എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകളിൽ ഒവേറിയൻ കാൻസർ സാധ്യത കൂടുതൽ- പഠനം

എൻഡോമെട്രിയോസിസ്, കാൻസർ സാധ്യത വർധിപ്പിക്കുമെന്ന് പഠനം. എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകളിൽ ഒവേറിയൻ കാൻസറിനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനത്തിലുള്ളത്. ജാമാ നെറ്റ്വർക്കിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അമേരിക്കയിലെ യുറ്റയിലെ അഞ്ചുലക്ഷത്തോളം സ്ത്രീകളുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനുപിന്നിൽ.
തുടർന്നാണ് എൻഡോമെട്രിയോസിസ് ഉള്ളവരിൽ ഒവേറിയൻ കാൻസർ സാധ്യത 4.2 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തിയത്. ഇക്കൂട്ടരിൽ ഏറ്റവും തീവ്രമുള്ള ടൈപ് 2 ഒവേറിയൻ കാൻസറിനുള്ള സാധ്യത 2.7 മടങ്ങ് ആണെന്നും കണ്ടെത്തി.
എൻഡോമെട്രിയോസിസിന്റെ തീവ്ര അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള സ്ത്രീകളിൽ അല്ലാത്തവരെ അപേക്ഷിച്ച് ഒവേറിയൻ കാൻസറിനുള്ള സാധ്യത 9.7മടങ്ങ് കൂടുതലാണെന്നും ഗവേഷകർ പറയുന്നു. ടൈപ് 1 ഒവേറിയൻ കാൻസറിനുള്ള സാധ്യത 19 മടങ്ങും കൂടുതലാണ്.
അതേസമയം എൻഡോമെട്രിയോസിസ് ഉള്ളവരെല്ലാം ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഗവേഷകർ പറയുന്നുണ്ട്. ഒവേറിയൻ കാൻസർ അപൂർവമായി പിടിപെടുന്ന രോഗമാണ്. കാൻസർ സാധ്യത കൂടുമെന്ന് പറയുമ്പോഴും 10,000 സ്ത്രീകളിൽ പത്തുമുതൽ ഇരുപതു കേസുകൾ വരെ മാത്രമാകാം എന്നാണ് ഗവേഷകർ പറയുന്നത്.
വ്യായാമം, പുകവലിശീലം ഒഴിവാക്കുക, മദ്യപാനം നിയന്ത്രിക്കുക തുടങ്ങിയവയിലൂടെ ഒരുപരിധിവരെ ഒവേറിയൻ കാൻസർ സാധ്യത കുറയ്ക്കാമെന്നും ഗവേഷകർ പറയുന്നുണ്ട്. എന്നാൽ എൻഡോമെട്രിയോസിസ് ഉള്ളവർ വയറുവീർക്കൽ, അടിവയറുവേദന, മലമൂത്രവിസർജനത്തിലെ വ്യത്യാസം തുടങ്ങിയവ കണ്ടാൽ ശ്രദ്ധിക്കണമെന്നും ഗവേഷകർ പറയുന്നു.
ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
എന്താണ് എൻഡോമെട്രിയോസിസ്?
ആർത്തവ സമയത്തുണ്ടാവുന്ന നടുവേദന, വയറുവേദന എന്നിവ സാധാരണമാണ്. എന്നാൽ ഈ വേദനകൾ കഠിനമാവുകയാണെങ്കിൽ എൻഡോമെട്രിയോസിസ് എന്ന രോഗമാകാം.
ഗർഭാശയത്തിന്റെ ഉൾപ്പാടയാണ് എൻഡോമെട്രിയം. ഗർഭധാരണം നടക്കാത്ത മാസങ്ങളിൽ ആർത്തവരക്തത്തോടൊപ്പം എൻഡോമെട്രിയം കൊഴിഞ്ഞുപോവുകയും അടുത്ത ആർത്തവചക്രത്തിൽ പുതിയ ഉൾപ്പാട രൂപപ്പെടുകയും ചെയ്യും.
എന്നാൽ ഗർഭപാത്രത്തിലല്ലാതെ മറ്റ് ശരീരഭാഗങ്ങളിൽ എൻഡോമെട്രിയം കോശങ്ങൾ കാണപ്പെടുന്നതാണ് എൻഡോമെട്രിയോസിസ് എന്ന അവസ്ഥ. അണ്ഡാശയം, അണ്ഡവാഹിനിക്കുഴൽ, ഉദരത്തിന്റെ ഉൾഭാഗം, ഗർഭാശയത്തിന്റെ പിറകിലുള്ള പൗച്ച് ഓഫ് ഡഗ്ലസ്, കുടൽ എന്നീഭാഗങ്ങളിലാണ് സാധാരണ ഈ കോശങ്ങൾ കാണുന്നത്.
ലോകത്ത് പത്തുശതമാനം സ്ത്രീകളിൽ ഈ രോഗം വരാറുണ്ട്. ഇപ്പോഴും വൈദ്യശാസ്ത്രം ഇതിന്റെ കാരണം കണ്ടെത്തിയിട്ടില്ല. ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തനം ഒരു കാരണമാണ് എന്ന് കരുതുന്നു.
ലക്ഷണങ്ങൾ
ആർത്തവം വരുന്നതിന് മുൻപുള്ള ദിവസങ്ങളിലും ആർത്തവത്തോട് കൂടിയും വരുന്ന കഠിനമായ വയറുവേദന, നടുവേദന, ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സമയത്തുണ്ടാവുന്ന വേദന, വന്ധ്യത, മാറാതെ നിൽക്കുന്ന അടിവയറുവേദന ഇവയൊക്കെ പ്രധാനലക്ഷണങ്ങളാണ്.
ഈ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടറെ സമീപിച്ച് പരിശോധനകൾ നടത്തണം. അൾട്രാസൗണ്ട് സ്‌കാൻ, സി.ടി, എം.ആർ.ഐ സ്‌കാനുകൾ എന്നിവ വഴി രോഗം കണ്ടെത്താം. ഏറ്റവും നല്ലത് ലാപ്രോസ്‌കോപി പരിശോധനയാണ്. താക്കോൽദ്വാര ശസ്ത്രക്രിയക്ക് സമാനമാണ് ഈ പരിശോധന.
ചികിത്സ
രോഗത്തിന്റെ തീവ്രതയെയും രോഗലക്ഷണങ്ങളെയും രോഗിയുടെ പ്രായത്തെയും ആശ്രയിച്ചാണ് ചികിത്സ. വേദനസംഹാരി ഉപയോഗിച്ച് വേദനകുറച്ച് ലാപ്രോസ്‌കോപ്പി വഴി എൻഡോമെട്രിയോസിസ് കോശങ്ങളെ നീക്കം ചെയ്യാം. ചിലർക്ക് ഹോർമോൺ ചികിത്സ ആവശ്യമായി വരാറുണ്ട്. അപൂർവസാഹചര്യങ്ങളിൽ ഗർഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യേണ്ടിയും വന്നേക്കാം.
ഒവേറിയൻ കാൻസർ
ഓവറികളെ ബാധിക്കുന്ന അർബുദമാണിത്. തുടക്കത്തിൽ ലക്ഷണങ്ങളൊന്നും പ്രകടമാകണമെന്നില്ല. ലക്ഷണങ്ങൾ കാണിച്ചുതുടങ്ങുമ്പോഴേക്കും മറ്റുഭാഗങ്ങളെ ബാധിക്കാനുമിടയുണ്ട്.
അടിവയർ വീർത്തതുപോലെ അനുഭവപ്പെടുക, വീക്കം, ഭക്ഷണം കഴിച്ചുതുടങ്ങുമ്പോഴേക്കും വയറു നിറഞ്ഞതായി തോന്നുക, ഭാരക്കുറവ്, അമിതക്ഷീണം, പുറംവേദന, മലബന്ധം, ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന തോന്നൽ തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ.
മൂന്നുവിധത്തിലാണ് ഒവേറിയൻ കാൻസറുകളുള്ളത്. എപിതെലിയൽ ഒവേറിയൻ കാൻസർ, സ്ട്രോമൽ ട്യൂമേഴ്സ്, ജെം സെൽ ട്യൂമേഴ്സ് എന്നിങ്ങനെയാണത്.
അപകടസാധ്യതാഘടകങ്ങൾ
- പ്രായംകൂടുംതോറും ഒവേറിയൻ കാൻസർ സംബന്ധിച്ചുള്ള അപകട സാധ്യതകളും കൂടും. പ്രായമായവരിലാണ് കൂടുതലായി സ്ഥിരീകരിക്കാറുള്ളത്.
- ചെറിയൊരു ശതമാനം ഒവേറിയൻ കാൻസറുകൾക്കു പിന്നിൽ ജനിതകഘടകങ്ങളാണ് കാരണം. BRCA1, BRCA2 എന്നീ ജീനുകളാണ് സാധ്യത വർധിപ്പിക്കുന്നത്.
- രക്തബന്ധത്തിലുള്ള ആർക്കെങ്കിലും ഒവേറിയൻ കാൻസർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സാധ്യത കൂടുതലാണ്.
- അമിതവണ്ണവും എൻഡോമെട്രിയോസിസ് എന്ന അവസ്ഥയും ഒവേറിയൻ കാൻസർ സാധ്യത വർധിപ്പിക്കാം.
- ആർത്തവം നേരത്തേ ആരംഭിക്കുക, ആർത്തവ വിരാമം വൈകുക തുടങ്ങിയവയും ഗർഭിണിയാകാത്തതും രോഗസാധ്യത കൂട്ടാം.
Content Highlights: endometriosis could lead to higher risk of ovarian cancer