ശസ്ത്രക്രിയയ്ക്ക് പോയത് ഉത്ക്കണ്ഠയോടെ, ഒരുപാട് കരഞ്ഞു, ഇപ്പോഴും വേദനയുണ്ട് -ദീപിക കക്കർ

#ലൈഫ്സ്റ്റൈൽ ഡെസ്ക്
ദീപിക കക്കർ | ഫോട്ടോ: www.instagram.com/ms.dipika/
ദീപിക കക്കർ | ഫോട്ടോ: www.instagram.com/ms.dipika/

ഴിഞ്ഞ വർഷം കരൾ അർബുദം സ്ഥിരീകരിച്ചതിനെത്തുടർന്ന് രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് വിധേയയായിരിക്കുകയാണ് നടി ദീപിക കക്കർ. കരളിലെ ഒരു മുഴ നീക്കം ചെയ്യുന്നതിനായി നടത്തിയ ഈ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ഭർത്താവ് ഷുഐബ് ഇബ്രാഹിം അറിയിച്ചു. നിലവിൽ ആശുപത്രി വിട്ട് വീട്ടിലെത്തിയ ദീപിക, തന്റെ ശസ്ത്രക്രിയക്ക് ശേഷമുള്ള ആരോഗ്യാവസ്ഥയെക്കുറിച്ചും ആരാധകരുടെ പ്രാർത്ഥനകൾ നൽകുന്ന കരുത്തിനെക്കുറിച്ചും വ്ലോഗിലൂടെ മനസ്സ് തുറന്നു. കഴിഞ്ഞ വർഷം കരളിന്റെ ഒരു ഭാഗം നീക്കം ചെയ്ത താരം ഇപ്പോൾ ആർ.എഫ്.എ (RFA) എന്ന ചികിത്സാ രീതിയിലൂടെയാണ് സുഖം പ്രാപിക്കുന്നത്.

ഫെബ്രുവരി 23-നാണ് ദീപികയുടെ കരളിലെ സിസ്റ്റ് നീക്കം ചെയ്യുന്നതിനായുള്ള ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും എന്നാൽ ദീപികയ്ക്ക് നിലവിൽ കഠിനമായ വേദന അനുഭവപ്പെടുന്നുണ്ടെന്നും ഭർത്താവ് ഷുഐബ് ഇബ്രാഹിം ആരാധകരെ അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന പുറത്തുവന്നത്. വ്യാഴാഴ്ച തന്റെ ആരോഗ്യവിവരം ദീപികയും പങ്കുവെച്ചു.

"ശസ്ത്രക്രിയ സുഗമമായി നടക്കുകയും കഴിഞ്ഞദിവസം വീട്ടിൽ തിരിച്ചെത്തുകയും ചെയ്തു. ആരോഗ്യവുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരുകാര്യം വീണ്ടും സംഭവിച്ചേക്കാമെന്ന് ആളുകൾ നിങ്ങളോട് മുൻകൂട്ടി പറയും. യഥാർത്ഥത്തിൽ അങ്ങനെ നടക്കുമ്പോൾ അതിനെ നേരിടാൻ സമയമെടുക്കും. എനിക്കും കുറച്ച് സമയമെടുത്തു. ഏറെ ഉത്ക്കണ്ഠയോടെയാണ് ശസ്ത്രക്രിയയ്ക്ക് പോയത്. ഏറെ നേരം കരഞ്ഞു. പക്ഷേ ഡോക്ടർമാർ എന്നെ ആശ്വസിപ്പിച്ചു. വളരെ ചെറിയ മുഴയായിരുന്നതിനാൽ അത് കരിച്ചുകളയാൻ സാധിച്ചു. അത് വലുതായിരുന്നെങ്കിൽ ശസ്ത്രക്രിയ കൂടുതൽ ബുദ്ധിമുട്ടുള്ളതാകുമായിരുന്നു." ദീപിക പറഞ്ഞു.

"ഇപ്പോഴും അത് ചെയ്ത ഭാഗത്ത് വേദന അനുഭവപ്പെടുന്നുണ്ട്. അനങ്ങുമ്പോൾ വേദനയുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം ബോധം തെളിഞ്ഞപ്പോൾ, എനിക്ക് വളരെയധികം വേദന തോന്നി. വാർഡിലേക്ക് മടങ്ങിയെത്തിയപ്പോൾ, ഞാൻ നിങ്ങളുടെ കമന്റുകൾ വായിക്കുകയും നിങ്ങളെല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കുന്നതായി കണ്ടെത്തുകയും ചെയ്തു. അത് വലിയ ശക്തി നൽകുന്നു. നിങ്ങളുടെ കമന്റുകൾ വായിക്കുമ്പോൾ ഞാൻ കണ്ണീരണിയുന്നു," ദീപിക ആരാധകരോടും ഫോളോവർമാരോടുമായി പറഞ്ഞു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി സ്റ്റേജ് 2 ലിവർ ക്യാൻസറിനോട് പോരാടുകയാണ് ദീപിക. 2025 ജൂണിൽ നടന്ന ശസ്ത്രക്രിയയിലൂടെ അവരുടെ കരളിന്റെ 22 ശതമാനം ഭാഗം നീക്കം ചെയ്തിരുന്നു. തന്റെ ക്യാൻസർ ചികിത്സാ യാത്രയും കീമോതെറാപ്പി അനുഭവങ്ങളും മാനസികമായ ഉയർച്ച താഴ്ചകളും ദീപിക യൂട്യൂബ് വീഡിയോകളിലൂടെ നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

2010-ൽ 'നീർ ഭരേ തേരെ നൈനാ ദേവി' എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ദീപിക കക്കർ അഭിനയരംഗത്തേക്ക് കടന്നുവന്നത്. 2011-ൽ 'സസുരൽ സിമർ കാ' എന്ന പരമ്പരയിലെ പ്രധാന വേഷത്തിലൂടെയാണ് അവർക്ക് വ്യാപകമായ അംഗീകാരം ലഭിച്ചത്.

Content Highlights: Actress Dipika Kakar underwent a second liver surgery on February 23. The procedure was a Radiofrequency Ablation (RFA) to remove a 13mm cyst. Husband Shoaib Ibrahim and Dipika herself confirmed she is recovering but in pain. She was discharged from the hospital three days after the procedure.