മണിക്കൂറുകളോളം ഇരുന്നുള്ള ജോലിയാണോ? ആരോഗ്യം കാക്കാൻ കാപ്പികുടി ശീലമാക്കിക്കോളൂ എന്ന് ഗവേഷകർ

Representative Image| Photo: Canva.com
Representative Image| Photo: Canva.com

ജോലിയുടെ ഭാ​ഗമായും മറ്റും മണിക്കൂറുകളോളം ചടഞ്ഞിരിക്കേണ്ടി വരുന്നവരുണ്ട്. ദീർഘസമയം ഇരിക്കുന്നത് പുകവലിക്ക് സമാനമായ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പലപഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇരിപ്പിന്റെ ദൈർഘ്യം കൂടുന്നതുമൂലമുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ കാപ്പിയെ കൂട്ടുപിടിച്ചാൽ മതിയെന്നാണ് പുതിയൊരു പഠനം പറയുന്നത്. 

ചൈനയിലെ സൂചൗ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. അമേരിക്കയിൽ നിന്നുള്ള ​10,000 പേരെ ഉൾപ്പെടുത്തി നടത്തിയ ​ഗവേഷണത്തിനൊടുവിലാണ് വിലയിരുത്തലിൽ എത്തിയത്. ബി.എം.സി. പബ്ലിക് ഹെൽത്ത് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരുദിവസം ആറോ, അതിലധികമോ മണിക്കൂറുകൾ ഇരിക്കുന്നവരാണെങ്കിൽ കാപ്പികുടിക്കുന്ന ശീലം​ ​ഗുണംചെയ്യുമെന്നാണ് പഠനത്തിലുള്ളത്. 

മണിക്കൂറുകളോളം ചടഞ്ഞിരിക്കുന്ന, കാപ്പി കുടിക്കുന്ന ശീലമുള്ളവർ മണിക്കൂറുകളോളം ഇരിക്കുന്ന കാപ്പികുടിശീലം ഇല്ലാത്തവരെ അപേക്ഷിച്ച് വിവിധ രോ​ഗങ്ങളാൽ മരണപ്പെടാനുള്ള സാധ്യത 24 ശതമാനം കുറവാണെന്ന് പഠനത്തിൽ കണ്ടെത്തി. ദീർഘസമയം ഇരിക്കുന്നുതുമൂലമുള്ള ആരോ​ഗ്യപ്രശ്നങ്ങളെ കോഫി പ്രതിരോധിക്കുന്നതിനെക്കുറിച്ചാണ് പഠനത്തിൽ കണ്ടെത്തിയത്. 

കോഫി കുടിക്കുന്നതിലൂടെ ദീർഘസമയം ഇരിക്കുന്നതുമൂലമുള്ള ഹൃദ്രോ​ഗസാധ്യതകളെ ഇല്ലാതാക്കാം എന്നാണ് ​ഗവേഷകർ പറയുന്നത്. ദിവസവും നാലുമണിക്കൂറിൽ കുറവ് ഇരിക്കുന്നവരെ അപേക്ഷിച്ച് എട്ടുമണിക്കൂറിലധികം ഇരിക്കുന്നവരിൽ ഹൃദ്രോ​ഗം ഉൾപ്പെടെയുള്ള കാരണങ്ങളാൽ മരണപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് ​ഗവേഷകർ വ്യക്തമാക്കി. ദിവസവും രണ്ടോ അതിലധികമോ കാപ്പി കുടിക്കുന്നത് ഇത്തരം മരണങ്ങളിൽ നിന്നും സംരക്ഷിക്കും. കാപ്പിയിലടങ്ങിയിരിക്കുന്ന കഫീൻ ടൈപ് 2 ഡയബറ്റിസ്, ഹൃദ്രോ​ഗങ്ങൾ തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നാണ് ​ഗവേഷകർ പറയുന്നത്.

ടൈപ് 2 ഡയബറ്റിസ്, ഹൃദ്രോ​ഗങ്ങൾ, പക്ഷാഘാതം തുടങ്ങിയവയെ പ്രതിരോധിക്കാൻ കാപ്പികുടിക്കുന്ന ശീലം സഹായിക്കുമെന്ന് നേരത്തേ പല പഠനങ്ങളും വ്യക്തമാക്കിയിരുന്നു. കഫീൻ നീക്കം ചെയ്ത കാപ്പിയാണെങ്കിൽപ്പോലും ആന്റിഓക്സിഡന്റുകളാൽ സമൃദ്ധമാണെന്നും ചയാപചയ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും ശരീരത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യുമെന്നും കണ്ടെത്തിയിട്ടുണ്ട്. കാപ്പിയിലടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ പാർക്കിൻസൺസ് പോലുള്ള രോ​ഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുമെന്നും പലപഠനങ്ങളിലും പറയുന്നുണ്ട്. 

ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

ദീർഘനേരം ഇരുന്നു ജോലിചെയ്യുന്നവർ ശ്രദ്ധിക്കാൻ

  • ദീർഘനേരം ഒരേപോലെ ഇരുന്ന് ജോലിചെയ്യേണ്ടിവരുന്നവർ ഒരു മണിക്കൂറിൽ 10 മിനിറ്റ് എഴുന്നേറ്റ് നടക്കുകയോ നിൽക്കുകയോ ചെയ്യണം. തുടർച്ചയായ ഇരിപ്പ് മൂലം കുറേയധികം സമയം പ്രവർത്തിക്കാതിരുന്ന മസിലുകളെല്ലാം ഈ നടത്തത്തിലൂടെ ഉണരും. 
  • കൊഴുപ്പടങ്ങിയ ഭക്ഷണം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം
  • കൂടാതെ ജോലിസ്ഥലത്തുവെച്ചുതന്നെ ചെയ്യാവുന്ന ചില ലഘുവ്യായാമങ്ങൾ ശീലിക്കുകയുമാവാം. 
  • കസേരയിൽ ഇരുന്ന് ശരീരം മുന്നോട്ട് കുനിഞ്ഞ് തറയിൽ തൊടാൻ ശ്രമിക്കുക. കുനിയുമ്പോൾ ശ്വാസം പുറത്തേക്കും നിവരുമ്പോൾ ശ്വാസം അകത്തേക്കും എടുക്കണം.
  • പാദങ്ങൾ മുകളിലേക്കും താഴേക്കും പിന്നീട് ഇരുവശങ്ങളിലേക്കും ചലിപ്പിക്കുക. കഴുത്ത് മുന്നോട്ടും പുറകോട്ടും ചലിപ്പിക്കുക. ഇരുവശങ്ങളിലേക്കും തിരിക്കുക. ചെവി തോളിൽ തൊടാൻ ശ്രമിക്കുന്നതുപോലെ ചരിക്കുക.
  • കംപ്യൂട്ടറിന് മുന്നിൽ ഇരിക്കുമ്പോൾ നട്ടെല്ലും തലയും നിവർത്തി ഇടുപ്പ്, കാൽമുട്ടുകൾ എന്നിവ 90 ഡിഗ്രി മടക്കി പാദം തറയിൽ അമർത്തി ഇരിക്കുക. കംപ്യൂട്ടർ സ്‌ക്രീനിന്റെ മുകൾഭാഗം കണ്ണിനുനേരെ വരുന്ന രീതിയിൽ ക്രമീകരിക്കുക.

Content Highlights: drink coffee if you are sitting for too long