ഈഡിസ് കൊതുകിനെ പ്രതിരോധിക്കണം, സ്വയരക്ഷ ഉറപ്പാക്കണം: നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ഡ്രൈ ഡേ ആചരണത്തിനു നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. ഈഡിസ് കൊതുക് മുട്ടയിട്ടു പെരുകുന്നത് തടയണം. ശരീരമാസകലം മൂടുന്നവിധം ഇളംനിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ പുരട്ടുക, പകലുറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുക തുടങ്ങിയവയിലൂടെ സ്വയരക്ഷ ഉറപ്പാക്കണം.
വീടിനകത്തു ചെയ്യേണ്ടവ: ചെടിച്ചട്ടികളുടെ അടിയിലെ ട്രേ, എ.സി.യിൽനിന്നു വെള്ളം വീഴുന്ന ട്രേ, മണിപ്ലാന്റ് വെച്ചിരിക്കുന്ന പാത്രം, ഫ്രിഡ്ജിന്റെ പുറകിലെ ട്രേ തുടങ്ങിയവ ആഴ്ചയിലൊരിക്കൽ വെള്ളംമാറ്റി വൃത്തിയാക്കണം.
ഉപയോഗിക്കാത്ത ക്ലോസറ്റ് ആഴ്ചയിലൊരിക്കൽ ഫ്‌ളഷ് ചെയ്യണം. വെള്ളം ശേഖരിക്കുന്ന പാത്രങ്ങൾ അടച്ചുസൂക്ഷിക്കണം. മുഷിഞ്ഞ തുണികൾ കൂട്ടിയിടരുത്.
വീടിനു വെളിയിൽ: ഉപയോഗശൂന്യമായ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ടയർ, ചിരട്ട തുടങ്ങിയവ വെള്ളംവീഴാത്ത സ്ഥലങ്ങളിൽ വയ്ക്കണം.
ചെടിച്ചട്ടികൾ, ചെടിച്ചട്ടികളുടെ അടിയിലെ ട്രേ, കട്ടികൂടിയ ഇലകൾ, മൂടാനുപയോഗിക്കുന്ന ടാർപോളിൻ ഷീറ്റുകൾ, സൺഷെയ്ഡ്, റൂഫിന്റെ പാത്തി, ടെറസ്, മുട്ടത്തോട് തുടങ്ങിയവയിലും വെള്ളം കെട്ടിനിൽക്കരുത്. ടാങ്കുകൾ മൂടിയിടണം.
പൊതു ഇടങ്ങളിൽ: പ്ലാസ്റ്റിക് വസ്തുക്കൾ, പ്ലാസ്റ്റിക് കവറുകൾ, പാഴ്വസ്തുക്കൾ തുടങ്ങിയവ വലിച്ചെറിയരുത്.
ഈഡിസ് കൊതുക് മുട്ടയിട്ടുപെരുകാൻ സാധ്യതയുള്ള ഇടങ്ങൾ കണ്ടെത്തിയാൽ തദ്ദേശവകുപ്പിനെയോ ആരോഗ്യവകുപ്പിനെയോ അറിയിക്കണം.
റബ്ബർത്തോട്ടങ്ങളിൽ: ടാപ്പിങ് ഇല്ലാത്തപ്പോൾ ചിരട്ട/കപ്പ് വെള്ളം കെട്ടിനിൽക്കാത്ത വിധത്തിൽ കമിഴ്ത്തിവയ്ക്കുക. റെയിൻ ഗാർഡിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം.
പൈനാപ്പിൾ തോട്ടങ്ങളിൽ: പൈനാപ്പിളിന്റെ ഇല ചേരുന്ന ഭാഗത്ത് വേപ്പിൻ പിണ്ണാക്കോ മണ്ണോ വിതറുക. വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള വസ്തുക്കൾ മാറ്റുക. കമുകിൻ തോട്ടങ്ങളിൽ: ഉപയോഗശൂന്യമായ പാളകളും തെങ്ങിൻതോപ്പിൽ കൊതുമ്പ്, കേടായ തേങ്ങ തുടങ്ങി വെള്ളംകെട്ടാൻ സാധ്യതയുള്ളവയും മാറ്റണം.
Content Highlights: Prevent Aedes mosquito breeding by removing stagnant water weekly., Comprehensive cleaning checklist for indoor appliances and outdoor containers., Specific precautions for rubber, pineapple, and arecanut plantations., Proper disposal of plastic waste and stagnant water in public spaces., Personal protection tips including light-colored clothing and mosquito nets.