ചൂ‌‌ടുകൂടുന്നു, ഒപ്പം രോഗങ്ങളും, ഡെങ്കിക്കെതിരെയും കരുതൽവേണം; ജാഗ്രതാ നിർദേശവുമായി ലോകാരോഗ്യസംഘടന

#Health Desk
Representative Image| Mathrubhumi
Representative Image| Mathrubhumi

അന്തരീക്ഷത്തിൽ ചൂടുകൂടുന്നതിന് അനുസരിച്ച് രോഗങ്ങളുടെ നിരക്കും വർധിക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. എൽനിനോ പ്രതിഭാസത്തിനൊപ്പം ചൂട് കൂടുന്നതിനാൽ രോഗങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ് നൽകുകയാണ് ലോകാരോഗ്യസംഘടന. ഉയർന്നതുമുതൽ വളരെ ഉയർന്നതുവരെയുള്ള അപകടസാധ്യതാ വിഭാഗത്തിലാണ് ഇന്ത്യയെന്ന് വ്യക്തമാക്കിയ സംഘടന അതീവ ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

ദക്ഷിണേഷ്യയിലുടനീളമുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ, കടുത്ത ചൂട്, പെട്ടെന്നുള്ള മഴ എന്നിവ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങളുടെ ആശങ്കാജനകമായ വർധനവിനും കടുത്ത ചൂട് മൂലമുണ്ടാകുന്ന രോഗങ്ങളുടെ അപകടകരമായ വർധനവിനും കാരണമാകുമെന്നാണ് മുന്നറിയിപ്പ്.

അന്തരീക്ഷ താപനില ഉയരുന്നതുമൂലം ഈഡിസ് ഈജിപ്തി കൊതുകിനുള്ളിൽ ഡെങ്കിപ്പനി വൈറസിന്റെ ഇൻക്യുബേഷൻ നിരക്ക് കൂടും. മഴ അസ്ഥിരമാകുന്നത് നഗരങ്ങളിലെ ഓടകൾ, നിർമാണ സ്ഥലങ്ങൾ, എയർ കൂളറുകൾ, ഗാർഹിക ജലസംഭരണികൾ എന്നിവയിൽ കെട്ടിക്കിടക്കുന്ന വെള്ളം കൊതുക് പെറ്റുപെരുകാൻ ഇടയാക്കുകയും അതുവഴിയുള്ള കൊതുകുജന്യരോഗങ്ങൾ കൂടാനിടയാകുകയും ചെയ്യും.

ഇതുകൂടാതെ തുലാവർഷ മാസങ്ങളിലെ അസാധാരണമായ ചൂടും വരണ്ട കാലാവസ്ഥയും സൂര്യാഘാതം, നിർജ്ജലീകരണം എന്നിവയ്ക്കുള്ള സാധ്യതയും വർധിപ്പിക്കും. ഇത് ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, വൃക്കസംബന്ധമായ അസുഖങ്ങൾ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ രോഗങ്ങളിലേക്കും നയിക്കുമെന്നും ജാഗ്രത വേണമെന്നുമാണ് നിർദേശം

ഡെങ്കിപ്പനി; ഭയം വേണ്ട, ജാഗ്രത മതി

കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവനു ഭീഷണിയാകുന്ന രോഗമാണ് ഡെങ്കിപ്പനി. രക്തത്തിലെ കൗണ്ട് കുറയൽ മുതൽ ഹൃദയത്തെ വരെ ബാധിക്കുന്ന തരത്തിലേക്ക് പനി ഗുരുതരമാകാനിടയുണ്ട്. അപകടകരമാംവിധം രക്തസമ്മർദം വർധിക്കാനിടയുണ്ട്. തീവ്രമായ പനി, കടുത്തല തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ലെന്നും ഉടൻ ഡോക്ടറുടെ സഹായം തേടണമെന്നും ആരോഗ്യവകുപ്പധികൃതർ പറയുന്നു.

എന്താണ് ഡെങ്കിപ്പനി ?

ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.

രോഗലക്ഷണങ്ങൾ

പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.

അപകടസൂചനകൾ

പനി കുറയുമ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലി തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ ലസൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം.

ചികിത്സ പ്രധാനം

എത്രയുംവേഗം ചികിത്സിക്കുകയാണ് പ്രധാനം. രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം.

തുരത്താം, കൊതുകിനെ

  • കൊതുക് വളരാതിരിക്കാൻ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാം.
  • ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കംചെയ്ത് സുരക്ഷിതമായി സംസ്കരിക്കുക.
  • ജലസംഭരണികൾ കൊതുക് കടക്കാത്ത രീതിയിൽ വലയോ തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവെക്കുക.
  • കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
  • ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
  • ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടം നശിപ്പിച്ച് ഡ്രൈഡേ ആചരിക്കുക.

എന്താണ് എൽ നിനോ?

പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്ത് ഉപരിതല ജലം അസാധാരണമായി ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എൽ നിനോ. സ്പാനിഷ് ഭാഷയിൽ 'എൽ നിനോ' എന്നാൽ 'ചെറിയ പയ്യൻ' എന്നാണ് അർത്ഥം. സാധാരണഗതിയിൽ കിഴക്കൻ പസഫിക്കിൽനിന്ന് പടിഞ്ഞാറൻ പസഫിക്കിലേക്ക് (ഓസ്‌ട്രേലിയ/ഏഷ്യൻ മേഖലകളിലേക്ക്) അടിക്കുന്ന കാറ്റ്, ചൂടുവെള്ളത്തെ അങ്ങോട്ട് തള്ളിവിടുകയും തണുത്ത സമുദ്രജലം മുകളിലേക്ക് വരാൻ സഹായിക്കുകയും ചെയ്യും. എന്നാൽ, എൽ നിനോ വർഷങ്ങളിൽ ഈ കാറ്റ് ദുർബലമാകുന്നു. ഇതിനാൽ ചൂടുവെള്ളം കിഴക്കൻ പസഫിക്കിൽതന്നെ തങ്ങിനിൽക്കുകയും അന്തരീക്ഷ താപനിലയെയും മഴയുടെ പാറ്റേണിനെയും തലകീഴായി മറിക്കുകയും ചെയ്യുന്നു.

ചൂടിനെ പ്രതിരോധിക്കാൻ മുൻകരുതലുകൾ

  • ദാഹമില്ലെങ്കിലും ഓരോമണിക്കൂർ ഇടവിട്ട് ധാരാളം വെള്ളം കുടിക്കണം.
  • ഉപ്പിട്ട് നാരങ്ങാവെള്ളം, കഞ്ഞിവെള്ളം, സംഭാരം എന്നിവ ഉപയോഗിക്കാം.
  • സൂര്യാഘാതമേറ്റാൽ ഉടനടി തണലിലേക്ക്‌ മാറണം. ഉഷ്ണം മാറുന്നില്ലെങ്കിൽ വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ തുണികൊണ്ട് തലോടാം.
  • കട്ടികുറഞ്ഞ വെളുത്തതോ ഇളംനിറത്തിലോ ഉള്ള അയഞ്ഞ വസ്ത്രങ്ങൾ ധരിക്കണം.
  • വെയിലത്ത് ജോലിചെയ്യേണ്ട സാഹചര്യങ്ങളിൽ ജോലിസമയം ക്രമീകരിക്കണം.
  • ചൂടുകൂടുന്ന സമയങ്ങളിൽ കുട്ടികൾ, പ്രായമായവർ, രോഗികൾ, ഗർഭിണികൾ എന്നിവർ പുറത്തിറങ്ങരുത്.
  • വെയിലത്ത് കാറുകളിലും ഇതരവാഹനങ്ങളിലും കുട്ടികളെ ഇരുത്തരുത്.
  • വീട്ടിനുള്ളിൽ വായുസഞ്ചാരം ഉറപ്പാക്കുന്നതിന് വാതിലുകളും ജനലുകളും തുറന്നിടാം.
  • ചർമസംരക്ഷണത്തിനായി നിലവാരമുള്ള സൺ സ്‌ക്രീൻ ലോഷനുകൾ ഉപയോഗിക്കണം.
  • പഴങ്ങളും പച്ചക്കറികളും ധാരാളം ഉപയോഗിക്കാം. വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കണം.
  • യാത്രാവേളയിൽ തൊപ്പി, സൺഗ്ലാസ്, കൈലേസുകൾ എന്നിവ കരുതണം.
  • അസ്വാസ്ഥ്യം അനുഭവപ്പെട്ടാൽ പ്രഥമശൂശ്രൂഷ നൽകി തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ എത്തിക്കണം.

Content Highlights: Rising temperatures due to El Nino increase dengue fever risks, warns the World Health Organization, urging caution in high-risk regions like India.