ആർത്തവകാലത്ത് വ്യായാമം ഒഴിവാക്കേണ്ട, ശരീരം മനസ്സിലാക്കി ചെയ്യാം; രാകുൽ പ്രീത് പറഞ്ഞ സൈക്കിൾ സിങ്കിങ്

#Health Desk
രാകുല്‍ പ്രീത് സിങ് |ഫോട്ടോ: AFP
രാകുല്‍ പ്രീത് സിങ് |ഫോട്ടോ: AFP

ആർത്തവകാലത്ത് വ്യായാമം ചെയ്യുന്നതിനേക്കുറിച്ച് ഇപ്പോഴും തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. ഇക്കാലത്ത് വ്യായാമം പാടേ ഉപേക്ഷിക്കണമെന്നു കരുതുന്നവർ നിരവധിയുണ്ട്. എന്നാൽ, ആരോഗ്യകരമായ രീതിയിൽ ശരീരത്തിനുതകുന്ന വ്യായാമങ്ങൾ തിര‍ഞ്ഞെടുക്കുകയാണ് വേണ്ടത്. ആർത്തവകാലത്ത് വ്യയാമം ചെയ്യുന്നത് സുരക്ഷിതമാണെന്നു മാത്രമല്ല വേദന, വയറുവീർക്കൽ, മാനസിക സമ്മർദം എന്നിവ അകറ്റാനും മികച്ചതാണ്. 

അടുത്തിടെ ബോളിവുഡ് നടി രാകുൽ പ്രീത് സിങ്ങും ആർത്തവകാലത്തെ വ്യായാമത്തേക്കുറിച്ചു തുറന്നുപറഞ്ഞിരുന്നു. ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് ആർത്തവകാലത്ത് സൈക്കിൾ സിങ്കിങ് രീതിയാണ് ഉത്തമമെന്ന് രാകുൽ പറഞ്ഞത്. ഊർജത്തിലും മാനസികാവസ്ഥയിലുമൊക്കെ മാറ്റമുണ്ടാകുന്ന ആർത്തവകാലത്ത് സാധാരണരീതിയിലുള്ള വ്യായാമത്തിനുപകരം സൈക്കിൾ സിങ്കിങ് ആണ് നല്ലതെന്നാണ് രാകുൽ പറഞ്ഞത്. എന്താണ് സൈക്കിൾ സിങ്കിങ് എന്നു പരിശോധിക്കാം.

ആർത്തവ ചക്രത്തിനനുസരിച്ച് ഭക്ഷണക്രമം, വ്യായാമം, ദിനചര്യകൾ, മറ്റ് ജീവിതശൈലി ശീലങ്ങൾ എന്നിവയിൽ മാറ്റം വരുത്തുന്നതിനെയാണ് സൈക്കിൾ സിങ്കിംഗ് എന്ന് പറയുന്നത്. ആർത്തവ ചക്രത്തിന്റെ വിവിധ ഘട്ടങ്ങൾക്കനുസരിച്ച് ഭക്ഷണക്രമവും വ്യായാമരീതികളും ക്രമീകരിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

സൈക്കിൾ സിങ്കിങ്ങിന്റെ ഗുണഫലങ്ങളേക്കുറിച്ച് പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പി.എം.ഒ.എസ്, എൻഡോമെട്രിയോസിസ്, പ്രീമെൻസ്ട്ര്വൽ സിൻഡ്രോം, പ്രീമെൻസ്ട്ര്വൽ ‍ഡിസ്ഫോറിക് ഡിസോർഡ‍ർ തുടങ്ങിയവ ഉള്ളവരിൽ സൈക്കിൾ സിങ്കിങ് ഗുണംചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്.

ആർത്തവകാലത്ത് ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുന്നതിനൊപ്പം മാനസികാവസ്ഥയിലും ഊർജത്തിലുമൊക്കെ വ്യത്യാസമുണ്ടാവും. ഇതിനനുസരിച്ചുള്ള മാറ്റങ്ങളാണ് ഫിറ്റ്നസിലും വേണ്ടത്. ആർത്തവത്തിന്റെ ആദ്യ അഞ്ചുദിവസങ്ങളിൽ പച്ചക്കറികളും ഇറച്ചിവർഗങ്ങളും വിറ്റാമിൻ സി അടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. നടത്തം, യോഗ, സ്ട്രെച്ചിങ് തുടങ്ങിയവയാണ് ഈ സമയത്ത് കൂടുതൽ മികച്ചത്.

രണ്ടാം ഘട്ടമായ ആറുമുതൽ പതിമൂന്നു ദിവസത്തിനിടയിൽ ചിക്കനും മീനും കാർബോഹൈഡ്രേറ്റും പച്ചക്കറികളും കഴിക്കുകയും ഹൈ ഇന്റൻസിറ്റി ഇന്റർവെൽ ട്രെയിനിങ്ങുകളും ചെയ്യാം. ഓവുലേഷൻ ഘട്ടമായ പതിനാലുമുതൽ പതിനേഴുവരെ തീവ്രമായ വ്യായാമങ്ങളും ഹൈ പവർ ട്രെയിനിങ്ങുകളും ചെയ്യാം. ഹെവി ലിഫ്റ്റിങ്, തീവ്രമായ കാർഡിയോ വ്യായാമങ്ങൾ തുടങ്ങിയവയുമാവാം.

പതിനേഴു മുതൽ 28 വരെയുള്ള ല്യൂട്ടൽ ഘട്ടത്തിൽ ഊർജവും കരുത്തും കുറയുന്നതുകൊണ്ടുതന്നെ തീവ്രവ്യായാമങ്ങളിൽ നിന്നു വിട്ടുനിൽക്കണം. ലളിതമായ സ്ട്രെങ്ത് ട്രെയിനിങ്ങുകളും പൈലേറ്റ്സും നീന്തലുമൊക്കെയാണ് ഈ സമയത്ത് ഉത്തമം.

വ്യായാമം ചെയ്യുംമുമ്പ് ശ്രദ്ധിക്കേണ്ടത്

  • ഹൃദയത്തിന്റെയും മസ്തിഷ്‌കത്തിന്റെയുമൊക്കെ ചില പ്രശ്‌നങ്ങൾ ലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ നമുക്കുണ്ടായേക്കാം. ഡോക്ടറുടെ, വിദഗ്ധപരിശീലകരുടെ നിർദേശത്തോടെയാവാം വ്യായാമങ്ങൾ.
  • എല്ലാവരുടേയും ശരീരം ഒരുപോലെയല്ല. ഒന്നും ചെയ്യാതെയിരുന്ന് പെട്ടന്നൊരു ദിവസം കഠിനവ്യായാമത്തിലേക്ക് കടക്കുന്നത് അനാരോഗ്യം ഉണ്ടാക്കിയേക്കും. മാനസികമായുള്ള തയ്യാറെടുപ്പും ഇതിന് പ്രധാനമാണ്.
  • ഏതുതരം വ്യായാമമാണെങ്കിലും പതിയെ ചെയ്യാൻ തുടങ്ങാം. നടത്തം, ഓട്ടം, നീന്തൽ, വിവിധതരം കളികൾ, ജിമ്മിലെ വ്യായാമങ്ങൾ തുടങ്ങിയവയെല്ലാം ഘട്ടംഘട്ടമായി ചെയ്യാം. മാംസപേശികളെയും സന്ധികളെയും ചെറിയ വ്യായാമത്തിലൂടെ ശക്തിപ്പെടുത്തുകയാണ് ആദ്യം വേണ്ടത്.
  • ജിമ്മിലാണെങ്കിൽ ശരീരത്തെ ചെറിയ വ്യായാമങ്ങളിലൂടെ ഒരുക്കിയെടുത്ത ശേഷമേ സൈക്കിൾ, ട്രെഡ് മിൽ തുടങ്ങിയവയിലേക്ക് കടക്കാവൂ.
  • പ്രഷർ, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ തുടങ്ങിയവയെല്ലാം ഉണ്ടാകാം. സ്ത്രീകളിലാണെങ്കിൽ കൂടുതലായി ഫൈബ്രോയിഡ്, പി.സി.ഒ.ഡി., തൈറോയിഡ് പ്രശ്‌നം ഒക്കെയുണ്ട്. ഡോക്ടറോടോ ട്രെയിനറോടോ ഫിസിയോ തെറാപ്പിസ്റ്റിനോടോ സംസാരിച്ചശേഷം അനുയോജ്യമായ വ്യായാമത്തിലേക്ക് കടക്കാം.
  • നടുവേദന, മുട്ടുവേദന ഒക്കെ ഉള്ളവർ ഭാരമെടുക്കുന്നതുപോലുള്ള വ്യായാമങ്ങളിലേക്ക് കടക്കരുത്.

വാം അപ് നിർബന്ധം

  • വ്യായാമത്തിന് മുൻപ് വാം അപ് നിർബന്ധമാണ്. കൈകാലുകൾക്ക് സ്ട്രെച്ചിങ് നൽകണം. അഞ്ചുമിനിറ്റ് വാംഅപ് ചെയ്തശേഷം വ്യായാമത്തിലേക്ക് കടക്കാം.
  • വർക്ക്ഔട്ടിന് മുൻപ് പ്രീവർക്ക് ഔട്ട് മീൽസ് കഴിക്കാം.
  • മധുരമില്ലാത്ത പഴമോ ജ്യൂസോ മതിയാകും.
  • ആദ്യഘട്ടത്തിൽ ശരീരത്തെ വഴക്കമുള്ളതാക്കുന്ന വ്യായാമങ്ങളാണ് ചെയ്യേണ്ടത്. തുടർന്ന് ശരീരഭാരം കുറയ്ക്കുന്ന തീവ്രതയേറിയ വ്യായാമങ്ങൾ ചെയ്തുതുടങ്ങാം.
  • അമിതഭാരമുള്ളവർ ഒരു പേഴ്സണൽ ട്രെയിനറുടെ കീഴിൽ പരിശീലനം ചെയ്യുന്നതാണ് നല്ലത്. വർക്ക്ഔട്ട്‌, ഭക്ഷണം എന്നിവയെക്കുറിച്ച് കൃത്യമായ നിർദേശം ലഭിക്കാൻ അത് നല്ലതാണ്.
  • വ്യായാമത്തിനിടെ ക്ഷീണം തോന്നിയാൽ വിശ്രമിക്കുകയും ദാഹിക്കുമ്പോൾ ആവശ്യത്തിന് വെള്ളംകുടിക്കുകയും വേണം.

Content Highlights: Explains the benefits of cycle syncing for hormonal health., Provides a phased workout plan tailored to the menstrual cycle., Highlights nutrition strategies for different cycle phases