സ്‌റ്റെതസ്‌കോപ്പിനു പിന്നിലുണ്ട് തുടിക്കുന്ന 'താളം' ; ഡോ. ഷിബു ജയരാജിന്റെ വ്യത്യസ്ത മുഖങ്ങൾ

ഡോ. ഷിബു ജയരാജ്
ഡോ. ഷിബു ജയരാജ്

അമ്പലപ്പുഴ: സ്പീക്കറില്‍ ഉയരുന്ന സംഗീതത്തിനൊപ്പം സൗഹൃദവും കരുതലും ഒത്തുചേരുന്ന ചികിത്സാരീതി. മൂന്നരപ്പതിറ്റാണ്ടിനിടയില്‍ ഷിബു ജയരാജ് എന്ന ജനകീയ ഡോക്ടറുടെ പരിചരണം കിട്ടിയവര്‍ ഒട്ടേറെ. പൊതുജനാരോഗ്യവിദഗ്ധന്‍ എന്നതിനപ്പുറം നടന്‍, ഗാനരചയിതാവ്, സാമൂഹികപ്രവര്‍ത്തകന്‍, ഗായകന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം തന്റെ സാന്നിധ്യം അടയാളപ്പെടുത്തി.

സാമൂഹികപ്രവര്‍ത്തകനും കവിയും എഴുത്തുകാരനുമായിരുന്ന കോട്ടയം സ്വദേശി ടി.ആര്‍. ജയരാജിന്റെയും പിന്നണിഗായികയും നടിയുമായിരുന്ന ലീലാ ജയരാജിന്റെയും മകനായ ഷിബു ജയരാജ് ആലപ്പുഴ ഗവ. ടിഡി മെഡിക്കല്‍ കോളേജില്‍നിന്ന് എംബിബിഎസ് നേടി തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ആതുരസേവനരംഗത്തെത്തിയത്. ആരോഗ്യവകുപ്പില്‍ അസിസ്റ്റന്റ് സര്‍ജനായി തുടങ്ങി അസിസ്റ്റന്റ് ഡയറക്ടറായി വിരമിച്ചു.

അദ്ദേഹം രൂപം നല്‍കിയ പ്രോഗ്രസ് എന്ന പദ്ധതി പില്‍ക്കാലത്ത് ആരോഗ്യവകുപ്പിന്റെ പദ്ധതികള്‍ക്കു മൂലകാരണമായി. ഡോക്ടറുടെ യജ്ഞം, ഗോപാലപുരാണം അഞ്ചാം അധ്യായം ആറാം ഖണ്ഡം, ഉണര്‍ത്തുപാട്ട് തുടങ്ങിയ ലഘുനാടകങ്ങള്‍ ആരോഗ്യമേഖലയില്‍ പ്രധാന ബോധവത്കരണപ്രവര്‍ത്തനങ്ങളായി മാറി.

നെഹ്റു ട്രോഫി വള്ളംകളിക്കായി ഷിബു ജയരാജ് എഴുതിയ മുദ്രാഗാനം പ്രൊഫ. അമ്പലപ്പുഴ വിജയന്‍, ആലപ്പി ഋഷികേശ് എന്നിവരുടെ സംഗീതസംവിധാനത്തില്‍ ശങ്കര്‍ മഹാദേവന്‍, കെ.എസ്. സുദീപ്കുമാര്‍ എന്നിവരാണ് ആലപിച്ചത്.

സിനിമ, നാടകം, ആല്‍ബം എന്നിവയ്ക്കുവേണ്ടിയും ഇദ്ദേഹം പാട്ടെഴുതിയിട്ടുണ്ട്. 2023-ല്‍ പ്രദര്‍ശനത്തിനെത്തിയ കുറിഞ്ഞി എന്ന സിനിമയില്‍ പ്രധാനവേഷത്തിനൊപ്പം ഗായകനായും ഡോ. ഷിബു ജയരാജ് കഴിവുതെളിയിച്ചു.

2020-ല്‍ പുറത്തിറങ്ങിയ വേലത്താന്‍, റിലീസിനൊരുങ്ങുന്ന അകലം, ആറാട്ടുമുണ്ടന്‍, അലോഹ, സുഖിനോഭവന്തു എന്നിവയിലും പ്രധാനവേഷം ചെയ്തു. ആധുനിക, പാരമ്പര്യ ചികിത്സാരീതികളെ സമന്വയിപ്പിച്ച് തന്റേതായ ചികിത്സാരീതി നടപ്പാക്കിയെന്ന ഖ്യാതിയും ഇദ്ദേഹത്തിനു സ്വന്തം.

ഹോസ്പിറ്റല്‍ മാനേജ്മെന്റില്‍ എംബിഎ നേടിയിട്ടുള്ള ഡോ. ഷിബു ജയരാജ് ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയിലാണ് താമസം.

Content Highlights: Dr. Shibu Jayaraj, a renowned doctor, actor, singer, and social worker, combines music therapy with