അമ്മയായത് നാൽപ്പത്തിമൂന്നാം വയസ്സിൽ, മൂന്ന് മക്കൾ ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല- ഫറാ ഖാൻ

#Lifestyle Desk
ഫറാ ഖാൻ ശിരീഷ് കുന്ദറിനൊപ്പം
ഫറാ ഖാൻ ശിരീഷ് കുന്ദറിനൊപ്പം

നാൽപ്പത്തിമൂന്നാം വയസ്സിൽ മൂന്നു മക്കളുടെ അമ്മയായതിനേക്കുറിച്ചും മാതൃത്വം ആസ്വദിക്കുന്നതിനേക്കുറിച്ചും തുറന്നുപറഞ്ഞ് ബോളിവുഡ് സംവിധായിക ഫറാ ഖാൻ. ശേഖർ സുമന്റെ ചാറ്റ് ഷോയിൽ സംസാരിക്കവേയാണ് ഫറാ ഖാൻ ഇതേക്കുറിച്ച് മനസ്സുതുറന്നത്.

ഐവിഎഫിനായി ശ്രമിക്കുമ്പോൾ തനിക്ക് നാൽപ്പത്തിരണ്ട് വയസ്സായിരുന്നുവെന്നും നാൽപ്പത്തിമൂന്നാം വയസ്സിൽ താൻ അമ്മയായെന്നും ഫറാ പറഞ്ഞു. മൂന്നു മക്കൾ ആയിരിക്കുമെന്ന് താൻ കരുതിയിരുന്നില്ല. ഒരാളെങ്കിലും ഉണ്ടാകുമെന്നാണ് കരുതിയത്. പൊതുവേ പ്രസവിക്കാനുള്ള പ്രായം കടന്നാണ് താൻ ആദ്യത്തെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതെന്നും ഫറാ പറഞ്ഞു.

പ്രസവശേഷം നായികമാർ പെട്ടെന്ന് വണ്ണംകുറയുന്നതിനേക്കുറിച്ചും ഫറാ പറഞ്ഞു. തനിക്ക് അത് കാണുന്നതേ ഇഷ്ടമല്ല. രണ്ടുമാസങ്ങൾക്കുള്ളിലൊക്കെ പഴയ ശരീരത്തിലേക്ക് തിരിച്ചുവരുന്ന സെലിബ്രിറ്റികളെ കണ്ടിട്ടുണ്ട്. താൻ നാലഞ്ച് വർഷമെടുത്താണ് പ്രസവേശഷം ഭാരം കുറച്ചതെന്നും ഫറാ പറയുന്നു.

ഭർത്താവ് ശിരീഷ് കുന്ദറിന് വീട്ടിൽ എത്രത്തോളം പ്രാധാന്യം ഉണ്ടെന്നതിനേക്കുറിച്ചും ഫറാ സംസാരിക്കുന്നുണ്ട്. അച്ഛനെന്ന രീതിയിൽ മാത്രമല്ല കുടുംബത്തെയാകെ പരിപാലിക്കുന്നയാൾ എന്ന നിലയിലും താൻ ശിരീഷിനെ വിലമതിക്കുന്നുണ്ട്. ശിരീഷ് ഇല്ലാതെ ഒന്നും ചെയ്യാനാവില്ല. അദ്ദേഹം ഇല്ലാതെ ആ വീട് ചലിപ്പിക്കാനാവില്ല. മക്കൾ നല്ല സർവകലാശാലകളിൽ പഠിക്കാനുള്ള കാരണവും ശിരീഷാണ്. പലരും ആരാണ് ഇതിനെല്ലാം കൗൺസിൽ ചെയ്തതെന്ന് ചോദിച്ചിട്ടുണ്ട്. അവരുടെ അച്ഛനാണ് അവരുടെ കൗൺസിലർ എന്നാണ് എല്ലാവരോടും പറഞ്ഞിട്ടുള്ളത്.- ഫറാ പറയുന്നു.

ഐവിഎഫ് കാലത്തുൾപ്പെടെ നേരിട്ട പ്രതിസന്ധികളേക്കുറിച്ച് നേരത്തേ ഫറാ തുറന്നുപറഞ്ഞിട്ടുണ്ട്. ആദ്യത്തെ രണ്ടുതവണയും ഐവിഎഫ് പരാജയപ്പെടുകയാണ് ഉണ്ടായതെന്നും ഹോർമോണൽ ഇൻജെക്ഷനുകൾ തന്നെ തളർത്തിയിരുന്നുവെന്നും ഫറാ പറഞ്ഞിട്ടുണ്ട്. രണ്ടുദിവസത്തോളം ബെഡിൽ നിന്നെഴുന്നേൽക്കാതെ കരഞ്ഞിട്ടുണ്ട്, ഇത്രത്തോളം ഒരു അമ്മയാവണമെന്ന് തന്റെയുള്ളിൽ ഉണ്ടായിരുന്നുവെന്ന് അതുവരെ മനസ്സിലായിരുന്നില്ല. രണ്ട് ഐവിഎഫ് പരാജയപ്പെട്ടു. ആ സമയത്ത് ഓം ശാന്തി ഓം എന്ന ചിത്രത്തിന്റെ ഷൂട്ട് നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും ഫറാ പറഞ്ഞിരുന്നു.

താൻ ഐവിഎഫിലൂടെ അമ്മയായതിനേക്കുറിച്ച് തുറന്നുപറഞ്ഞ സമയത്ത് ഇന്നത്തെപ്പോലെ ആയിരുന്നില്ലെന്നും വിമർശിച്ചവർ ഏറെയുണ്ടായിരുന്നുവെന്നും ഫറാ പറ‍ഞ്ഞിരുന്നു. ഐവിഎഫ് എന്നത് അന്നും വളരെ സാധാരണമായിരുന്നു, പക്ഷേ ആരും അതേക്കുറിച്ച് സംസാരിക്കാൻ തയ്യാറായിരുന്നില്ല. എന്തുകൊണ്ടാണ് അതൊരു ടാബൂ ആയി തുടർന്നിരുന്നതെന്ന് അറിയില്ല. ഐവിഎഫിനേക്കുറിച്ച് ആദ്യമായി തുറന്നു സംസാരിച്ച സെലിബ്രിറ്റി താനായിരിക്കും. അതിനുശേഷം എത്രയോ ഐവിഎഫ് ബേബികൾ പിറന്നു. പൂർണമായും നിയമപരമായ ഒരു കാര്യത്തേക്കുറിച്ച് സംസാരിക്കാൻ എന്തിന് മടിക്കണമെന്നും ഫറാ അന്ന് ചോദിച്ചിരുന്നു.

2004 ഡിസംബറിലായിരുന്നു തന്നേക്കാൾ എട്ടുവയസ്സ് പ്രായം കുറവുള്ള ശിരീഷ് കുന്ദറുമായി ഫറയുടെ വിവാഹം കഴിഞ്ഞത്. നാലുവർഷങ്ങൾക്കുശേഷമാണ് ഇരുവർക്കും ഐവിഎഫ് ചികിത്സയിലൂടെ സാർ, ദിവ, അന്യ എന്നീ മൂന്നുമക്കൾ പിറന്നത്.

Content Highlights: Farah Khan discusses becoming a mother at 43 through IVF., Details on the emotional and physical challenges of IVF treatment.