ബന്ധപ്പെട്ട് അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനത്തിൽ വച്ച് അപസ്മാരം ഉണ്ടായതെന്ന് ഫാത്തിമ പറയുന്നു. ഹ്യൂമൻസ് ഓഫ് ബോംബെയുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം പങ്കുവെച്ചത്. വിമാനത്തിൽ വച്ച് അപസ്മാരം ഉണ്ടായതിനു പിന്നാലെ തന്നെ എയർപോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മരുന്ന് നൽകുകയും ചെയ്തു. പക്ഷേ എന്നിട്ടും അപസ്മാരം നിന്നില്ല. ഉയർന്ന ഡോസ് ഉള്ള മരുന്ന് നൽകിയതോടെയാണ് അടങ്ങിയത്. ഇതുമൂലം രണ്ട് സിനിമകളുടെ ഷൂട്ടിങ് ഒഴിവാക്കേണ്ടി വന്നിരുന്നുവെന്നും നടി പറയുന്നു. 

അന്ന് രണ്ട് വ്യത്യസ്ത സിനിമകൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ ഷൂട്ട് ഒഴിവാക്കേണ്ടി വന്നു. ഷൂട്ടിനുവേണ്ടി ഒരാൾ വിളിച്ച സമയത്ത് കിടക്കയിൽ നിന്ന് എഴുന്നേൽക്കാനാവാതെ കരയുകയായിരുന്നു. ആ സമയത്ത് ഇതാണ് യാഥാർഥ്യമെന്നും തന്റെ രോ​ഗാവസ്ഥയെന്നും തിരിച്ചറിഞ്ഞു. ആളുകൾ ഈ രോ​ഗാവസ്ഥയേക്കുറിച്ച് മനസ്സിലാക്കാനാണ് നിരന്തരം അതേക്കുറിച്ച് പറയുന്നതെന്നും ഫാത്തിമ പറയുന്നു. 

അപസ്മാരം മൂലം ദൈനംദിന ജീവിതത്തിൽ ദുരിതം അനുഭവിക്കുന്ന നിരവധി കുട്ടികളുണ്ടെന്നും ഫാത്തിമ പറയുന്നു. ദിവസവും ഒന്നിലേറെ തവണ അപസ്മാരം ഉണ്ടാകുന്ന കുട്ടികളുണ്ട്. അത് ഹൃദയഭേദകമാണ്. വിദ്യാഭ്യാസമോ, ചികിത്സയോ പോലും ലഭ്യമാക്കാനുള്ള സൗകര്യമോ ഇല്ലാത്തവരുണ്ടെന്നും താരം കൂട്ടിച്ചേർക്കുന്നു. 

ദം​ഗൽ സിനിമയുടെ ചിത്രീകരണ സമയത്താണ് അപസ്മാരമുള്ള വിവരം തിരിച്ചറിയുന്നതെന്ന് ഫാത്തിമ നേരത്തേ പറഞ്ഞിട്ടുണ്ട്. ദം​ഗൽ സിനിമയ്ക്കു വേണ്ടിയുള്ള പരിശീലനത്തിനിടെയാണ് അപസ്മാരം ഉണ്ടാകുന്നതും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുന്നതും. ആദ്യമൊക്കെ തനിക്ക് അം​ഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. തുടർന്നങ്ങോട്ടുള്ള എല്ലാ സിനിമകളുടെയും സംവിധായകരോട് വിവരം അറിയിച്ചിരുന്നുവെന്നും അവരുടെയെല്ലാം പിന്തുണയും മനസ്സിലാക്കലും തനിക്കൊപ്പം ഉണ്ടായിരുന്നെന്നും നടി അന്ന് പറഞ്ഞിരുന്നു.

എന്താണ് അപസ്മാരം?

അപസ്മാരം അഥവാ എപ്പിലെപ്സി എന്നത് തലച്ചോറിലെ വൈദ്യുതപ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന നാഡീസംബന്ധമായ രോഗമാണ്. അത് ഒരു മനോരോഗമല്ല, പകര്‍ച്ച വ്യാധിയുമല്ല.3-5 ശതമാനം പേര്‍ക്കു മാത്രമേ വെളിച്ചം മിന്നുന്നതിനോടുള്ള അസഹ്യസമീപനം കാണുന്നുള്ളൂ. അപസ്മാരം പല വിധത്തിലുണ്ട്. തലച്ചോറിലെ ഏതു ഭാഗത്തെയാണോ ബാധിച്ചത്, അതിനാനുപാതികമായ സ്ഥലമായിരിക്കും അതിവേഗത്തിലുള്ള കോച്ചിവലിവ് സംഭവിക്കുന്നത്. എല്ലാവര്‍ക്കും ഇത് സംഭവിക്കണമെന്നുമില്ല. 

അപസ്മാരം സംഭവിക്കുന്നയാളുടെ വായിലേക്ക് എന്തെങ്കിലും കടത്തിവയ്ക്കുന്ന ശീലം ലോകമെമ്പാടുമുള്ള ഒന്നാണ്. ഇത് വലിയൊരു തെറ്റിധാരണയാണ്. നാവു വിഴുങ്ങുമെന്ന കാരണം പറഞ്ഞാണ് പലപ്പോഴും ഇത് ചെയ്യാറുള്ളത്. ഇത്തരത്തില്‍ വായില്‍ എന്തെങ്കിലും കടത്തിവയ്ക്കുന്നതു മൂലം പല്ലുകള്‍ക്ക് കേടുപാട് സംഭവിക്കാം, മോണപൊട്ടല്‍, വായുനാളത്തിനു തടസ്സം സംഭവിക്കുക, താടിയെല്ല് പൊട്ടുക, സ്വയം മുറിപ്പെടുക തുടങ്ങിയവയ്ക്ക് കാരണമായേക്കാം എന്നതാണ് വസ്തുത. 

സ്പോര്‍ട്സ് ഉള്‍പ്പെടെയുള്ള ഇനങ്ങളില്‍ അപസ്മാര രോഗികള്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ലെന്നതും മറ്റൊരു തെറ്റിധാരണയാണ്. 

അപമാനബോധം പ്രധാനവില്ലന്‍

അപസ്മാരത്തെക്കുറിച്ചുള്ള കെട്ടുകഥകളും അറിവില്ലായ്മയും തന്നെ പ്രധാന സാമൂഹ്യവില്ലനായി മാറിയ കാഴ്ചയാണ് ലോകമെങ്ങുമുള്ളത്. ലോകത്ത് അപസ്മാരരോഗമുള്ളവരില്‍ 50 ശതമാനം പേരും ഒരിക്കലെങ്കിലും രോഗാവസ്ഥയുടെ പേരില്‍ വിവേചനം അനുഭവിച്ചവരാണ്. രോഗം ബാധിച്ചവര്‍ സ്വയം പുലര്‍ത്തുന്ന നെഗറ്റീവ് നിലപാട് അവരവരുടെ ജീവിതത്തെ തന്നെ കൂടുതല്‍ ദുസ്സഹമാക്കുകയും ചെയ്യുന്നു. രോഗമുള്ളവരില്‍ പലര്‍ക്കും മികച്ച വിദ്യാഭ്യാസത്തിനും തൊഴിലിനും അവസരം നഷ്ടപ്പെടുന്ന ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ട്. പല രാജ്യങ്ങളിലുമുള്ള നിയമങ്ങളും ഇപ്പോഴും നൂറ്റാണ്ടുകള്‍ പഴക്കമുള്ള തെറ്റിധാരണകളും കെട്ടുകഥകളും നിറഞ്ഞവയാണ്. പലപ്പോഴും മികച്ച ചികിത്സ തക്കസമയത്ത് ലഭ്യമാക്കാന്‍ ഇവ തടസ്സം നില്‍ക്കുന്നു. രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെടുന്ന മനുഷ്യാവകാശ നിലവാരങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള നിയമനിര്‍മാണങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്.

വസ്തുതകള്‍

ഏതു പ്രായക്കാരെയും ആണ്‍പെണ്‍ഭേദമില്ലാതെ ബാധിക്കാവുന്ന ഒരു രോഗമാണിത്. തലച്ചോറില്‍ അസാധാരണമായുണ്ടാകുന്ന വൈദ്യുത പ്രവര്‍ത്തനങ്ങളുടെ ഫലമായി ശരീരത്തിന്റെ ഒരു ഭാഗം കോച്ചിവലിക്കുകയും ശക്തമായ വിറയല്‍ അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. ഒരു തവണ മാത്രം സംഭവിക്കുന്നത് അപസ്മാരമായി കണക്കാക്കാറില്ല. അതേസമയം, രണ്ടില്‍ കൂടുതല്‍ തവണ അനുഭവപ്പെട്ടാല്‍ അത് അപസ്മാരമായി ഗണിക്കും. അപസ്മാരം അഥവാ ചുഴലി ഓരോരുത്തര്‍ക്കും വ്യത്യസ്തമായ രോഗാനുഭവങ്ങളാണ് നല്‍കുക. എല്ലായ്പ്പോഴും പേശീചലനങ്ങള്‍ കണ്ടുകൊള്ളണമെന്നില്ല. അപസ്മാരം സംഭവിക്കുമ്പോള്‍ ചിലര്‍ പ്രതികരണം നഷ്ടപ്പെട്ടവരായും ബോധം നഷ്ടപ്പെട്ടവരായും മാറുന്നു. എന്തു സംഭവിക്കുന്നുവെന്നോ എവിടെയാണെന്നോ അറിയാതെ കറങ്ങി നടക്കുന്നവരായേക്കാം. ചുഴലിദീനം ഉള്‍പ്പെടെ തലച്ചോറുമായി ബന്ധപ്പെട്ട നിരവധി രോഗങ്ങള്‍ക്ക് പൊതുവായി പറയുന്ന പേരാണ് എപ്പിലെപ്സി.

ജനിതകമായ കാരണങ്ങള്‍ കൊണ്ടും അപസ്മാരം വരാം. 4000 ബിസി മുതല്‍ എഴുതപ്പെട്ട ചരിത്രമുള്ള രോഗങ്ങളിലൊന്നാണിത്. ജൂലിയസ് സീസറും ലോകപ്രശസ്ത ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ഗോഗും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഈ രോഗം ബാധിച്ചവരായിരുന്നു. ഗ്രീക്ക് തത്വചിന്തകനായിരുന്ന ഹിപ്പോക്രാറ്റസ് ആണ് അപസ്മാരം തലച്ചോറില്‍ നിന്നാണ് ആരംഭിക്കുന്നതെന്ന് ആദ്യമായി ചിന്തിച്ചത്. 

കണക്കുകള്‍

ലോകമെങ്ങുമുള്ള അഞ്ചു കോടി പേര്‍ക്ക് അപസ്മാര രോഗമുണ്ട്. ഇതില്‍ 70 ശതമാനം പേര്‍ക്കും കൃത്യമായ ചികിത്സ ലഭിക്കുകയാണെങ്കില്‍ അപസ്മാരം സംഭവിക്കാതെ ജീവിക്കാന്‍ കഴിയുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ആഗോളതലത്തില്‍ ഓരോ വര്‍ഷവും 50 ലക്ഷം പേര്‍ക്ക്  രോഗബാധയുണ്ടാകുന്നു. രോഗികളില്‍ 80 ശതമാനം പേരും ജീവിക്കുന്നത് വരുമാനം കുറഞ്ഞതോ ഇടത്തരം സാഹചര്യമുള്ളതോ ആയ രാജ്യങ്ങളിലാണ്. സാധാരണ ജനങ്ങളുടെ മരണനിരക്കിനെക്കാള്‍ മൂന്നിരട്ടിയാണ് ഈ രോഗമുള്ളവരുടെ മരണനിരക്ക്. അകാലമരണ സാധ്യതയും മൂന്നിരട്ടിയാണ്.

തെറ്റിധാരണകളും കെട്ടുകഥകളും അപമാനബോധവും മാറ്റിവച്ച് അപസ്മാരത്തെ നേരിടാന്‍ സമൂഹത്തെ പ്രാപ്തമാക്കുന്ന ചെറുതും വലുതുമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ലോകമെങ്ങും വ്യാപകമായ ബോധവത്കരണത്തിന് ഈ ദിനാചരണം തിരികൊളുത്തട്ടെ.

അപസ്മാരം സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് കടപ്പാട്: ഡോ. വാസുദേവന്‍ പി.പി, ജനറല്‍ മെഡിസിന്‍ വിഭാ​ഗം സീനിയർ കൺസൽട്ടന്റ് 

Content Highlights: Bollywood actress Fatima Sana Shaikh shares her experience with epilepsy