ശ്വാസതടസ്സം, ചുമ, കഫക്കെട്ട്; സിഒപിഡി ലക്ഷണങ്ങൾ നിസ്സാരമാക്കരുത്, ശ്രദ്ധിച്ചില്ലെങ്കിൽ മരണത്തിനും കാരണമാകും

Representative Image| Photo: Canva.com
Representative Image| Photo: Canva.com

സിനിമാ തിയറ്ററുകളിലെ പരസ്യങ്ങളിലൂടെ ശ്രദ്ധയാകർഷിച്ച പരസ്യവാചകങ്ങളിലൊന്നാണ് 'ശ്വാസകോശം സ്‌പോഞ്ചു പോലെയാണ് ' എന്നത്. എന്നാൽ സിഒപിഡിയുടെ കാര്യത്തിൽ സ്‌പോഞ്ചിനു സംഭവിക്കുന്നതു പോലെ നേരത്തെയുള്ള അവസ്ഥയിലേക്ക് ഒരു തിരിച്ചുപോക്ക് പ്രായോഗികമല്ല.

സിഒപിഡി അഥവാ ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമണറി ഡിസീസ് എന്ന ശ്വാസകോശ രോഗമാണ് ലോകത്ത് മരണം വിതയ്ക്കുന്ന രോഗങ്ങളിൽ മൂന്നാം സ്ഥാനത്തുള്ളത്. താരതമ്യേന വികസ്വര രാജ്യങ്ങളിലും താഴ്ന്ന സാമ്പത്തികാവസ്ഥയുള്ള രാജ്യങ്ങളിലുമാണ് ഈ മരണങ്ങളിൽ 80 ശതമാനവും സംഭവിക്കുന്നത്.

പുകയിലയിൽ നിന്നുയരുന്ന പുക, വീട്ടിനും ഓഫിസിനും അകത്തുണ്ടാകുന്ന വായു മലിനീകരണങ്ങൾ, തൊഴിൽപരമായുണ്ടാകുന്ന പൊടിപടലങ്ങൾ, പുക, രാസവസ്തുക്കൾ തുടങ്ങിയവയെല്ലാം രോഗബാധയുണ്ടാക്കുന്ന ഘടകങ്ങളാണ്. ശ്വാസതടസ്സം, ചുമ, കഫക്കെട്ട് തുടങ്ങി വിട്ടു മാറാത്ത ശ്വാസകോശ പ്രശ്‌നങ്ങൾക്കും സിഒപിഡി കാരണമാകും.

ശ്വാസകോശത്തിൽ വായുപ്രവാഹം തടസ്സപ്പെടുകയും ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്ന രോഗാവസ്ഥയാണ് സിഒപിഡി. വായുസഞ്ചാര പാത ഇടുങ്ങിപ്പോകുന്ന സാഹചര്യത്തിലാണ് ഈ രോഗാവസ്ഥയുണ്ടാകുന്നത്. ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫിസിമ എന്നീ രണ്ടു വിധത്തിലുണ്ടെങ്കിലും ഇപ്പോൾ പൊതുവായി ഇവ സിഒപിഡി ഗണത്തിൽ പെടുത്തിയാണ് രോഗനിർണ്ണയം നടത്തുന്നത്.

കാരണങ്ങൾ

പുകവലിയാണ് സിഒപിഡി ക്ക് പ്രധാന കാരണം. ആസ്ത്മ രോഗമുള്ളവർക്കും പതിവായി പുക ശ്വസിക്കുന്നവർക്കും സിഒപിഡി സാധ്യത കൂടുതലാണ്. തൊഴിലിടങ്ങളിൽ ഉണ്ടാകുന്ന വാതകങ്ങളും പുകകളും ഈ രോഗസാധ്യത വർധിപ്പിക്കുന്നു. അകത്തും പുറത്തുമുള്ള മലിനീകരണങ്ങൾ, ആവശ്യത്തിന് ജനാല സംവിധാനങ്ങളില്ലാത്ത വീടുകളിൽ വിറകടുപ്പ് ഉപയോഗിക്കുന്നത് തുടങ്ങിയവയെല്ലാം സിഒപിഡി രോഗത്തിന്റെ പ്രധാന കാരണങ്ങളിൽ ഉൾപ്പെടും. അപൂർവ്വമായി പുകവലിക്കാത്തവർക്കും ഈ രോഗം ബാധിക്കാറുണ്ട്. അവരുടെ ശരീരത്തിൽ ആൽഫാ-1 ആന്റിട്രിപ്‌സിൻ പ്രോട്ടീന്റെ അഭാവമുള്ളതുകൊണ്ടാണ് ഇത്തരക്കാരിൽ രോഗാവസ്ഥ രൂപപ്പെടുന്നതെന്ന് പഠനങ്ങൾ പറയുന്നു.

ലക്ഷണങ്ങൾ

വിട്ടുമാറാത്ത ശ്വാസതടസ്സം, ചുമ, കഫക്കെട്ട്, നെഞ്ചിൽ ഇറുക്കം അനുഭവപ്പെടുക, തളർച്ച, ശരീരഭാരം നഷ്ടപ്പെടുക, ആശങ്ക, വിഷാദരോഗം തുടങ്ങിയവയെല്ലാം സിഒപിഡിയുടെ ലക്ഷണങ്ങളാണ്.

രോഗനിവാരണ മാർഗ്ഗങ്ങൾ

പുകവലി ഒഴിവാക്കുക, പുക ശ്വസിക്കാനിടയാക്കുന്നതും. കെട്ടിടങ്ങൾക്ക് അകത്തും പുറത്തുമുള്ള വായുമലിനീകരണം, ജൈവഇന്ധനങ്ങൾ, രാസവസ്തുക്കളിൽ നിന്നുള്ള പുക പൊടിപടലങ്ങൾ, തുടങ്ങിയവ ഒഴിവാക്കുക. ആസ്തമ മുൻകൂട്ടി തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ നൽകുക. വ്യാവസായിക, തൊഴിലിടങ്ങളിൽ നിന്നുള്ള പൊടി, രാസവാതകങ്ങൾ തുടങ്ങിയവയോട് ഇടപെടുന്നത് പരമാവധി കുറയ്ക്കുക, സിഒപിഡി ഉള്ളവർ പുറത്ത് പുക, വെടിക്കെട്ട്, പടക്കംപൊട്ടിക്കൽ തുടങ്ങിയവ ഉണ്ടെങ്കിൽ ആ സമയങ്ങളിൽ പരമാവധി വീടിനുള്ളിൽ തന്നെ കഴിയുന്നത് അസ്വസ്ഥതകൾ കൂടാതെ നോക്കാൻ ഉപകരിക്കും.

ഫലപ്രദമായ ചികിത്സയിലൂടെ സിഒപിഡി കൂടുതൽ അപകടത്തിലേക്ക് പോകാതെ കൈകാര്യം ചെയ്തു കൊണ്ടുപോകാൻ മരുന്നുകൾക്കു സാധിക്കും. കേടുസംഭവിച്ച ശ്വാസകോശത്തിന്റെ പ്രവർത്തനം ഭാഗികമായി തിരിച്ചെടുക്കാനും ചികിത്സകൾ കൊണ്ട് സാധിക്കും. ചികിത്സയും ജീവിതശൈലീ മാറ്റങ്ങളും ഇതിനായി നിർദ്ദേശിക്കാറുണ്ട്. സിഒപിഡി എന്ന് പൊതുവെ പറയാറുണ്ടെങ്കിലും അതിന്റെ അവസ്ഥകൾ ഓരോ രോഗിയ്ക്കും പലപ്പോഴും വ്യത്യസ്തമാണ്.

ചികിത്സയുടെ ആദ്യപടി പുകവലി വർജ്ജിക്കുന്നതു തന്നെയാണ്. രോഗാവസ്ഥയുള്ളവർക്ക് ഇൻഹേലറുകൾ- ബ്രോങ്കോഡൈലേറ്റർ ശ്വാസതടസ്സം നീക്കാൻ സഹായിക്കുന്നു. ദീർഘകാലത്തേക്ക് കഴിക്കേണ്ട മരുന്നുകളും നിർദ്ദേശിക്കാറുണ്ട്. ഇൻഹേലറുകൾ തന്നെ എല്ലാ ദിവസവും ഉപയോഗിക്കാവുന്നതും അത്യാവശ്യഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാവുന്നതുമുണ്ട്.

കോംബിനേഷൻ ഇൻഹേലറുകൾ, ശ്വാസകോശതടസ്സം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളിൽ നിന്ന് രക്ഷനേടാൻ ഓക്‌സിജൻ തെറാപ്പി, തുടങ്ങിയവയും ചികിത്സയായി നൽകാറുണ്ട്.

ചെറിയ വ്യായാമങ്ങളിലൂടെ ശ്വാസകോശത്തിന്റെയും അതുവഴി ശരീരത്തിന്റെയും പ്രവർത്തനത്തെ സ്വതന്ത്രമായി ചെയ്യാവുന്ന രൂപത്തിൽ കൊണ്ടു വരുന്ന ഏറ്റവും ലളിതമായ ചികിത്സാ രീതിയാണ് പൾമണറി റീഹാബിലിറ്റേഷൻ. ചികിത്സകളോടൊപ്പം ജീവിതരീതിയിൽ മാറ്റം കൂടി വരുത്തുന്ന വിധത്തിൽ ചികിത്സ ആസൂത്രണം ചെയ്താൽ രോഗം കൊണ്ടുള്ള പ്രയാസങ്ങൾ കുറച്ചുകൊണ്ടു വരാൻ സാധിക്കും.

സിഒപിഡി രോഗികളുടെ അവസാനത്തെ അത്താണിയായി, മറ്റു ചികിത്സകൾ കൊണ്ടൊന്നും ഫലമുണ്ടാകാതെ വരുമ്പോഴുള്ള മാർഗ്ഗമാണ് ശസ്ത്രക്രിയ. വായു അറകൾ നശിക്കുന്നതുകൊണ്ട് വലിയ വായു നിറഞ്ഞ ഇടങ്ങൾ- ബുള്ളെ- സൃഷ്ടിക്കപ്പെടുന്നു. ഇത് ശ്വാസകോശത്തിന്റെ പ്രവർത്തനത്തിന് തടസ്സമാകുന്നു. നശിക്കപ്പെട്ട വായു അറകൾ നീക്കം ചെയ്യാനായി നടത്തുന്ന ശസ്ത്രക്രിയയാണ് ബുള്ളെക്ടമി. നാശം സംഭവിച്ച ശ്വാസകോശ ഭാഗങ്ങൾ തന്നെ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് ലംഗ് വോള്യം റിഡക്ഷൻ സർജറി. കടുത്ത എംഫിസിമയുള്ളവർക്കായി എൻഡോബ്രോങ്ക്യൽ വാൽവ് സർജറി, ശ്വാസതടസ്സം ജീവിതം ദുസ്സഹമാക്കുന്ന ഘട്ടത്തിൽ നടത്തുന്ന ശ്വാസകോശം മാറ്റിവയ്ക്കൽ തുടങ്ങി നൂതന ചികിത്സാ സംവിധാനങ്ങളും ഇപ്പോൾ ലഭ്യമാണ്.

തലശ്ശേരി മിഷൻ ഹോസ്പിറ്റലിൽ സീനിയർ കൺസൽട്ടന്റ് പൾമണോളജിസ്റ്റ് ആണ് ലേഖകൻ

Content Highlights: Learn about COPD, a serious lung disease. Understand its causes, symptoms, and effective treatment options to improve your breathing and quality of life.