ജീവൻ പകുത്തുനൽകി ഈ ‘തങ്ക’മനസ്സ്; അപരിചിതയായ വീട്ടമ്മയ്ക്ക് വൃക്ക ദാനംചെയ്ത് മലയാളി ഡോക്ടർ

ബെംഗളൂരു: സ്നേഹംകൊണ്ട് മനുഷ്യരെല്ലാം പരിചിതരാണെന്നാണ് ബെംഗളൂരുവിലെ മലയാളി ഡോക്ടറായ തങ്കം സുബ്രഹ്മണ്യം പറയുന്നത്. അതുകൊണ്ടുതന്നെയാണ് തീർത്തും അപരിചിതയായ വീട്ടമ്മയ്ക്ക് വൃക്ക ദാനംചെയ്യാൻ തീരുമാനിച്ചതും. അതും നീണ്ട നിയമയുദ്ധത്തിനൊടുവിൽ. തിരുവനന്തപുരം പി.ടി.പി. നഗർ സ്വദേശിനിയായ തങ്കം സുബ്രഹ്മണ്യം മൂന്നു പതിറ്റാണ്ടിലേറെയായി ബെംഗളൂരുവിലാണ് താമസം.
ബെംഗളൂരു മണിപ്പാൽ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായി സേവനമനുഷ്ഠിക്കുന്നകാലത്ത് 2014-ലാണ് സോണൽ കോഡിനേഷൻ കമ്മിറ്റി ഓഫ് കർണാടക എന്ന സംഘടനയിലൂടെ മരണാനന്തരം അവയവദാനത്തിന് സമ്മതപത്രം നൽകുന്നത്. എന്നാൽ, മരണാനന്തര അവയവദാനം എന്നത് പലഘട്ടങ്ങളിലും പ്രായോഗികമല്ലെന്ന തിരിച്ചറിവിലാണ് ജീവിച്ചിരിക്കുമ്പോൾത്തന്നെ അതിന് തയ്യാറായതെന്ന് ഡോ. തങ്കം പറഞ്ഞു. ആദ്യഘട്ടത്തിൽ തീരുമാനത്തിനെതിരേ ബന്ധുക്കൾ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീടത് മറികടന്നു.
2023-ൽ, തനിക്ക് പരിചയമില്ലാത്ത 24 വയസ്സുള്ള രോഗിക്ക് വൃക്ക ദാനംചെയ്യാൻ അവർ തീരുമാനിച്ചു. എന്നാൽ, രോഗി അവരുടെ ബന്ധുവല്ലാത്തതിനാൽ മിക്ക ആശുപത്രി മാനേജ്‌മെന്റും ശസ്ത്രക്രിയക്ക് തയ്യറായില്ല.
വിഷയം കർണാടക മെഡിക്കൽ കൗൺസിൽവരെയെത്തിയെങ്കിലും നിയമപരമായ നിയന്ത്രണങ്ങൾ കാരണം തന്റെ ലക്ഷ്യത്തിന് പല തടസ്സങ്ങളും ഡോക്ടർക്ക് നേരിടേണ്ടിവന്നു. ബന്ധുവല്ലാത്തവർക്ക് അവയവം നൽകുന്നത് അവയവക്കടത്തെന്ന ആരോപണങ്ങൾക്ക് വഴിതെളിയിക്കുമെന്നായിരുന്നു പലരുടെയും വാദം.
എന്നാൽ, ഇതിനെതിരേ തങ്കം ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞവർഷം ഡിസംബറിൽ അപരിചിതയായ ഏതൊരു രോഗിക്കും വൃക്ക ദാനംചെയ്യാൻ ഹൈക്കോടതി ഇവർക്ക് അനുമതിനൽകി.
തുടർന്ന് 56 വയസ്സുള്ള ആന്ധ്രയിൽനിന്നുള്ള വീട്ടമ്മയ്ക്ക് വൃക്ക കൈമാറാൻ ധാരണയായി. ഫെബ്രുവരി 10-ന് ശസ്ത്രക്രിയയിലൂടെ വൃക്ക കൈമാറി. ഡോക്ടർമാരുടെ നിർദേശപ്രകാരം ബെംഗളൂരു ഇന്ദിരാ നഗറിലെ വീട്ടിൽ വിശ്രമത്തിലാണ് അൻപത്തൊൻപതുകാരിയായ ഡോ. തങ്കം ഇപ്പോൾ. വൃക്ക സ്വീകരിച്ചവരും സുഖം പ്രാപിച്ചുവരുകയാണ്.
വൃക്ക ദാനംചെയ്യുക എന്നത് മാത്രമല്ല, അവയവദാനം എന്ന സന്ദേശം പ്രചരിപ്പിക്കുക എന്നതും തന്റെ പ്രവൃത്തിയുടെ ദൗത്യമാണെന്ന് ഡോക്ടർ പറയുന്നു. ബന്ധുവല്ലാത്ത വ്യക്തികൾക്ക് വൃക്ക ദാനംചെയ്യുന്നത് പൂർണമായും സുരക്ഷിതമാണെന്ന് യുവാക്കൾക്കിടയിലടക്കം അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. ഒരു ഡോക്ടർതന്നെ ഇതിന് തയ്യാറായെന്നത് അവയവദാനത്തിന് താത്പര്യമുള്ളവരിൽ ആത്മവിശ്വാസം സൃഷ്ടിക്കുമെന്നും ഡോക്ടർ പറയുന്നു.
Content Highlights: Doctor's Compassion: Bengaluru Physician Donates Kidney to Unknown Woman After Legal Battle