മാതൃമനസ്സിന്റെ നിശ്ചയദാർഢ്യം; ഗർഭസ്ഥശിശുവിന്റെ ഹൃദയതാളം വീണ്ടെടുത്ത് ഡോക്ടർമാർ

#എബി പി. ജോയി
പ്രതീകാത്മകചിത്രം |ചിത്രം: മാതൃഭൂമി
പ്രതീകാത്മകചിത്രം |ചിത്രം: മാതൃഭൂമി

കോഴിക്കോട്: ആ മാതൃമനസ്സ് നിശ്ചയദാർഢ്യത്തിലായിരുന്നു, തന്റെ ജീവൻ പോയാലും ഉള്ളിലുള്ള കുരുന്നുജീവന് ഒരുപോറൽപോലും ഏൽക്കരുതെന്ന കാര്യത്തിൽ. ഹൃദയത്തകരാറുള്ള, 22 ആഴ്ചമാത്രം പ്രായമുള്ള കുഞ്ഞിനെ ഗർഭാവസ്ഥയിൽതന്നെ താക്കോൽദ്വാരശസ്ത്രക്രിയയിലൂടെ രക്ഷിക്കാൻ വഴിയൊരുക്കിയത് ആ നിശ്ചയദാർഢ്യമാണ്.

ഗർഭസ്ഥശിശുവിൽ ഇൻ യൂട്ടെറോ കീ ഹോൾ ഹാർട്ട് വാൽവ് സർജറി വിജയകരമായി നടന്നു. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽനടന്ന ശസ്ത്രക്രിയ കേരളത്തിൽ ആദ്യത്തേതും ഇന്ത്യയിൽ നാലാമത്തേതുമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

വയനാട് സ്വദേശിനി കെ. മൊഹ്‌സിനയ്ക്കാണ് സങ്കീർണമായ ശസ്ത്രക്രിയ നടത്തിയത്. ഗർഭസ്ഥശിശുവിന്റെ ഹൃദയത്തിന്റെ പമ്പിങ്‌ തീർത്തും മോശമായ സ്ഥിതിയിലായിരുന്നു. അയോട്ട രക്തധമനിയുടെ വാൽവ് ചുരുങ്ങിയിരിക്കുന്നതാണ് പ്രശ്നമെന്നും നേരിയ തോതിൽമാത്രമേ രക്തം കടന്നുപോകുന്നുള്ളൂവെന്നും കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ രക്ഷിക്കാമെന്ന ആശയം മുന്നോട്ടുവെച്ചത് പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിലെ ഡോ. രേണു പി. കുറുപ്പാണ്.

വയറ്റിൽവെച്ചുതന്നെ ബലൂണിട്ട് വാൽവ്‌ വികസിപ്പിക്കാൻ നടത്തിയ ആദ്യശ്രമം വിജയിച്ചില്ല. മാതാവിന്റെ വയർ തുളച്ച്, ഗർഭപാത്രത്തിൽ സുഷിരമുണ്ടാക്കി ശസ്ത്രക്രിയനടത്താൻ ശ്രമിച്ചപ്പോൾ കുട്ടിയുടെ ഹൃദയത്തിന്റെ വശം അതിന് അനുയോജ്യമായ സ്ഥാനത്തായിരുന്നില്ല. മൂന്നുദിവസം കഴിഞ്ഞ് വീണ്ടും നടത്തിയ ശ്രമം പക്ഷേ, പൂർണവിജയത്തിലെത്തി. ഫീറ്റൽ അയോട്ടിക് ബലൂൺ വാൽവിലോ പ്ലാസ്റ്റിയിലൂടെ ആ കുഞ്ഞുഹൃദയം സാധാരണനിലയിലായി.

ഡോക്ടർമാരായ പി.എസ്. ശ്രീജ, എഡ്വിൻ ഫ്രാൻസിസ്, ഗിരീഷ് വാരിയർ, കെ.എസ്. രമാദേവി, പി. സുജാത, ശബരീനാഥ് മേനോൻ, അനു ജോസ്, നബീൽ ഫൈസൽ, പി.എസ്. പ്രിയ, നഷ്‌റ തുടങ്ങിയവർ ശസ്ത്രക്രിയയിൽ പങ്കാളികളായി. മേയ് 15-നായിരുന്നു ശസ്ത്രക്രിയ. മാസം തികഞ്ഞശേഷം ജൂലായ് 31-ന് കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു സിസേറിയൻ. മൊഹ്‌സിനയുടെ ഭർത്താവ് ഗുഡ്സ് ഓട്ടോഡ്രൈവറാണ്. മുഴുവൻ ചികിത്സയും സൗജന്യമായി നൽകാമെന്ന് ആശുപത്രി അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. രണ്ടുദിവസത്തിനകം മാതാവും കുഞ്ഞും ആശുപത്രി വിടും, ഡോക്ടർമാർക്ക് ഹൃദയത്തിന്റെ ഭാഷയിൽ നൂറായിരം നന്ദിപറഞ്ഞ്.

Content Highlights: mothers determination that paved the way for the keyhole surgery to save a 22-week-old baby