തുടക്കം വയറുവേദനയിൽ, പരിശോധിച്ചപ്പോൾ മുഴ, ദീപികയ്ക്ക് വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടിവരും -ഷുഐബ്

#Health Desk
ഷുഐബ് ഇബ്രാഹിമും ദീപിക കക്കറും | ഫോട്ടോ: Instagram
ഷുഐബ് ഇബ്രാഹിമും ദീപിക കക്കറും | ഫോട്ടോ: Instagram

രളിൽ അർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ചും ചികിത്സയേക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞിട്ടുള്ളയാണ് ഹിന്ദി ടിവി താരം ദീപിക കക്കർ. ഇപ്പോഴിതാ ദീപികയുടെ ആരോഗ്യവിവരത്തേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അവരുടെ ഭർത്താവും നടനുമായ ഷുഐബ് ഇബ്രാഹിം. ലിവർ ക്യാൻസർ ചികിത്സ കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ ദീപികയ്ക്ക് വയറ്റിൽ ഒരു സിസ്റ്റ് (stomach cyst) കണ്ടെത്തിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദീപികയെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കേണ്ടി വരുമെന്നും അദ്ദേഹം തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.

രണ്ടുദിവസമായി ദീപികയ്ക്ക് വയറുവേദന അനുഭവപ്പെട്ടിരുന്നുവെന്ന് ഷുഐബ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെ ഇത് കൂടുകയും ചെയ്തു. തുടർന്ന് നടത്തിയ സിടി സ്കാനിലാണ് 13 മില്ലീമീറ്റർ (1.3 സെന്റിമീറ്റർ) വലിപ്പമുള്ള സിസ്റ്റ് കണ്ടെത്തിയത്. വയറുവേദനയ്ക്കൊപ്പം ഇടത് തോളിലും വേദന അനുഭവപ്പെടുന്നുണ്ടെങ്കിലും അത് സിസ്റ്റുമായി ബന്ധപ്പെട്ടതല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. അടുത്ത ആഴ്ച ദീപികയ്ക്ക് ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം എന്ന് ഷുഐബ് വിശദീകരിച്ചു.

"ഈ മുഴയല്ലാതെ മറ്റെല്ലാം സാധാരണമാണ്. ഇതായിരുന്നു ഞങ്ങൾ ഭയപ്പെട്ടിരുന്നത്. ട്യൂമറുകൾ വീണ്ടും വരാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ തവണ ഡോക്ടർ പറഞ്ഞിരുന്നു. ഇത് ഇപ്പോൾ ആദ്യഘട്ടത്തിലാണെങ്കിലും, ഡിസംബറിൽ ഞങ്ങൾ ചെയ്ത PET സ്കാനിൽ ഇത് കണ്ടിരുന്നില്ല. രക്തപരിശോധനകൾ നടത്തിയിട്ടുണ്ട്. റേഞ്ച് അല്പം കൂടുതലാണ്. അതിനാൽ ഡോക്ടർ ഇത് ചികിത്സിക്കാൻ തീരുമാനിച്ചു; വലിയ ശസ്ത്രക്രിയ ഉണ്ടാകില്ല, പക്ഷെ മുഴ കരിച്ചുകളയും. ദീപികയ്ക്ക് 3-4 ദിവസം ആശുപത്രിയിൽ കഴിയേണ്ടി വരും, ശസ്ത്രക്രിയ ചൊവ്വാഴ്ച നടക്കും. ആദ്യ ഘട്ടത്തിൽ തന്നെ ഇത് കണ്ടെത്തിയതിൽ ഞങ്ങൾ സന്തോഷവാന്മാരാണ്. എട്ട് വർഷം മുമ്പ്, ഇന്ന് ഞങ്ങളുടെ സംഗീത് ആയിരുന്നു." ഷുഐബ് ഇബ്രാഹിം പറഞ്ഞു.

"ജീവിതം ഇങ്ങനെയാണ്. എന്നെപ്പോലെ പോരാടുന്നവർക്ക്, ഇത്തരം പ്രതിബന്ധങ്ങൾ വരുമ്പോൾ അവയെ നേരിടുകയും നിശ്ചയദാർഢ്യത്തോടെയും ശക്തമായിരിക്കുകയും വേണം. നിങ്ങപ്പോലെ ഞാനും ഭയന്നു, പക്ഷെ ഇത് കൃത്യസമയത്ത് കണ്ടെത്തിയതിൽ ഞാൻ സന്തോഷവതിയാണ്. പതിവായ ഫോളോ-അപ്പുകൾ വളരെ പ്രധാനമാണെന്ന് കഴിഞ്ഞ തവണ ഡോക്ടർ പറഞ്ഞിരുന്നു. ചെറിയ വേദന പോലും അവഗണിക്കരുത്," ദീപിക പ്രതികരിച്ചതിങ്ങനെ.

ശസ്ത്രക്രിയയ്ക്ക് ശേഷം ദീപികയുടെ ചികിത്സാ രീതിയിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഷുഐബ് പറഞ്ഞു. നിലവിലെ ഓറൽ കീമോതെറാപ്പി നിർത്തുകയും പകരം ഇമ്മ്യൂണോതെറാപ്പി (immunotherapy) ആരംഭിക്കുകയും ചെയ്തേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചു മാസങ്ങളായി സ്റ്റേജ് 2 ലിവർ ക്യാൻസറിനോട് പോരാടുകയാണ് ദീപിക. 2025 ജൂണിൽ നടന്ന ശസ്ത്രക്രിയയിലൂടെ അവരുടെ കരളിന്റെ 22 ശതമാനം ഭാഗം നീക്കം ചെയ്തിരുന്നു. തന്റെ ക്യാൻസർ ചികിത്സാ യാത്രയും കീമോതെറാപ്പി അനുഭവങ്ങളും മാനസികമായ ഉയർച്ച താഴ്ചകളും ദീപിക യൂട്യൂബ് വീഡിയോകളിലൂടെ നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Content Highlights: Actress Dipika Kakar faces a new health challenge with a stomach cyst requiring hospitalization and surgery, months after liver cancer treatment. Husband Shoaib Ibrahim shares details.