2021 ല്‍ 35 ശതമാനം മരണവും സംഭവിച്ചത് കോവിഡ് കാരണമെന്ന് റിപ്പോര്‍ട്ട്

#ടി.ജി. ബേബിക്കുട്ടി
പ്രതീകാത്മക ചിത്രം | ഫോട്ടോ: രതീഷ് പി.പി.
പ്രതീകാത്മക ചിത്രം | ഫോട്ടോ: രതീഷ് പി.പി.

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടമായ 2021-ല്‍ കേരളത്തിലെ പ്രധാന മരണകാരണമായി കോവിഡ് മാറി. ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച മരണങ്ങളില്‍ 35.52 ശതമാനം പേരുടെയും മരണം കോവിഡും അതുമായി ബന്ധപ്പെട്ട അസുഖങ്ങളും കാരണമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര വകുപ്പിന്റെ റിപ്പോര്‍ട്ടിലാണ് ഈ കണക്ക്.

2020-ല്‍ 7.62 ശതമാനമായിരുന്നു കോവിഡ് മരണങ്ങള്‍. രണ്ടാംഘട്ടത്തില്‍ മരണനിരക്ക് കാര്യമായി നിയന്ത്രിക്കാനായില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഹൃദയം, തലച്ചോര്‍ തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന അസുഖങ്ങളും ഉയര്‍ന്ന രക്തസമ്മര്‍ദവും ആയിരുന്നു (രക്ത പര്യയനവ്യവസ്ഥയെ ബാധിക്കുന്നവ) പ്രധാന മരണകാരണങ്ങള്‍.

2021-ല്‍ 3.39 ലക്ഷം പേരാണ് കേരളത്തില്‍ വിവിധ കാരണങ്ങളാല്‍ മരിച്ചതായി രജിസ്റ്റര്‍ചെയ്യപ്പെട്ടത്. അവയില്‍ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ 35,965 മരണങ്ങളാണ് സാമ്പത്തിക സ്ഥിതിവിവരവിഭാഗം പഠന വിധേയമാക്കിയത്.

2020-ല്‍ 28.58 ശതമാനം മരണങ്ങള്‍ ഹൃദയം, തലച്ചോര്‍ തുടങ്ങിയവയെ ബാധിക്കുന്ന അസുഖങ്ങള്‍മൂലമായിരുന്നു. ഇക്കൂട്ടത്തില്‍ 36.99 ശതമാനം ഹൃദ്രോഗത്താലും 28.61 ശതമാനം തലച്ചോര്‍ സംബന്ധമായ പ്രശ്‌നങ്ങളാലും 15.51 ശതമാനം ഉയര്‍ന്ന രക്തസമ്മര്‍ദംമൂലവും ജീവന്‍ നഷ്ടമായവരാണ്. കാന്‍സര്‍പോലുള്ള കോശവ്യതിയാനങ്ങള്‍ കാരണം മരിച്ചത് 9.64 ശതമാനം പേരാണ്.

മരണകാരണം 2021

  • കോവിഡ്-35.52 ശതമാനം
  • ഹൃദ്രോഗം, തലച്ചോര്‍സംബന്ധം, രക്തസമ്മര്‍ദം -20.69
  • പ്രമേഹം ഉള്‍പ്പെടെ ന്യൂട്രീഷണല്‍,മെറ്റാബോളിക്-11.57
  • കാന്‍സര്‍പോലുള്ള കോശവ്യതിയാനങ്ങള്‍-9.64
  • ശ്വാസകോശരോഗങ്ങള്‍-4.83
  • ദഹനവ്യവസ്ഥയെ ബാധിക്കുന്നവ-4.12

വിശകലനം വേണം

ഈ കണക്കുകള്‍ക്ക് ശാസ്ത്രീയ വിശകലനം വേണം. എങ്കിലേ നിഗമനങ്ങളില്‍ എത്താനാവൂ. കോവിഡനന്തരരോഗങ്ങള്‍ ഇവിടെ രൂക്ഷമായിരുന്നു. പ്രമേഹംപോലുള്ള രോഗങ്ങള്‍ മൂര്‍ച്ഛിക്കാന്‍ കോവിഡ് കാരണമായി.
 

Content Highlights: covid became major cause of death in 2021