രോഗംതിരിച്ചറിഞ്ഞത് പതിനൊന്നുദിവസം മുമ്പുമാത്രം; ദംഗൽതാരത്തിന്റെ മരണത്തിനുപിന്നിൽ അപൂർവരോഗം

ദംഗലിൽ സുഹാനി, സുഹാനി ഭട്നഗർ | photo: instagram/suhani bhatnagar
ദംഗലിൽ സുഹാനി, സുഹാനി ഭട്നഗർ | photo: instagram/suhani bhatnagar

ബോളിവുഡ് നടിയും പത്തൊമ്പതുകാരിയുമായ സുഹാനി ഭട്​നാഗര്‍ അന്തരിച്ച വാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ആമീര്‍ ഖാന്‍ നായകനായെത്തിയ 'ദം​ഗൽ' സിനിമയിൽ ബബിത ഫോഗട്ടിന്‍റെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയായ താരമാണ് സുഹാനി. ഇപ്പോഴിതാ സുഹാനിയുടെ മരണകാരണം എന്താണെന്ന് പുറത്തുവിട്ടിരിക്കുകയാണ് കുടുംബം. കഴിഞ്ഞ കുറച്ചുനാളുകളായി ഡെർമറ്റോമയോസൈറ്റിസ് എന്ന രോ​ഗത്തിന് അടിമയായിരുന്നു സുഹാനിയെന്ന് കുടുംബം വ്യക്തമാക്കി. 

സുഹാനിയുടെ അച്ഛനാണ് ഇക്കാര്യം മാധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ടുമാസങ്ങളായി സുഹാനിയുടെ കാലുകൾ നീരുവന്നു വീങ്ങിത്തുടങ്ങിയിരുന്നുവെന്ന് അച്ഛൻ പറഞ്ഞു. വൈകാതെ അത് ശരീരത്തെ മുഴുവനും ബാധിക്കുകയായിരുന്നു. പതിനൊന്നുദിവസം മുമ്പ് എയിംസിൽ പ്രവേശിപ്പിക്കുന്നതുവരെയും സുഹാനിയുടെ രോ​ഗം എന്താണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്നുനടത്തിയ പരിശോധനകളിലാണ് ഓട്ടോ ഇമ്മ്യൂൺ ഡിസീസായ ഡെർമറ്റോമയോസൈറ്റിസ് ആണെന്ന് തിരിച്ചറിഞ്ഞത്. 

എന്താണ് ഡെർമറ്റോമയോസൈറ്റിസ്?

അപൂർവമായ ഇൻഫ്ലമേറ്ററി ഡിസീസാണിത്. പേശികളുടെ ക്ഷയവും ചർമത്തിലെ തടിപ്പുകളുമാണ് പ്രധാനലക്ഷണം. മുതിർന്നവരേയും കുട്ടികളേയും രോ​ഗംബാധിക്കാം. മുതിർന്നവരിൽ നാൽപതുമുതൽ അറുപതുവരെയുള്ള പ്രായത്തിലും കുട്ടികളിൽ അഞ്ചുമുതൽ പതിനഞ്ചുവരെ പ്രായത്തിലുമാണ് രോ​ഗം ബാധിക്കാനുള്ള സാധ്യത കൂടുതൽ. പുരുഷന്മാരേക്കാൾ സ്ത്രീകളേയാണ് രോ​ഗം ബാധിക്കുക. 

ഡെർമറ്റോമയോസൈറ്റിസിനുള്ള ചികിത്സ ഇതുവരെ ലഭ്യമായിട്ടില്ല. ലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനുള്ള ചികിത്സയാണ് നൽകിവരുന്നത്. ചർമത്തിലെ തടിപ്പുകളും പാടുകളും നീക്കാനും പേശികളുടെ കരുത്താർജിച്ച് പ്രവർത്തനം മെച്ചപ്പെടുത്താനുമുള്ള ചികിത്സയാണ് നൽകിവരുന്നത്. 

ലക്ഷണങ്ങൾ

ഡെർമറ്റോമയോസൈറ്റിസിന്റെ ലക്ഷണങ്ങൾ പെട്ടെന്നോ ക്രമേണയോ പ്രത്യക്ഷപ്പെടാം. ചർമത്തിലെ മാറ്റങ്ങളും പേശികളുടെ ക്ഷയവുമാണ് പ്രധാനം. ചർമത്തിൽ വയലറ്റ് നിറത്തിലുള്ള തടിപ്പുകൾ പ്രത്യക്ഷമാകാം. മുഖം, കൺപോള, കൈ-കാൽമുട്ടുകൾ, നെഞ്ച്, പുറംഭാ​ഗം എന്നിവിടങ്ങളിലാണ് പൊതുവേ കാണാറുള്ളത്. ഇവ ചൊറിച്ചിലോടെയോ വേദനയോടെയോ പ്രത്യക്ഷമാകാം. 

അരക്കെട്ട്, തുട, തോളുകൾ, കൈകളുടെ മുകൾവശം, കഴുത്ത് എന്നിവിടങ്ങളിലെ പേശികൾക്കുള്ള ക്ഷയമാണ് മറ്റൊരു ലക്ഷണം. ശരീരത്തിന്റെ ഇടതു-വലതുവശങ്ങളെ ബാധിക്കുകയും ക്രമേണ വഷളാവുകയും ചെയ്യും. 

കാരണങ്ങൾ

ഡെർമറ്റോമയോസൈറ്റിസിന്റെ യഥാർഥകാരണങ്ങൾ എന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പക്ഷേ ശരീരത്തിന്റെ പ്രതിരോധസംവിധാനം ശരീരകോശങ്ങളെ ആക്രമിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ജനിതകപരമായ ഘടകങ്ങളും പാരി‌സ്ഥിതിക ഘടകങ്ങളും കാരണമാകാമെന്ന് ​ഗവേഷകർ പറയുന്നു. വൈറൽ അണുബാധകൾ, ചില മരുന്നുകൾ, പുകവലി തുടങ്ങിയവയും കാരണമാകാമെന്ന് പറയപ്പെടുന്നു. 

സങ്കീർണതകൾ

ഭക്ഷണം ഇറക്കാൻ പ്രയാസം 

അന്നനാളത്തിലെ പേശികളെ രോ​ഗംബാധിക്കുമ്പോൾ ഭക്ഷണം ഇറക്കാൻ പ്രയാസംനേരിടുകയും ഇത് ഭാരക്കുറവിലേക്കും പോഷകക്കുറവിലേക്കും നയിക്കുകയും ചെയ്യും. കൂടാതെ ഇറക്കാൻ ബുദ്ധിമുട്ട് നേരിടുന്നതുമൂലം ഭക്ഷണവും വെള്ളവും തുപ്പലുമൊക്കെ ശ്വാസകോശത്തിലേക്ക് പ്രവേശിക്കാൻ ഇടവരുകയും അണുബാധയിലേക്ക് നയിക്കുകയും ചെയ്യാം. നെഞ്ചിലെ പേശികളെ ബാധിക്കുമ്പോൾ ശ്വാസതടസ്സം നേരിടാം. 

തണുപ്പ് കൂടുതലാകുന്ന സമയങ്ങളിൽ കൈകാൽ വിരലുകൾ, കവിളുകൾ, മൂക്ക്, ചെവി എന്നിവ വിളറാം. രോ​ഗം വഷളാകുന്ന സാഹചര്യങ്ങളിൽ ഓട്ടോഇമ്മ്യൂൺ രോ​ഗങ്ങളായ റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, സ്ക്ലീറോഡെർമ, ലൂപസ് എന്നിവ ബാധിക്കാം. 

ഹൃദ്രോ​ഗങ്ങൾ

ഡെർമോമയോസൈറ്റിസ് ഹൃദയപേശികളേയും ബാധിക്കുകവഴി ഹൃദ്രോ​ഗങ്ങൾ പിടിപെടാം. വരണ്ട ചുമ, ശ്വാസതടസ്സം തുടങ്ങിയവയും ശ്വാസകോശരോ​ഗങ്ങളുമുണ്ടാകാം.

കാൻസർ

മുതിർന്നവരിൽ കാൻസർ പിടിപെടാനുള്ള സാധ്യതയും ഈ രോ​ഗംമൂലമുണ്ടാകാം. സ്ത്രീകളിൽ ഒവേറിയൻ കാൻസറിനുള്ള സാധ്യതയാണ് കൂടുതൽ.

Content Highlights: dangal actor suhani bhatnagar was suffering from rare disease dermatomyositis