മാരകമായ പാൻക്രിയാറ്റിക് കാൻസറിനെ തുരത്താനെത്തിയ മരുന്ന്, ‘പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ മുന്നേറ്റ’മെന്ന് വിദഗ്ധർ

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

തിരിച്ചറിയാൻ വൈകുന്നതും ചികിത്സ പരിമിതവുമായ പാൻക്രിയാറ്റിക് കാൻസറിനെ തുരത്താനെത്തിയ ഡാറാക്സോൺറാസിബ് (Daraxonrasib) എന്ന മരുന്നിനെ പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ മുന്നേറ്റമെന്ന് വിശേഷിപ്പിച്ച് വിദഗ്ധർ. പാൻക്രിയാറ്റിക് കാൻസർ ചികിത്സയിൽ ട്യൂമർ ചുരുങ്ങുകയോ, പൂർണമായും ഇല്ലാതാവുകയോ ചെയ്തുവെന്നാണ് കണ്ടെത്തൽ. വ്യാഴാഴ്ച ഇഒആർടിസി (European Organization for Research and Treatment of കാൻസർ (അർബുദം)) പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വിശദമാക്കിയിരിക്കുന്നത്.

ഏറ്റവും പുതുതായി 61 രോഗികളിൽ നടത്തിയ ട്രയലിലും മരുന്നിന്റെ ഫലപ്രാപ്തി തെളിഞ്ഞു. കീമോതെറാപ്പിക്കൊപ്പമാണ് daraxonrasib മരുന്നും നൽകിയത്. ഒന്നരവർഷത്തോളം ചികിത്സ തുടർന്നു. തുടർന്നുനടത്തിയ പരിശോധനയിലാണ് 90.2% രോഗികളിൽ‌ ട്യൂമർ വളർച്ച നിന്നുവെന്നും 60.7% രോഗികളിൽ ട്യൂമർ ചുരുങ്ങുകയോ, അപ്രത്യക്ഷമാവുകയോ ചെയ്തുവെന്നും കണ്ടെത്തിയത്. പങ്കെടുത്തവരിൽ 8.2% പേരിലെ സി.ടി.സ്കാൻ പരിശോധനയിൽ ട്യൂമർ കണ്ടെത്താനേ കഴിഞ്ഞില്ല എന്നതും ആശാവഹമാണ്.

മറ്റുഭാഗങ്ങളിലേക്കും രോഗംപടർന്ന പാൻക്രിയാറ്റിക് കാൻസർ രോഗികളിൽ സാധാരണ നൽകുന്ന കീമോതെറാപ്പിയിലൂടെ അതിജീവനനിരക്ക് എട്ടുമുതൽ പതിനൊന്നു മാസംവരെ മാത്രമാണ് ഉണ്ടാവാറുള്ളത്. രോഗനിർണയത്തിനുശേഷം മൂന്നുശതമാനംപേർ മാത്രമാണ് അഞ്ചുവർഷത്തോളം ജീവിക്കാറുള്ളത്. മിക്ക രോഗികളിലും കീമോതെറാപ്പി ചികിത്സയ്ക്കു പിന്നാലെ ട്യൂമർ 23% മുതൽ 42%വരെ ചുരുങ്ങുകയും അഞ്ചാറു മാസത്തിനുള്ളിൽ വീണ്ടും വളരുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് പുതിയ മരുന്ന് അതിജീവനനിരക്ക് കൂട്ടുകയും രോഗികളുടെ പ്രതീക്ഷ വർധിപ്പിക്കുകയും ചെയ്യുന്നത്.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് യു.എസ് എഫ്.ഡി.എ. (Food and Drug Administration) മെറ്റാസ്റ്റാറ്റിക് പാൻക്രിയാറ്റിക് കാൻസർ ചികിത്സയിൽ ഡാറാക്സോൺറാസിബ് എന്ന മരുന്നിന് അനുമതി നൽകുന്നത്. പാൻക്രിയാറ്റിക് കാൻസർ വളർച്ചയ്ക്ക് സഹായിക്കുന്ന ആർ.എ.എസ് (RAS) പ്രോട്ടീനുകൾക്കെതിരെ പ്രവർത്തിക്കുന്ന മരുന്നാണിത്. 2026 ഓഗസ്റ്റ് 26-നാണ് ദിവസേന കഴിക്കാവുന്ന രൂപത്തിലുള്ള ഈ മരുന്നിന് അംഗീകാരം നൽകിയത്. ഇതിനകം കുറഞ്ഞത് ഒരു തവണ കാൻസർ ചികിത്സയിലൂടെ കടന്നുപോയിട്ടുള്ള മെറ്റാസ്റ്റാറ്റിക് പാൻക്രിയാറ്റിക് അഡിനോകാർസിനോമ ഉള്ളവർക്കാണ് ചികിത്സ നൽകുക. ‌‌

കാൻസർ കോശങ്ങളുടെ വളർച്ചയെ സഹായിക്കുന്ന ആർ.എ.എസ് പ്രോട്ടീനുകൾക്കെതിരെ പ്രവർത്തിക്കുകയാണ് മരുന്ന് ചെയ്യുന്നത്. മൂന്നാംഘട്ട RASolute 302 ട്രയലിനൊടുവിലാണ് എഫ്ഡിഎ മരുന്നിന് അംഗീകാരം നൽകിയത്. മുൻകാല ചികിത്സയ്ക്ക് ശേഷവും അർബുദം പടരുകയും രോഗം മൂർച്ഛിക്കുകയും ചെയ്തവരെയാണ് പരീക്ഷണത്തിൽ ഉൾപ്പെടുത്തിയത്. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ ഇതേക്കുറിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുമ്പ് ചികിത്സ തേടിയ മെറ്റാസ്റ്റാറ്റിക് പാൻക്രിയാറ്റിക് ഡക്റ്റൽ അഡിനോകാർസിനോമ ബാധിച്ച 500 മുതിർന്നവരെ ഉൾപ്പെടുത്തിയാണ് പരീക്ഷണം നടത്തിയത്. ഒന്നുകിൽ ഡാറാക്സോൺറാസിബോ അല്ലെങ്കിൽ ഫിസിഷ്യൻ തിരഞ്ഞെടുക്കുന്ന സ്റ്റാൻഡേർഡ് കീമോതെറാപ്പിയോ നൽകി.

തുടർന്നാണ് ഡാറാക്സോൺറാസിബ് നൽകിയവരിൽ 13.2 മാസവും കീമോതെറാപ്പി നൽകിയവരിൽ 6.7 മാസവുമാണ് അതിജീവനനിരക്ക് എന്നു കണ്ടെത്തിയത്. മരണസാധ്യത ഏകദേശം 60% കുറഞ്ഞുവെന്നും പഠനം പറയുന്നു. ചില രോഗികളിൽ ഈ മരുന്ന് ട്യൂമർ ചുരുക്കുക മാത്രമല്ല മറിച്ച് ചികിത്സിക്കാൻ ബുദ്ധിമുട്ടുള്ള ഒരു വിഭാഗം രോഗികളിൽ അതിജീവന കാലയളവ് മെച്ചപ്പെടുത്താനായെന്നും ഗവേഷകർ പറയുന്നു.

പ്രാരംഭഘട്ടത്തിൽ കണ്ടെത്താൻ കഴിയാത്തതിനാൽ ചികിത്സ പരിമിതമായ കാൻസറാണിത്. മറ്റു പല അവയവങ്ങളിലേക്കും വ്യാപിച്ചതിനുശേഷമാവും രോഗസ്ഥിരീകരണം നടത്തുക. അവസാന ഘട്ടങ്ങളിൽ തിരിച്ചറിയുമ്പോൾ രോഗിയുടെ അതിജീവന നിരക്ക് പതിമൂന്ന് ശതമാനമായി കുറയും. കൂടാതെ പാൻക്രിയാറ്റിക് ട്യൂമറുകൾ കട്ടിയുള്ള ഒരു പാളിയാൽ മൂടപ്പെട്ടതാണ്. ഇത് പ്രതിരോധ കോശങ്ങളെയും കീമോതെറാപ്പി മരുന്നുകളെയും പ്രതിരോധിക്കാൻ പ്രാപ്തമാണ്. ഇതുകൊണ്ടാണ് പല കാൻസർ മരുന്നുകളും പാൻക്രിയാറ്റിക് കാൻസറിന് ഫലപ്രദമാകാത്തത്. ‌‌‌

പാൻക്രിയാറ്റിക് കാൻസർ-ശ്രദ്ധവേണം

സൈലന്റ് കില്ലർ എന്ന് വിശേഷിപ്പിക്കുന്ന രോഗങ്ങളിലൊന്നാണിത്. പാൻക്രിയാസിലെ കോശങ്ങളുടെ അമിതവളർച്ച മൂലമുണ്ടാകുന്ന അർബുദമാണിത്. ഭക്ഷണം ദഹിക്കാനുള്ള എൻസൈമുകളെ ഉത്പാദിപ്പിക്കുന്നതും രക്തത്തിലെ ഷുഗർനില നിയന്ത്രിക്കാനുള്ള ഹോർമോൺ ഉത്പാദിപ്പിക്കുന്നതുമൊക്കെ പാൻക്രിയാസ് ആണ്. പാൻക്രിയാറ്റിക് ഡക്റ്റൽ അഡിനോകാർസിനോമയാണ് ഏറ്റവും സാധാരണമായി കണ്ടുവരുന്നത്. പ്രാരംഭഘട്ടങ്ങളിൽ തിരിച്ചറിയപ്പെടാതെ പോകാനുള്ള സാധ്യതയും ഈ അർബുദത്തിൽ കൂടുതലാണ്. അതിനു പ്രധാനകാരണം പാൻക്രിയാറ്റിക് അർബുദം ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്ക് പടരുന്നതിന് മുമ്പ് ലക്ഷണങ്ങൾ പ്രകടമാകില്ല എന്നതാണ്.

ലക്ഷണങ്ങൾ

രോഗം വൈകിയ ഘട്ടങ്ങളിൽ മാത്രമേ പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാവുകയുള്ളൂ. വയറിന്റെ വശങ്ങളിലോ പുറംഭാഗത്തോ ഉള്ള വേദന, വിശപ്പില്ലായ്മ, വണ്ണം കുറയുക, മഞ്ഞപ്പിത്തം, മൂത്രത്തിന് ഇരുണ്ടനിറം, ചൊറിച്ചിൽ, പ്രമേഹം, കൈയിലോ, കാലിലോ വേദനയും വീക്കവും, അമിതക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.

Content Highlights: Daraxonrasib shows promise in shrinking tumors and improving survival rates in pancreatic cancer treatment, according to recent trials and expert opinions.