പഴങ്ങളും പച്ചക്കറികളും ധാരാളം കഴിച്ച് ഗർഭച്ഛിദ്ര സാധ്യത കുറയ്ക്കാം, പഠനവുമായി ഗവേഷകർ

Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഗർഭത്തിന്റെ ആദ്യകാലങ്ങളിൽ ഡയറ്റിൽ ചില മാറ്റങ്ങൾ വരുത്തുക വഴി ​ഗർഭം അലസിപ്പോകുന്നത് തടയാനാകുമെന്ന് വ്യക്തമാക്കി പുതിയ പഠനം. പഴങ്ങളും പച്ചക്കറികളും കടൽവിഭവങ്ങളും പാലുൽപന്നങ്ങളും മുട്ടയും ധാന്യങ്ങളുമൊക്കെ ചേർന്ന പോഷകസമ്പന്നമായ ഭക്ഷണശീലം ​ഗർഭം അലസിപ്പോകാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.

ഇരുപതോളം പഠനങ്ങളെ വിശകലനം ചെയ്ത് ബിർമിങാം സർവകലാശാലയാണ് പുതിയ കണ്ടെത്തലിൽ എത്തിച്ചേർന്നിരിക്കുന്നത്. ​ഗർഭം ധരിക്കുന്നതിന് മുമ്പും ​ഗർഭത്തിന്റെ ആദ്യകാലങ്ങളിലും കഴിക്കുന്ന ഭക്ഷണവും ​ഗർഭച്ഛിദ്രവും തമ്മിലുള്ള ബന്ധമാണ് പരിശോധിച്ചത്. ഫെർട്ടിലിറ്റി ആൻ‍ഡ് സ്റ്റെറിലിറ്റി എന്ന ജേർ‌ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ടോമിസ് നാഷണൽ സെന്റർ ഫോർ മിസ്കാര്യേജ് റിസർച്ച് ആണ് ​ഗവേഷണം നടത്തിയത്. ആരോ​ഗ്യകരവും സന്തുലിതവുമായ ഇത്തരം ഡയറ്റ് പാലിക്കുന്നതിലൂടെ ​ഗർഭകാലത്ത് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും ധാരാളം ലഭിക്കുമെന്നും അത് ​ഗർഭം അലസാനുള്ള സാധ്യത കുറയ്ക്കുമെന്നുമാണ് ​ഗവേഷകർ പറയുന്നത്. 

ധാരാളം പഴങ്ങൾ കഴിക്കുക വഴി ​61%വും പച്ചക്കറികൾ കഴിക്കുക വഴി 41%വും പാലുൽപ്പന്നങ്ങളിലൂടെ 37%വും ധാന്യങ്ങൾ കഴിക്കുക വഴി 33%വും കടൽവിഭവങ്ങളും മുട്ടയും കഴിക്കുന്നതിലൂടെ 19%വും ഗർഭച്ഛിദ്രത്തിനുള്ള സാധ്യത കുറയുമെന്നാണ് ​ഗവേഷകർ വ്യക്തമാക്കിയത്. 

ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ് ഇക്കാലത്ത് അഭികാമ്യമെന്നും ​ഗവേഷകർ പറയുന്നു. സംസ്കരിച്ച ഭക്ഷണങ്ങൾ ശീലമാക്കിയവരിൽ ​ഗർഭം അലസാനുള്ള സാധ്യത ഇരട്ടിയാണെന്നും പഠനത്തിൽ പറയുന്നുണ്ട്. 63,838 സ്ത്രീകളുടെ ഡേറ്റകൾ പരിശോധിച്ചാണ് പഠനം നടത്തിയത്. ​ഗർഭം ധരിക്കുന്നതിനു മുമ്പും ​ഗർഭം ധരിച്ചതിനു ശേഷമുള്ള മൂന്നുമാസവും ഇവർ പാലിച്ച ഡയറ്റിനെ അടിസ്ഥാനമാക്കിയാണ് വിശകലനം നടത്തിയത്. 

​ഗർഭം അലസിപ്പോകുന്ന സാഹചര്യം സാധാരണമാണെന്നും ആറ് ​ഗർഭത്തിൽ ഒരെണ്ണം എന്ന നിലയ്ക്ക് അലസിപ്പോകാറുണ്ടെന്നും പഠനത്തിന് നേതൃത്വം നൽ‌കിയ ഡോ. യീലിൻ ചങ് പറഞ്ഞു. അതിനു പിന്നിൽ കുഞ്ഞിന്റെ ക്രോമസോം തകരാർ തുടങ്ങി പല പ്രശ്നങ്ങളും കാണാം. അമ്പതു ശതമാനം ആദ്യകാല ​ഗർഭം അലസലിനും പിന്നിലെ കാരണങ്ങൾ അനിശ്ചിതമാണെന്നും എന്നാൽ ഡയറ്റിൽ മാറ്റം വരുത്തുന്നതും പുകവലി-മദ്യപാനം പോലുള്ള നിർത്തുന്നതുമൊക്കെ ​ഗർഭച്ഛിദ്രത്തിനുള്ള സാധ്യത കുറയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു. 

​ഗർഭം ധരിക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് ഡയറ്റിൽ മാറ്റം വരുത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് തങ്ങളുടെ പഠനമെന്നും ​ഗവേഷകർ വ്യക്തമാക്കി. ആരോ​ഗ്യകരമായ ഡയറ്റ് പാലിക്കുന്നതിനൊപ്പം ഫോളിക് ആസിഡ്, വിറ്റാമിൻ ഡി എന്നിവ കഴിക്കുകയും വ്യായാമം ശീലമാക്കുകയും സമ്മർദം കുറയ്ക്കുകയും ചെയ്താൽ ഒരുപരിധി വരെ ​ഗർഭച്ഛിദ്രത്തിനുള്ള സാധ്യത കുറയ്ക്കാനാകുമെന്നും ​ഗവേഷകർ പറയുന്നു.

Content Highlights: Diet comprising seafood, eggs, grains, veggies might decrease chances of miscarriage Study